ad
Deshabhimani

print edition ബിപിസിഎൽ എൽപിജി വിതരണം നിർത്തി; എച്ച്‌ഒസി പ്ലാന്റ്‌ അടച്ചു

hoc ambalamedu

അമ്പലമുകൾ എച്ച്‌ഒസി പ്ലാന്റ്‌ (ഫയല്‍)

avatar
സ്വന്തം ലേഖകൻ

Published on Mar 12, 2026, 01:08 AM | 1 min read

കൊച്ചി: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിൽ എൽപിജി ക്ഷാമത്തെതുടർന്ന്‌ അന്പലമുകൾ ഹിന്ദുസ്ഥാൻ ഓർഗാനിക്‌ കെമിക്കൽസ്‌ (എച്ച്‌ഒസി) പ്ലാന്റ്‌ അടച്ചു. എച്ച്‌ഒസിയിൽ ഫിനോൾ, അസറ്റോൾ എന്നിവ ഉൽപ്പാദിപ്പിക്കാനുള്ള അസംസ്‌കൃത വസ്‌തുക്കളായ എൽപിജി, ബെൻസീൻ എന്നിവയുടെ വിതരണം ബിപിസിഎൽ കൊച്ചി റിഫൈനറി നിർത്തിയതാണ്‌ പ്രതിസന്ധിക്ക്‌ കാരണം.


​എച്ച്‌ഒസിയുടെ പ്രധാന ഉൽപ്പന്നമായ ഫിനോളിനും അസറ്റോളിനും മാർക്കറ്റിൽ ഉയർന്ന വിലയുള്ള സമയത്താണ്‌ പ്ലാന്റ്‌ പ്രവർത്തനം നിർത്തേണ്ടിവന്നത്‌. ഇത്‌ എച്ച്‌ഒസി നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധി മൂർച്ഛിപ്പിക്കും. ബിപിസിഎല്ലുമായുള്ള കരാർപ്രകാരമാണ്‌ എൽപിജിയും ബെൻസീനും എച്ച്‌ഒസിക്ക്‌ ലഭിച്ചിരുന്നത്‌. പ്രധാന അസംസ്‌കൃതവസ്‌തുവായ എൽപിജിയിൽനിന്ന്‌ 30 ശതമാനം പ്രൊപ്പിലീൻ വേർതിരിച്ചെടുത്ത്‌ ബാക്കി 70 ശതമാനം പ്രൊപ്പെയ്നും ബ്യൂട്ടെയ്നും ബിപിസിഎല്ലിന്‌ തിരികെനൽകുകയാണ് ചെയ്യുന്നത്. പശ്ചിമേഷ്യൻ സംഘർഷ സാഹചര്യത്തിൽ ബിപിസിഎൽ നിയന്ത്രണങ്ങൾക്ക്‌ വിധേയമായതാണ്‌ എച്ച്‌ഒസിക്ക്‌ വിനയായത്‌.


പ്രൊപ്പിലീൻ അസംസ്‌കൃതവസ്‌തുവായി ഉപയോഗിക്കുന്ന ബിപിസിഎല്ലിന്റെ പിഡിപിപി (പ്രൊപ്പീൻ ഡെറിവേറ്റീവ്‌ പെട്രോകെമിക്കൽ പ്രോജക്ട്‌) പ്ലാന്റിന്റെ പ്രവർത്തനവും കഴിഞ്ഞദിവസം അവസാനിപ്പിച്ചിരുന്നു. പെട്രോകെമിക്കൽ പ്രോജക്ടിലെ ഉൽപ്പാദനം നിർത്തി എൽപിജി ഉൽപ്പാദനം കൂട്ടിയിരുന്നു. എന്നാൽ, വ്യാവസായിക ആവശ്യങ്ങൾക്ക്‌ എൽപിജി നൽകേണ്ടതില്ലെന്ന നിർദേശമാണ്‌ കേന്ദ്ര പെട്രോളിയം–പ്രകൃതി വാതക മന്ത്രാലയം നൽകിയിട്ടുള്ളത്‌. ​

രണ്ടുവർഷത്തോളം ജീവനക്കാരുടെ ശമ്പളം മുടങ്ങിയതുൾപ്പെടെയുള്ള പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന എച്ച്‌ഒസിക്ക്‌ ഇപ്പോഴത്തെ തിരിച്ചടിയിൽനിന്ന്‌ കരകയറുക ശ്രമകരമാകും. കഴിഞ്ഞ ഡിസംബറിൽ കന്പനി സ്വകാര്യമേഖലയ്‌ക്ക്‌ കൈമാറാനുള്ള നടപടികളിലേക്കും കേന്ദ്ര രാസവസ്‌തു–രാസവളം മന്ത്രാലയം കടന്നിരുന്നു. രണ്ടു യൂണിറ്റുകളിലൊന്നായ മുംബൈ രാസായനി യൂണിറ്റ്‌ നേരത്തെ അടച്ചുപൂട്ടി.


രാസായനിയിലെ ഭൂമി ബിപിസിഎല്ലിന്‌ കൈമാറിക്കിട്ടുന്ന പണം കൊച്ചി യൂണിറ്റിന്റെ പുനരുദ്ധാരണത്തിന്‌ ചെലവഴിക്കുമെന്നാണ്‌ പറഞ്ഞിരുന്നത്‌. എന്നാൽ, പ്രഖ്യാപിച്ച പാക്കേജ്‌ പ്രകാരമുള്ള സഹായം ലഭിച്ചില്ല. അതോടെ കൊച്ചി യൂണിറ്റ്‌ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. 10 മാസത്തോളം പ്ലാന്റ്‌ നിലച്ചു. കൊച്ചി റിഫൈനറിയുമായുണ്ടാക്കിയ കരാറനുസരിച്ച് അസംസ്കൃതവസ്‌തുക്കൾ കടംവാങ്ങിയാണ്‌ പിന്നീട്‌ പ്രവർത്തനം പുനരാരംഭിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home