ad
Deshabhimani

print edition കേരളത്തിൽ ഞങ്ങൾ "ഹാപ്പി'

Odisha Migrant Workers in Kerala

ടിബി റോഡിലെ ബാർ ഹോട്ടലിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾ കിച്ചണിലെ ഷെഫിനൊപ്പം

avatar
വി കെ രഘുപ്രസാദ്‌

Published on May 01, 2026, 12:55 AM | 1 min read

പാലക്കാട്‌: ഒഡിഷ റായിഗഡ്‌ മന്നിഗുഡയിലെ രാഗേഷിന്‌ 26 വയസ്സുണ്ട്‌. പണിയെടുത്ത്‌ കുടുംബം പോറ്റാൻ പ്രാപ്തിയായപ്പോൾ നാടുവിട്ടതാണ്‌. ആറ്‌ കൊല്ലമായി കേരളത്തിലെ വിവിധ ജില്ലകളിൽ പലതരം ജോലി ചെയ്‌ത്‌ ജീവിക്കുന്നു. അതുകൊണ്ടുതന്നെ മലയാളം നന്നായി സംസാരിക്കും. അക്ഷരാർഥത്തിൽ തൊഴിലാളി. തൃശൂരിലെ തുണിക്കടയിലായിരുന്നു മുമ്പ്‌. ഇപ്പോൾ പാലക്കാട്‌ ജില്ലാ ആസ്ഥാനത്തെ പ്രമുഖ ബാർ ഹോട്ടലിൽ.


പകലന്തിയോളം അധ്വാനിച്ചാലും തുച്ഛമായ കൂലിയാണ്‌ ഒഡിഷയിൽ കിട്ടിയിരുന്നത്‌. അപ്പോഴാണ്‌ സുഹൃത്തുക്കൾ കേരളത്തെക്കുറിച്ച്‌ പറയുന്നത്‌. മികച്ച കൂലി കിട്ടുന്ന കേരളം അങ്ങനെ സ്വപ്‌നമായി. സുഹൃത്തുക്കൾക്കൊപ്പം തിരിച്ചു. "നാട്ടിലേതിനേക്കാൾ മികച്ച കൂലിയാണ്‌ ഇവിടെ. വലുപ്പചെറുപ്പമില്ല. ഹാപ്പിയാണ്‌.' അച്ഛനും അമ്മയും അനുജനും അനുജത്തിയും അടങ്ങുന്നതാണ്‌ രാഗേഷിന്റെ കുടുംബം. അച്ഛനും അമ്മയ്‌ക്കും ജോലിയില്ല. സഹോദരങ്ങൾ വിദ്യാർഥികളുമാണ്‌. കുടുംബത്തിന്റെ ഏക ആശ്രയമാണ്‌ രാഗേഷ്‌.


ഒഡിഷയിൽനിന്ന്‌ മാത്രമല്ല പശ്‌ചിമ ബംഗാൾ, അസം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുൾപ്പെടെ 12 അതിഥിത്തൊഴിലാളികളാണ്‌ ഇവിടെ ജോലി ചെയ്യുന്നത്‌. സ്‌ത്രീ തൊഴിലാളികൾക്ക്‌ 18,000 പുരുഷൻമാർക്ക്‌ 15,000 എന്നിങ്ങനെയാണ്‌ മാസശമ്പളം. മൂന്നുനേരത്തെ ഭക്ഷണവും താമസവും സ‍ൗജന്യം. എട്ടുമണിക്കൂർ വീതമാണ്‌ ജോലി. ശുചീകരണത്തൊഴിലാളിക്ക്‌ കുറഞ്ഞത്‌ 500 രൂപയാണ്‌ ദിവസ വേതനം.


ഇതര സംസ്ഥാനങ്ങളിൽ പലപ്പോഴും തൊഴിലാളികളെ പരിഗണിക്കാതിരിക്കുമ്പോൾ നല്ല കൂലി‍യോടൊപ്പം നല്ല പെരുമാറ്റവുമാണ്‌ കേരളത്തെ തൊഴിലാളികൾക്ക്‌ പ്രിയപ്പെട്ടതാക്കുന്നത്‌. മേഘാലയിൽനിന്നുള്ള ഡഫീക്ക ഷെഡപ്പ്‌, സുകിനി എന്നീ സ്‌ത്രീ തൊഴിലാളികളും ഇവിടെയുണ്ട്‌. മുംബൈ , പുണെ, ഗുജറാത്ത്‌ എന്നിവിടങ്ങളിൽ ഹോട്ടലുകളിലും ആശുപത്രികളിലും ജോലി ചെയ്‌തശേഷമാണ്‌ ഡഫീക്ക പാലക്കാട്‌ എത്തുന്നത്‌. ബംഗളൂരുവിൽനിന്നാണ്‌ ഡഫീക്കയുടെ ബന്ധുവായ സുകിനി എത്തിയത്‌. കേരളവും അവരുടെ നാടും തമ്മിലുള്ള വ്യത്യാസം ചോദിച്ചാൽ അവർ പറയും. ‘ഗുഡ്‌’.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home