ഉദ്യോഗാർഥികളുടെ ആവശ്യം അംഗീകരിക്കില്ല; സമരപ്പന്തൽ പൊളിച്ചതിനെയും ന്യായീകരിച്ച് ആഭ്യന്തരമന്ത്രി

രമേശ് ചെന്നിത്തല (ഇടത്), എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരപ്പന്തലിലെ ഫ്ലക്സ് ബോർഡുകൾ പൊലീസ് നശിപ്പിക്കുന്നു (വലത്)
തിരുവനന്തപുരം: നീതി തേടിയും സർക്കാർ വഞ്ചനയ്ക്കെതിരെയും സമരം ചെയ്യുന്ന എൽപിഎസ്ടി ഉദ്യോഗാർഥികൾക്കെതിരായ പൊലീസ് അതിക്രമത്തെ ന്യായീകരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഉദ്യോഗാർഥികളുടെ എല്ലാ ആവശ്യവും അംഗീകരിക്കാനാകില്ലെന്നും സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് പന്തൽ പൊളിച്ചതെന്നുമായിരുന്നു ആഭ്യന്തരമന്ത്രിയുടെ പ്രതികരണം. പ്രതിപക്ഷത്തിരുന്നപ്പോൾ സാങ്കേതിക കാരണം പറഞ്ഞ് ഉദ്യോഗാർഥികളെ ഒഴിവാക്കിയിരുന്നില്ലല്ലോ എന്ന ചോദ്യത്തിന് ചെന്നിത്തലയ്ക്ക് മറുപടിയുണ്ടായില്ല.
ബുധന്‍ രാത്രി ഒമ്പതോടെയായിരുന്നു സെക്രട്ടറിയറ്റ് പടിക്കലെ സമരപ്പന്തലിനുനേരെ പൊലീസ് ആക്രമണം അഴിച്ചുവിട്ടത്. മറ്റ് ഉദ്യോഗാർഥികള്‍ ഭക്ഷണം കഴിക്കാന്‍ പോയ തക്കം നോക്കിയാണ് പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച്, സമരസമിതി കൺവീനർ എസ് വളർമതിയെ ബലാൽക്കാരമായി കസ്‌റ്റഡിയിലെടുത്തത്. സമരക്കാരുടെ മൈക്കും കസേരയും കട്ടിലും പിടിച്ചെടുത്തു. നിമിഷങ്ങള്‍ക്കകം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അതേ സ്ഥാനത്ത് സമരപ്പന്തല്‍ ഉയര്‍ത്തി. ഉദ്യോഗാര്‍ഥികള്‍ സമരവും പുനരാരംഭിച്ചു.
സമരംചെയ്യാനുള്ള അവകാശം ചോദ്യംചെയ്ത മറ്റ് ഉദ്യോഗാർഥികളെ പൊലീസുകാർ പിടിച്ചുതള്ളി. ബുധനാഴ്‌ച സമരപ്പന്തലിൽനിന്ന് ഉദ്യോഗാർഥികളെ നീക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്റെയും സിറ്റി പൊലീസ് കമീഷണറുടെയും കർശന നിർദേശമുണ്ടായിരുന്നു. ചൊവ്വാഴ്ച വൈകിട്ടുമുതൽ സമരപ്പന്തലിനുസമീപം പൊലീസ് തമ്പടിച്ചിരുന്നു. ബുധനാഴ്ച രാത്രി 7.30ന് കൂടുതൽ പൊലീസുകാരെത്തി. ഒമ്പതിന് വളർമതിയുടെ അടുത്തെത്തി സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. അവസാനിപ്പിക്കില്ലെന്ന് വളർമതി അറിയിച്ചതോടെ മൂന്ന് സിഐമാരുടെ നേതൃത്വത്തിൽ നൂറോളം പൊലീസുകാര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. പൊലീസിനെ തടഞ്ഞ ഡിവൈഎഫ്‌ഐ പ്രവർത്തകരെയും ആക്രമിച്ചു. സമീപത്ത് വി ഡി സതീശനെതിരായ പോസ്റ്ററുകൾ പതിച്ചിരുന്നതും നീക്കി.








0 comments