ഗ്രോത്രജനതയെ ചേർത്ത് പിടിച്ച് സർക്കാർ: പരൂർകുന്നിൽ വീടുകളുടെ താക്കോൽ മുഖ്യമന്ത്രി കൈമാറി

കൽപ്പറ്റ: ഗോത്രജനതയ്‌ക്ക് മണ്ണും വീടും നൽകി ചേർത്ത് പിടിച്ച് സംസ്ഥാന സർക്കാർ. 123 പട്ടികവർഗ കുടുംബങ്ങൾക്ക് പരൂർകുന്ന് പുനരധിവാസ മേഖലയിൽ നിർമിച്ച വീടിന്റെ താക്കോൽ മുഖ്യമന്ത്രി പിണറായി വിജയൻ ചെവ്വാഴ്ച കൈമാറി. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കുന്ന ജില്ലാതല യോഗത്തിലാണ് താക്കോൽ കൈമാറിയത്.
മേപ്പാടി പഞ്ചായത്തിലെ മൂന്നാം വാർഡിലെ 36 ഏക്കറിലാണ് പദ്ധതി യാഥാർത്ഥ്യമാകുന്നത്. 480 സ്‌ക്വയർ ഫീറ്റിൽ രണ്ടു കിടപ്പുമുറികൾ, വരാന്ത, ഹാൾ, അടുക്കള, ശുചിമുറി, വർക്ക് ഏരിയ എന്നിവയുൾപ്പെടെ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തിയാണ് വീടുകൾ നിർമ്മിച്ചിരിക്കുന്നത്. ആറു കോടി 60 ലക്ഷം രൂപയാണ് നിർമ്മാണ ചിലവ്. ഭവനത്തിനു പുറമേ 10 സെൻ്റ് ഭൂമിയും നൽകിയിട്ടുണ്ട്.
ആകെ 235 കുടുംബത്തിനാണ് വീട് നിർമിക്കുന്നത്. 109 വീടുകൾ മണ്ണുസംരക്ഷണ വകുപ്പാണ് നിർമിച്ചു നൽകിയത്. 42 വീടുകളുടെ നിർമാണം ഉടൻ പൂർത്തിയാക്കും. വീടിനുപുറത്ത് 37 ചതുരശ്ര അടിയിൽ ഷീറ്റിട്ട വർക്ക് ഏരിയയുമുണ്ട്. നേരത്തെ നിർമാണം പൂർത്തിയാക്കിയ വീടുകളിൽ 1.42 കോടി രൂപ വിനിയോഗിച്ച് വൈദ്യുതിയും വെള്ളവും എത്തിച്ചു. മേപ്പാടി, മുട്ടിൽ, മൂപ്പൈനാട് പഞ്ചായത്തുകളിലെ ഭൂരഹിതരായ കുടുംബങ്ങൾക്കാണ് വീട് നിർമിച്ചത്.
41.50 ലക്ഷം രൂപ വിനിയോഗിച്ചാണ് വൈദ്യുതി എത്തിച്ചത്. 1.04 കോടി ചെലവഴിച്ച് ജല അതോറിറ്റി മുഖേന കുടിവെള്ളമെത്തിച്ചു. 10 ലക്ഷം രൂപ ചെലവിൽ എല്ലാ കുടുംബങ്ങൾക്കും 500 ലിറ്ററിന്റെ വാട്ടർ ടാങ്കും നൽകും. വായനശാല, സാമൂഹിക പഠനമുറി എന്നിവ നിർമിക്കാനും നടപടി തുടങ്ങി. പുനരധിവാസ മേഖലയിൽ റോഡ് നിർമാണം ഉടൻ ആരംഭിക്കും. ഒരുകിലോ മീറ്ററിൽ പ്രധാന റോഡും 5 കിലോ മീറ്ററോളം ഉപറോഡും നിർമിക്കും.മൂന്നാംഘട്ടമായി പുനരധിവാസ മേഖലയ്‌ക്കുള്ളിൽ റേഷൻ കട, മാവേലി സ്റ്റാേർ, അംഗൻവാടി, സ്ഥിരം ദുരിതാശ്വാസ ക്യാമ്പ്, കളിസ്ഥലം എന്നിവ നിർമിക്കും.










0 comments