print edition ആർഎസ്‌എസ് കണ്ണുരുട്ടി; വിദ്യാർഥിവേട്ടയിൽ നടപടിയില്ലാതെ ആഭ്യന്തര വകുപ്പ്

എ ഐ നിർമിത ചിത്രം
തിരുവനന്തപുരം: പൊലീസ് ചട്ടവും മാന്വലും കാറ്റിൽപ്പറത്തി അഴിഞ്ഞാടുന്ന കന്റോൺമെന്റ് സിഐ, എസ്‌ഐ എന്നിവർക്കെതിരെ നടപടിക്ക് മടിച്ച് ആഭ്യന്തര വകുപ്പ്. സിഐ സതീഷ് കുമാറിന്റെയും എസ്‌ഐ ഗോകുൽ ഗോപന്റെയും ആർഎസ്‌എസ് ബന്ധമാണ് ഇതിനുപിന്നിൽ.
രണ്ടുപേരെയും മൂന്ന് ദിവസത്തെ നല്ല നടപ്പിനയച്ച് കണ്ണിൽപ്പൊടിയിടാൻ നീക്കമുണ്ട്. എസ്‌ഐ ഗോകുൽ തിങ്കളാഴ്‌ച മുതൽ പൊലീസ് ട്രെയിനിങ് കോളേജിൽ നല്ലനടപ്പ് പരിശീലനത്തിലാണ്. സിഐ തിങ്കളാഴ്‌ച അവധിയായിരുന്നു. തിരിച്ചെത്തിയശേഷം പരിശീലനത്തിന് പോകും.
ഇവർക്കെതിരെ ഇന്റലിജസ് റിപ്പോർട്ട് ഉള്ളപ്പോഴാണ് തെരുവുഗുണ്ടകളെപോലെ അഴിഞ്ഞാടാൻ ആഭ്യന്തരവകുപ്പ് അവസരമൊരുക്കുന്നത്. കഴിഞ്ഞ ദിവസം മഫ്‌തിയിൽ, തോക്കുമായാണ് എസ്‌ഐ ഗോകുൽ എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി എം എ നന്ദന്റെ വീട്ടിൽ എത്തിയത്. നന്ദന്റെ അമ്മമാത്രമാണ് ഇൗ സമയം വീട്ടിലുണ്ടായിരുന്നത്.
പൊലീസിലെ ആർഎസ്‌എസ് ലോബിയും കോൺഗ്രസ് അനുകൂല പൊലീസ് അസോസിയേഷൻ മുൻ നേതാക്കളും ഇവരെ രക്ഷിച്ചെടുക്കാൻ രംഗത്തുണ്ട്. പൊലീസിനെ നിയന്ത്രിക്കുന്നത് ആർഎസ്‌എസ് ആണെന്ന് ഡിസിസി സെക്രട്ടറിക്കുതന്നെ പറയേണ്ട ഗതികേടാണുള്ളത്. എസ്‌ഐക്കെതിരെ ഗുരുതര പരാമർശങ്ങളടങ്ങിയ അന്വേഷണ റിപ്പോർട്ട് സിറ്റി പൊലീസ് കമീഷണർക്ക് സിറ്റി സ്‌പെഷ്യൽ ബ്രാഞ്ച് അസി. കമീഷണറാണ് കൈമാറിയത്.
എസ്‌ഐയുടെ നടപടി ക്രമസമാധാന നില വഷളാക്കിയെന്നും എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി നന്ദനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത് ചട്ടലംഘനമാണെന്നും റിപ്പോർട്ടിലുണ്ട്. നന്ദന്റെ വീട്ടിലേക്ക് മഫ്‌തിയിൽ തോക്കുമായി പോയതും ഗൗരവമായാണ് കാണുന്നത്. ഒപ്പം യൂണിവേഴ്‌സിറ്റി ഹോസ്‌റ്റലിനുള്ളിൽ കയറിനടത്തിയ വിദ്യാർഥി വേട്ട പൊലീസ് സേനയ്‌ക്കാകെ നാണക്കേടാണെന്ന വിലയിരുത്തലിലാണ് ഉന്നത ഉദ്യോഗസ്ഥർ.









0 comments