ad
Deshabhimani

കോഴിക്കോട് മെഡി. കോളേജിൽ പ്രത്യേക ചികിത്സാ സംവിധാനം

print edition ഹൃദയ തകരാറുള്ളവർക്ക്‌ പ്രതീക്ഷയായി ‘ഹോപ്പ്’

hope unit clt medical college

ഹോപ്പ്‌ തീവ്രപരിചരണ വിഭാഗം

avatar
കെ സുരേഷ്‌കുമാർ

Published on Mar 24, 2026, 12:00 AM | 1 min read

കോഴിക്കോട് : ഗുരുതരാവസ്ഥയിൽ അത്യാഹിത വിഭാഗത്തിൽ എത്തുന്ന ഹാർട്ട് ഫെയിലിയർ (ഹൃദയ പരാജയം) രോഗികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേക ചികിത്സാ സംവിധാനം ആരംഭിച്ചു. കാർഡിയോളജി വിഭാഗത്തിൽ ആധുനിക ചികിത്സാ സംവിധാനങ്ങളോടെ മൂന്നുകോടി രൂപ ചെലവിലാണ്‌ പുതിയ വിഭാഗമായ ‘ഹോപ്പ്’ ആരംഭിച്ചത്‌. 15 കിടക്കകൾ, സെൻട്രൽ മോണിറ്ററിങ് സ്റ്റേഷൻ, മോണിറ്ററുകൾ, വെന്റിലേറ്ററുകൾ, ഇസിജി, സെൻട്രൽ ഓക്സിജൻ സെക്ഷൻ, ഡിഫിബ്രില്ലേറ്ററുകൾ എന്നീ അത്യാധുനിക ഉപകരണങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്‌.


കേരളത്തിൽ സർക്കാർ, സ്വകാര്യ മേഖലയിൽ ഇ‍ൗ സംവിധാനം ആദ്യമായാണ്‌ നടപ്പാക്കുന്നത്‌. ഹൃദയത്തിന്‌ തകരാറ്‌ സംഭവിച്ച്‌ അതീവ ഗുരുതരാവസ്ഥയിൽ അത്യാഹിത വിഭാഗത്തിൽ എത്തുന്നവരെയാണ് ഈ വിഭാഗത്തിൽ പ്രവേശിപ്പിക്കുക. ഒപിയിൽ പോകാതെ തുടർചികിത്സയും ഇവിടെ ലഭ്യമാക്കും. ഹൃദയം മാറ്റിവയ്ക്കേണ്ടവരെ രജിസ്റ്റർ ചെയ്യും.


ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ തുടങ്ങുന്നതിന്‌ മുന്നോടിയായാണ് മെഡിക്കൽ കോളേജിൽ ‘ഹോപ്പ്’ ആരംഭിച്ചത്. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതിനെ തുടർന്നുണ്ടാകുന്ന ‘ഹൃദയാഘാത’ത്തിൽനിന്ന്‌ വ്യത്യസ്തമാണ്‌ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ രക്തം പന്പ്‌ ചെയ്യാൻ ഹൃദയത്തിന്‌ കഴിയാതെ വരുന്ന അവസ്ഥയായ ‘ഹൃദയ പരാജയം’. ഇത്‌ പ്രത്യേകം പരിഗണിച്ച്‌ ചികിത്സ നൽകുന്നതിനായാണ്‌ ഹോപ്പ്‌ സജ്ജമാക്കിയത്‌.


കാർഡിയോളജി, തൊറാസിക് സർജറി വിഭാഗങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ


കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് കാർഡിയോളജി വിഭാഗവും തൊറാസിക് സർജറി വിഭാഗവും മികവിന്റെ കേന്ദ്രങ്ങളായി മാറി. കഴിഞ്ഞവർഷം 3431 ആൻജിയോപ്ലാസ്റ്റിയും 6191 അനുബന്ധ ശസ്ത്രക്രിയകളും നടത്തി. കേരളത്തിലെ സർക്കാർ ആശുപത്രികളിൽ രണ്ടാം സ്ഥാനത്ത് എത്താൻ കോഴിക്കോട്‌ മെഡിക്കൽ കോളേജിന്‌ കഴിഞ്ഞു. ഹൃദയ താളപ്പിഴ പൂർവസ്ഥിതിയിൽ ആക്കുന്ന ത്രീഡി അനാട്ടമിക്ക് മാപ്പിങ് സിസ്റ്റം, എക്കോ നാവിഗേഷൻ കേപ്പബിൾ കാത്ത് ലാബ് തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കാൻ 15 കോടിയാണ്‌ കഴിഞ്ഞവർഷം സർക്കാർ അനുവദിച്ചത്. ദിവസം 600 നും 650 നും ഇടയിൽ രോഗികളാണ്‌ കാർഡിയോളജി ഒപിയിൽ എത്തുന്നത്‌. കാത്ത്‌ ലാബുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home