അയൽവീട്ടിൽ സിസിടിവി കാമറ സ്ഥാപിക്കുന്നത് തടയാനെത്തി; സംഘർഷത്തിനിടെ വീട്ടമ്മ മരിച്ചു

പ്രതീകാത്മകചിത്രം
കോട്ടയം : മണർകാട് കുഴിപ്പുരയിടത്ത് സിസിടിവി കാമറ സ്ഥാപിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ വീട്ടമ്മ മരിച്ചു. കുന്നുംപുറത്ത് മാളിയേക്കൽ വീട്ടിൽ ശാന്തകുമാരിയാണ് (65) മരിച്ചത്. ചൊവ്വ വൈകിട്ട് നാലോടെയാണ് സംഭവം. അയൽവാസിയായ കുഴിപ്പുരയിടം തളത്തിപ്പറമ്പിൽ കുഞ്ഞുമോളുടെ വീട്ടിൽ സിസിടിവി കാമറ സ്ഥാപിക്കുന്നത് ശാന്തകുമാരിയും കുടുംബവും ചോദ്യംചെയ്തിരുന്നു. ഇതാണ് പിന്നീട് സംഘർഷത്തിൽ കലാശിച്ചത്.
തങ്ങളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിയുമെന്ന കാരണം ഉന്നയിച്ചായിരുന്നു തർക്കം. ശാന്തകുമാരിയും മകൾ അനശ്വരയും കൊച്ചുമക്കളും സ്ഥലത്തെത്തി കുഞ്ഞുമോളും മകളുടെ ഭർത്താവ് എബിയുമായി തർക്കത്തിലായി. തുടർന്നുണ്ടായ സംഘർഷമാണ് മരണത്തിൽ കലാശിച്ചത്. സംഘർഷത്തിനിടെ പരിക്കേറ്റ ശാന്തകുമാരിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞുമോളുടെ മകളുടെ ഭർത്താവ് വെള്ളൂർ സ്വദേശി എബി ജോർജിനെ മണർകാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുകുടുംബങ്ങളും തമ്മിൽ വഴിയടക്കമുള്ള കാര്യങ്ങളുടെ പേരിൽ മുമ്പും തർക്കം നിലനിന്നിരുന്നതായി അയൽക്കാർ പറയുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. വിശദമായ പരിശോധനകൾക്കു ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.











0 comments