print edition വായ്‌ത്താരി’ക്കപ്പുറം തുഴയെറിഞ്ഞ്... ചേർത്തുനിർത്തലിൻ ഉയിർതാളം


അശ്വതി ജയശ്രീ
Published on Jan 18, 2026, 06:35 AM | 1 min read
തൃശൂർ
: ഉയിർപ്പും ഉയിർത്തിളക്കവുമേകിയ സർക്കാരിന് കേരള സ്കൂൾ കലോത്സവനഗരിയിൽ കടപ്പാടിന്റെ നൂറുപൂക്കൾ. ‘ഞാൻ കണ്ടല്ലോ ഞങ്ങടെ വീട്. നല്ല അടിപൊളി വീടാ പണിയുന്നത്. അവിടെ നല്ല വേഗത്തിലാ പണിയൊക്കെ നടക്കുന്നെ. പെട്ടെന്ന് മാറിത്താമസിക്കും'–ചൂരൽമലയിൽ ഉരുളെടുത്ത വീടിനുപകരം സംസ്ഥാന സർക്കാർ വയനാട് ടൗൺഷിപ്പിൽ നൽകുന്ന വീടിനെപ്പറ്റി പറയുകയാണ് വെള്ളാർമല ജിവിഎച്ച്എസ്എസിലെ എ ആർ മൃദുല. എച്ച്എസ് വിഭാഗം വഞ്ചിപ്പാട്ടിൽ ടീമിന് എ ഗ്രേഡ് തിളക്കവും. മേപ്പാടിയിൽ സർക്കാർ ക്വാർട്ടേഴ്സിലാണ് അച്ഛൻ ഗിഗീഷ്, അമ്മ സുജിത, ചേട്ടൻ സൂരജ്, അമ്മൂമ്മ സുജാത എന്നിവരങ്ങുന്ന കുടുംബം താമസിക്കുന്നത്.
‘‘ആ രാത്രി മുത്തശ്ശിയുടെ കൈപിടിച്ച് രക്ഷപ്പെട്ട ഓർമയേയുള്ളൂ. ഇരുട്ടിൽ കാപ്പിക്കാടിന് നടുവിൽ കാട്ടാനക്കൂട്ടം. അവ ഉപദ്രവിക്കാതെ കടന്നുപോയി’’– മൃദുല പറഞ്ഞു. അവളുൾപ്പെടെ വേദിയിലേറിയ പത്തുപേരും ചൂരൽമലയുടെ അടുത്തുള്ളവർ. അർച്ചന, ഹനൗഫ്, നിവേദിത , വീണ, അഞ്ജന, ഷഹന, നിഹാല, മൃദുനന്ദ, ഹൃദ്യ എന്നിവരാണ് ടീം അംഗങ്ങൾ. തകർന്ന വെള്ളാർമല സ്‌കൂൾ ഇപ്പോൾ മേപ്പാടിയിലാണ് പ്രവർത്തിക്കുന്നത്. പ്രധാന അധ്യാപകന്റെ ചുമതലയുള്ള ഉണ്ണിമാഷാണ് പരിശീലകൻ.
പുതിയ സ്കൂൾ: സ്ഥലമെടുപ്പ് നടപടി അന്തിമഘട്ടത്തിൽ
ഉരുളെടുത്ത വെള്ളാർമല ജിവിഎച്ച്എസ്എസിന് പുതിയ കെട്ടിടം നിർമിക്കാൻ സ്ഥലമെടുപ്പ് അന്തിമ ഘട്ടത്തിലെന്ന് മന്ത്രി കെ രാജൻ. തകർന്ന കെട്ടിടത്തിന് സമീപ പ്രദേശത്താണ് പുതിയ സ്ഥലം. ഈ സാമ്പത്തികവർഷം അവസാനിക്കുംമുമ്പ് കെട്ടിട നിർമാണം ആരംഭിക്കുകയാണ് ലക്ഷ്യം–അദ്ദേഹം പറഞ്ഞു. വഞ്ചിപ്പാട്ട് ടീമിനെ അഭിനന്ദിക്കാനെത്തിയതായിരുന്നു മന്ത്രി.










0 comments