print edition മന്ത്രി പി രാജീവ് ഇടപെട്ടു ; എച്ച്എംടിയിൽ വൈദ്യുതി പുനഃസ്ഥാപിച്ചു

കളമശേരി
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എംടി കമ്പനിയിൽ ചൊവ്വാഴ്ച വിച്ഛേദിച്ച വൈദ്യുത കണക്‌ഷൻ വ്യവസായമന്ത്രി പി രാജീവ് ഇടപെട്ട് ബുധൻ വൈകിട്ടോടെ പുനഃസ്ഥാപിച്ചു. മന്ത്രി പി രാജീവ് വൈദ്യുതമന്ത്രി കെ കൃഷ്ണൻകുട്ടിയുമായി നടത്തിയ ചർച്ചയിലാണ് പരിഹാരമായത്.
മുൻകുടിശ്ശികയും 1.40 കോടി രൂപയുടെ വൈദ്യുതി ബില്ലും പിഴപ്പലിശയുമുൾപ്പെടെ 30.20 കോടി രൂപയുടെ ബാധ്യതയാണ് എച്ച്എംടിക്ക് ഉണ്ടായിരുന്നത്. കുടിശ്ശിക അടയ്ക്കുന്നതിനും എച്ച്എംടിയുടെ കൈവശമുള്ള അഞ്ച് ഏക്കർ ഭൂമി കെഎസ്ഇബിക്ക് വിൽക്കുന്നതിനും നേരത്തേ പരസ്പരധാരണയായിരുന്നു. ഇതുസംബന്ധിച്ച നടപടികൾ ഏകോപിപ്പിക്കുന്നതിനായി രണ്ട് സ്ഥാപനങ്ങളുടെയും ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സമിതിയെ നിയോഗിക്കാനും ധാരണയായി. ഇതിന്റെ അടിസ്ഥാനത്തിൽ, വിച്ഛേദിച്ച വൈദ്യുതി കണക്‌ഷൻ ഉടൻ പുനഃസ്ഥാപിക്കണമെന്ന മന്ത്രി പി രാജീവിന്റെ അഭ്യർഥന അംഗീകരിച്ചാണ് കെഎസ്ഇബിക്ക് മന്ത്രി കെ കൃഷ്ണൻകുട്ടി നിർദേശം നൽകിയത്. എച്ച്എംടി ജനറൽ മാനേജർ ടി മോഹൻകുമാർ, എസ്റ്റേറ്റ് മാനേജർ എം കാർത്തിക്, അക്കൗണ്ട്സ് ഓഫീസർ ശോഭിൻ തുടങ്ങിയവർ കമ്പനിയെ പ്രതിനിധാനംചെയ്‌ത് ചർച്ചയിൽ പങ്കെടുത്തു.
വൈദ്യുത കണക്‌ഷൻ പുനഃസ്ഥാപിക്കാൻ ഇടപെട്ട മന്ത്രി പി രാജീവിന് എച്ച്എംടി എംപ്ലോയീസ് യൂണിയൻ (സിഐടിയു) അഭിവാദ്യമർപ്പിച്ചു
വൈദ്യുതി വിച്ഛേദിച്ചത് എച്ച്എംടി മാനേജ്മെന്റിന്റെ അനാസ്ഥയിൽ
എച്ച്എംടി കമ്പനിയിലെ വൈദ്യുതി വിച്ഛേദിച്ചത് മാനേജ്മെന്റിന്റെ അനാസ്ഥകൊണ്ട്. 2007 ലെ കുടിശ്ശിക സംബന്ധിച്ച് ഈ വർഷം മൂന്നുതവണ കെഎസ്ഇബി കമ്പനിക്ക് നോട്ടീസ് നൽകിയത്. ഡിസംബർ എട്ടിന് നൽകിയ അവസാന നോട്ടീസും മാനേജ്മെന്റ് അവഗണിക്കുകയായിരുന്നു. കമ്പനിയിലെ ട്രേഡ് യൂണിയൻ ഭാരവാഹികളിൽനിന്നുപോലും വിവരം മറച്ചുവച്ചു.
ചൊവ്വ രാവിലെ വൈദ്യുതി വിച്ഛേദിച്ചപ്പോഴാണ് കമ്പനി ജീവനക്കാർ വിവരമറിയുന്നത്. 15 ദിവസം നോട്ടീസിൽ നടപടി സ്വീകരിക്കാതിരുന്ന മാനേജ്മെന്റ് വൈദ്യുതി വിച്ഛേദിച്ചതോടെ ബുധൻ രാവിലെ തിരുവനന്തപുരത്തെത്തി വ്യവസായമന്ത്രി പി രാജീവിനെ കണ്ടു. കഴിഞ്ഞദിവസങ്ങളിൽ കളമശേരിയിലുണ്ടായിരുന്ന മന്ത്രിയുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവരാൻ ശ്രമിച്ചതുമില്ല.
നിരന്തരം നോട്ടീസ് നൽകിയശേഷം വൈദ്യുതി വിച്ഛേദിച്ചതിൽ കെഎസ്ഇബിയെ പഴിചാരി രക്ഷപ്പെടാനാണ് കമ്പനി മാനേജ്മെന്റ് ശ്രമിച്ചത്.










0 comments