തിരുവല്ലയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട് തകർന്നു

പത്തനംതിട്ട: തിരുവല്ലയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട് തകർന്നു. നിരണത്ത് ജോസ് എന്നയാളുടെ വീട്ടിലെ ഫ്രിഡ്ജാണ് അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചത്. ഈ സമയം ജോസിന്റെ മകൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാതാപിതാക്കൾ കഴിഞ്ഞദിവസം മറ്റൊരു വീട്ടിലേയ്ക്ക് പോയിരുന്നു. ഇതിനാൽ വലിയൊരു ദുരന്തം ഒഴിവായി. അപകടത്തിൽ നിലവിൽ ആർക്കും പരിക്കില്ല. അടുക്കളയോട് ചേർന്നുള്ള മുറിയിലായിരുന്നു ഫ്രിഡ്ജ് വെച്ചിരുന്നത്. ഉഗ്രസ്ഫോടനമാണ് നടന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.
ശബ്ദം കേട്ടാണ് പരിസരവാസികൾ ഓടിയെത്തിയത്. തുടർന്ന് പരിസരവാസികളും മകനും ചേർന്ന് അടുക്കളയിലേയ്ക്ക് തീപടരാതിരിക്കാൻ ശ്രദ്ധിച്ചു. ഗ്യാസ് ഉൾപ്പടെയുള്ള അടുക്കളയിലേയ്ക്ക് തീപടർന്നിരുന്നുവെങ്കിൽ വലിയൊരു ദുരന്തം സംഭവിക്കുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. തിരുവല്ലയിൽ നിന്നുമെത്തിയ ഫയർഫോഴ്സ് സംഘമാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകടത്തിൽ വീട്ടിലെ രണ്ടുമുറികൾ പൂർണമായും കത്തിനശിച്ച നിലയിലാണ്. വീടിന്റെ മേൽക്കൂരയും മറ്റ് ഉപകരണങ്ങളും കത്തിനശിച്ചു. വീടിന്റെ ഭിത്തിയിലും വിള്ളൽ വീണു. അടുക്കള ഭാഗം പൂർണമായും തകർന്നതിനാൽ വാസയോഗ്യമല്ലാതായി.









0 comments