ഹൈബ്രിഡ് കഞ്ചാവ് കടത്ത്: രണ്ടാമനും പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി ഹൈബ്രിഡ് കഞ്ചാവ് കടത്തിയ രണ്ടാമനെയും പിടികൂടി. കൊല്ലം സ്വദേശി ആനന്ദ് ജയപ്രകാശ്(34) നെയാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കൊല്ലത്ത് നിന്നും അറസ്റ്റ് ചെയ്തത്.
1.86 കോടിരൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ കണ്ണൂർ സ്വദേശി ലിബിൻദാസിനെ എയർകസ്റ്റംസ് പിടികൂടിയിരുന്നു. ഇയാളിൽ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആനന്ദിനെ പിടികൂടിയത്. ലിബിന്റെ പക്കൽ നിന്നും പിടികൂടിയ കഞ്ചാവ് ഒളിപ്പിച്ചിരുന്ന ബാഗ് ആനന്ദിന്റെതാണെന്നും കണ്ടെത്തി. സിങ്കപ്പൂരിൽ നിന്നും വ്യാഴാഴ്ച രാത്രി സ്‌ക്കൂട്ട് എയർലൈൻസിലാണ് ഇവർ എത്തിയത്. എമിഗ്രേഷൻ പരിശോധനകൾ കഴിഞ്ഞ് ലഗേജുകൾ എടുക്കാൻ കാത്ത് നിൽക്കുന്നതിനിടെ എയർകസ്റ്റംസ് നിരീക്ഷിക്കുന്നുവെന്ന് സംശയം തോന്നിയതിനാൽ ആനന്ദ് ജയപ്രകാശ് പുറത്തുകടന്നു.തന്റെ ലഗേജുകൾ കൂടി ശേഖരിക്കാൻ ലിബിനോട് ആവശ്യപ്പെട്ടശേഷമാണ് പുറത്തേക്ക് ഇറങ്ങിയത്.
ലിബിൻ ലഗേജുകൾ എടുത്ത് പുറത്തേക്ക് നീങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് കസ്റ്റംസ് തടഞ്ഞ് നിർത്തി പരിശോധിച്ചത്. ബാഗിനുള്ളിൽ നിന്നും ഹൈബ്രിഡ് കഞ്ചാവ് കണ്ടത്തി. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് ബാഗ് ആനന്ദിന്റെതാണന്ന് വ്യക്തമായത്. ഉടൻ തന്നെ വിമാനത്താവളത്തിന് പുറത്ത് കസ്റ്റംസ് പിരിശോധന നടത്തിയെങ്കിലും ഇയാൾ രക്ഷപെട്ടിരുന്നു.രണ്ടുപേരുടെയും അറിവോട് കൂടിയാണ് കഞ്ചാവ് കടത്തിയതെന്ന് എയർ കസ്റ്റംസ് കണ്ടത്തി. രണ്ട് പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.










0 comments