വീട്ടിലെ പ്രസവത്തിന് പിന്നാലെ യുവതിയുടെ മരണം: ഭർത്താവ് അറസ്റ്റിൽ

മുഹ്സിന
തൃശൂർ: ഏഴാമത്തെ കുഞ്ഞിനെ വീട്ടിൽ പ്രസവിച്ച മുപ്പത്തേഴുകാരി മരിച്ച സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. തൃശൂർ എടക്കഴിയൂർ കല്ലുവളപ്പിൽ വീട്ടിൽ ഇബ്രാഹിമിനെയാണ് ചാവക്കാട് പൊലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇബ്രാഹിമിന്റെ ഭാര്യ മുഹ്സിന (37) മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് മരിച്ചത്. മുഹ്സിനയപടെ ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.
ഏഴാമത്തെ പ്രസവശേഷം മുഹസീനയുടെ ആരോഗ്യനില വഷളായെങ്കിലും മതിയായ ചികിത്സ നൽകിയിരുന്നില്ല. തുടർന്ന് ബന്ധുക്കൾ ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ചായിരുന്നു മരണം.
ജനുവരി ആറിനാണ് മുഹ്സീന വീട്ടിൽ വച്ച് ഏഴാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. ജനുവരി 10ന് കുഞ്ഞ് മരിച്ചു. ഗർഭകാലത്തോ പ്രസവസമയത്തോ അമ്മയ്ക്കും കുഞ്ഞിനും കുത്തിവയ്‌പ്പുകളോ വൈദ്യസഹായമോ ലഭ്യമാക്കിയിരുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. ചാവക്കാട് നഗരത്തിലെ വ്യാജ അക്യുപങ്ചർ ചികിത്സ നടത്തുന്ന സ്ത്രീയാണ് പ്രസവസമയത്ത് ചികിത്സിച്ചതെന്ന് പറയുന്നു. മുഹ്സിനയുടെ ഭർത്താവും അക്യുപങ്ചർ ചികിത്സ നടത്തുന്നതായാണ് വിവരം.
സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. റൂറൽ എസ്‌പിയും ജില്ലാ മെഡിക്കൽ ഓഫീസറും അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് നല്‍കണമെന്ന് കമീഷൻ അംഗം വി ഗീത ആവശ്യപ്പെട്ടു.









0 comments