ഇന്ത്യയിലെ വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് സംഗമം
print edition ഹഡില്‍ ഗ്ലോബല്‍ സംരംഭക സംഗമത്തിന് തുടക്കം

തിരുവനന്തപുരം
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് സംഗമമായ ‘ഹഡില്‍ ഗ്ലോബൽ’ ഏഴാം പതിപ്പിന് കോവളത്ത് തുടക്കം. രാജ്യത്തിന്റെ സംരംഭക ആവാസവ്യവസ്ഥയുടെ വളര്‍ച്ചയില്‍ കേരളത്തിന്റെ നേതൃപരമായ പങ്ക് തുറന്നുകാട്ടുന്ന സംഗമത്തിന്റെ ഉദ്‌ഘാടന സെഷനിൽ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സംസാരിച്ചു. വിജ്ഞാന സമ്പദ് വ്യവസ്ഥയുടെ പുരോഗതി മുന്നില്‍ക്കണ്ടുള്ള കേരളത്തിന്റെ ‘വിഷന്‍ 2031’ പ്രവര്‍ത്തനം മന്ത്രി അവതരിപ്പിച്ചു. ഉദ്‌ഘാടനത്തിനു ശേഷം വിവിധ സെഷനുകളും നടന്നു.
കോവളം ലീല റാവിസ് ഹോട്ടലിൽ മൂന്നു ദിവസമായി നടക്കുന്ന സംഗമം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മൂലധനവും നൂതന ബിസിനസ് മാതൃകകളും കണ്ടെത്തുന്നതിന് സഹായകമാകും. ആഗോളതലത്തില്‍ ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള അവസരം സെഷനിലും ചര്‍ച്ചയിലും ഉയര്‍ത്തിക്കാട്ടും. സ്റ്റാര്‍ട്ടപ്പ് ഫണ്ടിങ്, ബിസിനസ്സ്, സാങ്കേതികവിദ്യ എന്നിവയിലാണ് സംഗമം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ ഭാവി നിര്‍വചിക്കുന്ന ആശയങ്ങളുടെ സംഗമത്തിനും പരിപാടി വേദിയാകും.
ലോകമെമ്പാടുമുള്ള നൂറ്റമ്പതിലധികം നിക്ഷേപകരെത്തുന്ന സംഗമത്തില്‍ ഇന്ത്യയിലും വിദേശത്തുമുള്ള മൂവായിരത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍, 100 ഏയ്ഞ്ചല്‍ നിക്ഷേപകര്‍, നൂറിലധികം മെന്റര്‍മാര്‍, ഇരുന്നൂറിലധികം എച്ച്എന്‍ഐകള്‍, നൂറിലധികം കോര്‍പറേറ്റുകള്‍, നൂറ്റമ്പതിലധികം പ്രഭാഷകര്‍, നൂറിലധികം എക്സിബിറ്റേഴ്സ് തുടങ്ങിയവര്‍ പങ്കെടുക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നൂതനാശയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും മൂലധനം സമാഹരിക്കുന്നതിനും പ്രഗത്ഭരായ വ്യവസായ സംരംഭകരുടെ മെന്റര്‍ഷിപ്പ് സ്വീകരിക്കുന്നതിനും ഹഡില്‍ ഗ്ലോബല്‍ വേദിയാകും. ഞായറാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും.









0 comments