കന്പനി പ്രവർത്തനം മുടങ്ങി , ഡിസംബർ എട്ടിനു നൽകിയ നോട്ടീസ് കന്പനി ഗൗരവത്തിലെടുത്തില്ല
print edition കുടിശ്ശിക 30 കോടി ; എച്ച്എംടിയിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു

കളമശേരി
ദീർഘകാലത്തെ വൈദ്യുതികുടിശ്ശിക അടയ്‌ക്കാത്തതിനെത്തുടർന്ന് എച്ച്എംടി കമ്പനിയിലേക്കുള്ള വൈദ്യുതി കണക്‌ഷൻ കെഎസ്ഇബി വിച്ഛേദിച്ചു. ചൊവ്വ രാവിലെ 10നാണ് ഉദ്യോഗസ്ഥർ വൈദ്യുതി വിച്ഛേദിച്ചത്. എട്ടിന് കമ്പനിക്ക് നൽകിയ നോട്ടീസ് എച്ച്‌എംടി മാനേജ്മെന്റ് ഗൗരവത്തിലെടുക്കാത്തതാണ് വൈദ്യുതി വിച്ഛേദിക്കുന്നതിലേക്ക് എത്തിയത്. നോട്ടീസ് ലഭിച്ച കാര്യം ട്രേഡ് യൂണിയനുകളെപ്പോലും മാനേജ്മെന്റ് അറിയിച്ചിരുന്നില്ല. ചൊവ്വ രാവിലെ വൈദ്യുതി നിലച്ചത് അന്വേഷിച്ചെത്തിയപ്പോഴാണ് ജീവനക്കാർ വിവരമറിയുന്നത്.
വൈദ്യുതി വിച്ഛേദിച്ചതോടെ കമ്പനിയുടെ പ്രവർത്തനം പൂർണമായി തടസ്സപ്പെട്ടു. ക്വാർട്ടേഴ്സുകളിലേക്കുള്ള വൈദ്യുതിയേയും കുടിവെള്ളവിതരണത്തേയും ഇത് ബാധിക്കും.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മൂന്നുമാസമായി ശന്പളം മുടങ്ങിയ കമ്പനിക്ക് വൈദ്യുതി വിച്ഛേദിച്ചത് കനത്ത പ്രഹരമായി. ഇനി കെഎസ്‌ഇബിയുമായി ധാരണയിലെത്തിയാലേ പ്രശ്നം പരിഹരിക്കാനാകൂ.
നടപടി 2007ലെ കുടിശ്ശികയിൽ
2007-–2008 കാലത്ത് കമ്പനിയുടെ വൈദ്യുതികുടിശ്ശിക 14 കോടിയായിരുന്നു. അന്ന് ഒറ്റത്തവണ തീർപ്പാക്കൽപദ്ധതിയിൽ 10 കോടി രൂപ അടച്ചാൽ മതിയെന്ന് ധാരണയായി. അതോടൊപ്പം എച്ച്‌എംടിയുടെ വിൽപ്പനാവകാശമുള്ള അഞ്ചേക്കർ ഭൂമി കെഎസ്ഇബി ആവശ്യപ്പെടുകയും ചെയ്തു. ഈ ഘട്ടത്തിൽ എട്ടുകോടി രൂപയാണ് കമ്പനി കുടിശ്ശികയിലേക്ക് അടച്ചത്. വിവിധ കാരണങ്ങളാൽ ഭൂമികൈമാറ്റം നടന്നുമില്ല. ഇതോടെ ഒറ്റത്തവണ തീർപ്പാക്കൽ ധാരണ അസാധുവായി. 14 കോടി രൂപ കുടിശ്ശികയിൽ ആറുകോടി അടയ്‌ക്കാൻ ബാക്കിയായി.
കെഎസ്ഇബിയുടെ 2024ലെ കണക്കനുസരിച്ച് 9.75 കോടി രൂപ മുതലും 20.45 കോടി രൂപ പലിശയുമാണ്. നിലവിലെ കുടിശ്ശിക 30.20 കോടിയാണ്. ഇത്രയും വലിയ കുടിശ്ശിക വരില്ലെന്ന നിലപാടിലാണ് കമ്പനി മാനേജ്മെന്റ്.










0 comments