ad
Deshabhimani

ബുക്ക് ചെയ്ത ഹോട്ടൽ മുറി നിഷേധിച്ചു; ഐആർസിടിസിക്കും ട്രാവൽ ആപ്പിനും 50,000 രൂപ പിഴ

irctc
വെബ് ഡെസ്ക്

Published on May 17, 2026, 08:45 AM | 1 min read

പെരിന്തൽമണ്ണ : കുംഭമേളയിൽ പങ്കെടുക്കാൻ പ്രയാഗ്‌രാജിൽ ബുക്ക് ചെയ്ത ഹോട്ടൽ മുറി നിഷേധിച്ച സംഭവത്തിൽ ഐആർസിടിസിക്കും ഓൺലൈൻ ബുക്കിങ്‌ പോർട്ടലായ മേക്ക് മൈ ട്രിപ്പിനുമെതിരെ മലപ്പുറം ജില്ലാ ഉപഭോക്തൃ കമീഷന്റെ നടപടി. സേവനത്തിൽ വീഴ്ചവരുത്തിയതിന് പരാതിക്കാർക്ക് 50,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവും നൽകാൻ കമീഷൻ ഉത്തരവിട്ടു. കൂടാതെ, ഹോട്ടലിൽനിന്നും പരാതിക്കാരിൽനിന്നും അധികമായി ഈടാക്കിയ 7827 രൂപ തിരികെ നൽകാനും കോടതി വിധിച്ചു.


അങ്ങാടിപ്പുറം സ്വദേശി കെ ബി പരമേശ്വരൻ, സഹോദരൻ ബാലാജി ശങ്കർ, സുഹൃത്ത് മണികണ്ഠൻ എന്നിവരുടെ പരാതിയിലാണ് ഉത്തരവ്. കഴിഞ്ഞ കുംഭമേളയോടനുബന്ധിച്ച് പ്രയാഗ്‌രാജിലെ ‘അതിഥി സ്റ്റേ ലോഡ്ജ്' എന്ന ഹോട്ടലിൽ മൂന്ന് ദിവസത്തേക്ക് താമസിക്കാനാണ് ഇവർ ഐആർസിടിസി വഴി മേക്ക് മൈ ട്രിപ്പ് മുഖേന മുറി ബുക്ക് ചെയ്തത്. 2024 ഒക്ടോബറിൽത്തന്നെ 4173 രൂപ അടച്ച് ബുക്കിങ്‌ ഉറപ്പിച്ചു. എന്നാൽ, 2025 ഫെബ്രുവരി മൂന്നിന് രാത്രി ഹോട്ടലിൽ എത്തിയ പരാതിക്കാർക്ക് മുറി നൽകാൻ അധികൃതർ തയ്യാറായില്ല. ഐആർസിടിസിയുമായോ മേക്ക് മൈ ട്രിപ്പുമായോ തങ്ങൾക്ക് ബന്ധമില്ലെന്നായിരുന്നു വിശദീകരണം. മറ്റ് താമസസൗകര്യങ്ങൾ കണ്ടെത്താനാകാതെ വലഞ്ഞ പരാതിക്കാർക്ക്‌ ഒടുവിൽ പ്രതിദിനം 4000 രൂപ നിരക്കിൽ അധിക തുക നൽകി ഇതേ ഹോട്ടലിൽത്തന്നെ താമസിക്കേണ്ടി വന്നു. ഇ‍ൗ തുകയും നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടും ട്രാവൽ ഏജൻസികൾ നൽകാൻ തയ്യാറാകാത്തതിനെ തുടർന്നാണ് ഇവർ ഉപഭോക്തൃ കമീഷനെ സമീപിച്ചത്.


​തങ്ങൾ കേവലം ഇടനിലക്കാർ മാത്രമാണെന്നും വീഴ്ചവരുത്തിയത് ഹോട്ടലാണെന്നുമുള്ള എതിർകക്ഷികളുടെ വാദം കമീഷൻ തള്ളി. നിശ്ചിത സമയത്തിനകം തുക നൽകിയില്ലെങ്കിൽ ഒമ്പത് ശതമാനം വാർഷിക പലിശയും നൽകേണ്ടി വരും. കെ മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമീഷന്റേതാണ് വിധി.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home