വിൽപ്പനയ്‌ക്ക് സെക്‌സ് റാക്കറ്റുകളും
ഹൈബ്രിഡ് കഞ്ചാവ് കടത്ത് ; അന്വേഷണം വിദേശ മലയാളികളിലേക്ക്

ആലപ്പുഴ : ആലപ്പുഴ ഓമനപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും സഹായിയും പിടിയിലായ സംഭവത്തിന് പിന്നിൽ മലയാളികൾ നേതൃത്വം നൽകുന്ന അന്താരാഷ്‌ട്ര ലഹരിക്കടത്ത് സംഘത്തിന് ബന്ധമെന്ന് സൂചന.
രാജ്യന്തര ബന്ധത്തിന് സൂചന ലഭിച്ചതോടെ രഹസ്യാന്വേഷണ വിഭാഗങ്ങളും പ്രാഥമിക വിവരം ശേഖരിക്കുന്നു. ആലപ്പുഴയിൽ പിടിയിലായ തമിഴ്നാട് തിരുവെല്ലൂർ കത്തിവാക്കം ഉലകനാഥപുരം എണ്ണൂർ ഫോർത്ത് സ്ട്രീറ്റിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി തസ്‌ലിമ സുൽത്താന (ക്രിസ്‌റ്റീന -– 41) വിദേശത്തുനിന്ന് ദക്ഷിണേന്ത്യയിലേക്ക് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ്. വിമാനമാർഗമെത്തുന്ന ലഹരി, മൊത്തവിതരണക്കാരിൽനിന്ന് ശേഖരിച്ച് കേരളമടക്കമുള്ള മൂന്ന് സംസ്ഥാനങ്ങളിലെ ആവശ്യക്കാരിലേക്ക് എത്തിക്കുന്ന ചുമതല തസ്‌ലിമ അടക്കമുള്ളവർക്കായിരുന്നു. ഹൈബ്രിഡ് കഞ്ചാവ് കൈമാറിയത് കോഴിക്കോട് സ്വദേശിയായ യുവാവെന്നാണ് തസ്‌ലിമയുടെ മൊഴി. ദുബായും ബംഗളൂരുവും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലയാളി യുവാവിന്റെ നിർദേശപ്രകാരമാണിതെന്നും മൊഴിയിൽ പറയുന്നു.
വിദേശരാജ്യങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന ഹൈബ്രിഡ് കഞ്ചാവിന്റെ രാജ്യത്തെ മൊത്തവിതരണം മലയാളികൾ പ്രധാനികളായ ലഹരിസംഘമാണെന്ന് വിവിധ അന്വേഷണ ഏജൻസികൾക്ക് നേരത്തെ സൂചന ലഭിച്ചിരുന്നു. നെടുമ്പാശേരി, ബംഗളൂരു വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന ഹൈബ്രിഡ് കഞ്ചാവ് കടത്തിന് പിന്നിൽ ഈ സംഘമാണെന്നാണ് നിഗമനം. കാർ വാടകയ്‌ക്കെടുത്ത എറണാകുളത്തെ സ്ഥാപനത്തിൽ തസ്‌ലിമ നൽകിയത് കർണാടക സ്വദേശിനിയുടെ തിരിച്ചറിയൽ രേഖകളാണ്. എറണാകുളത്തെ സ്ഥാപനത്തിൽ ഇവരെ പരിചയപ്പെടുത്തിയാളെ കുറിച്ചും അന്വേഷിക്കുന്നു. കേസിന്റെ അന്വേഷണം ആലപ്പുഴ അസിസ്‌റ്റന്റ് എക്‌സൈസ് കമീഷണർ എസ് അശോക്‌കുമാർ ഏറ്റെടുത്തു. പ്രത്യേക അന്വേഷകസംഘത്തെ നിയോഗിച്ചേക്കും.
വിൽപ്പനയ്‌ക്ക് സെക്‌സ് റാക്കറ്റുകളും
വില കൂടിയ ലഹരി മരുന്നുകൾ വിൽക്കാൻ സിനിമ കൂടാതെ തസ്‌ലിമ ഉപയോഗിച്ചിരുന്നത് വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സ്‌പാകളുടെയും ഹോംസ്‌റ്റേകളുടെയും മറവിൽ പ്രവർത്തിച്ചിരുന്ന സെക്‌സ് റാക്കറ്റുകളുടെ വിശാലബന്ധവും. സ്‌പായുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ആലപ്പുഴ ആര്യാട് സൗത്ത് സ്വദേശിയായ യുവതി കഞ്ചാവും എംഡിഎംഎയുമായി പിടിയിലായതോടെയാണ് തസ്‌ലിമയും കുടുങ്ങിയത്.
ഓമനപ്പുഴയിലെ റിസോർട്ടിൽനിന്ന് ബുധനാഴ്‌ച കൊല്ലം സ്വദേശിയായ യുവാവിനൊപ്പം പിടിയിലായ യുവതിയുടെ ഫോണിലേക്കുവന്ന സന്ദേശമാണ് തസ്‌ലിമയെ കുടുക്കിയത്. യുവതി ആരംഭിക്കാനിരിക്കുന്ന സ്‌പായിലേക്ക് പെൺകുട്ടികൾക്ക് വേണ്ടിയാണ് ആദ്യം തസ്‌ലിമയെ സമീപിച്ചത്. പിന്നീട് അത് സൗഹൃദമായി. ആലപ്പുഴയിൽ യുവതി തുടങ്ങിയ സ്‌പായിൽ മുമ്പും തസ്‌ലിമ എത്തിയിരുന്നു. സ്ഥാപനത്തിനെതിരെ പരാതി ഉയർന്നതോടെ പൊലീസ് ഇടപെടലിൽ പൂട്ടി.









0 comments