print edition രണപുളകങ്ങളുയർത്തി...

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന എൽഡിഎഫ് തെക്കൻ മേഖലാ വികസനമുന്നേറ്റ ജാഥ അരൂർ മാക്കേക്കടവിൽ എത്തിയപ്പോൾ /ഫോട്ടോ: വി കെ അഭിജിത്
അഞ്ജുനാഥ്
Published on Feb 08, 2026, 12:00 AM | 1 min read
ആലപ്പുഴ: പുന്നപ്ര– വയലാറിന്റെ വീരസ്‌മരണകൾ അലയടിച്ചുയരുന്ന ആലപ്പുഴയുടെ മണ്ണിൽ ജനമുന്നേറ്റത്തിന്റെ പുതുചരിത്രം രചിച്ച് എൽഡിഎഫ് തെക്കൻമേഖലാ വികസനമുന്നേറ്റ ജാഥ. നവകേരളത്തിന് പുത്തനാശയങ്ങൾ പങ്കിട്ടും നിർദേശം സ്വീകരിച്ചും ജനങ്ങളിലേക്ക് പടരുന്ന ജാഥ ജില്ലയിലെങ്ങും ആവേശക്കൊടിചൂടി.
കേന്ദ്രസർക്കാർ ശ്വാസംമുട്ടിക്കുന്നതിനിടയിലും സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിന് ഇടർച്ചയുണ്ടാകാതെ സംരക്ഷിക്കുന്ന എൽഡിഎഫ-് സർക്കാരിന് മൂന്നാമൂഴമെന്ന ജനാഭിലാഷത്തിന്റെ കാഹളമായി ഓരോ സ്വീകരണകേന്ദ്രവും. അരൂർ മാക്കേക്കടവ് ജങ്ഷനിലായിരുന്നു ആദ്യസ്വീകരണം. വേന്പനാട്ടുകായലിലെ ഏറ്റവും ദൈർഘ്യമേറിയ പെരുന്പളം പാലവും മാക്കേക്കടവ്–നേരേകടവ് പാലവും റോഡുകളും സ്‌കൂൾകെട്ടിടങ്ങളുമൊക്കെ വികസനക്കുതിപ്പിന്റെ നേർസാക്ഷ്യമായി. ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് ഓഡിറ്റോറിയം, കുട്ടനാട് മങ്കൊന്പ് ജങ്‌ഷൻ എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ആലപ്പുഴ വൈഎംസിഎയ്ക്ക് സമീപം മഹേശ്വരി ഗ്രൗണ്ടിൽ ശനിയാഴ്ചത്തെ പര്യടനം സമാപിച്ചു.
ഞായർ രാവിലെ ഒന്പതിന് ആലപ്പുഴ കല്യാണി ഓഡിറ്റോറിയത്തിൽ ജാഥാ ക്യാപ്‌റ്റന്റെ ആശയസംവാദം. 10ന് ഹരിപ്പാട് കാവൽ ഓഡിറ്റോറിയം ഗ്രൗണ്ടിലാണ് ആദ്യസ്വീകരണം. പകൽ മൂന്നിന് കായംകുളം എൽമക്സ് ഗ്രൗണ്ട്, നാലിന് മാവേലിക്കര മിച്ചൽ ജങ്‌ഷൻ പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഗ്രൗണ്ട്, അഞ്ചിന് ചെങ്ങന്നൂർ ആഞ്ഞിലിമൂട് ജങ്ഷൻ എന്നിവിടങ്ങളിൽ സ്വീകരണം നൽകും.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ക്യാപ്റ്റനായ ജാഥയുടെ മാനേജർ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജാണ്. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം സി എസ് സുജാത, സിപിഐ ദേശീയ കൗൺസിൽ അംഗം പി വസന്തം, വി ടി ജോസഫ് (കേരള കോണ്‍ഗ്രസ് എം), കെ വി ബാലസുബ്രഹ്മണ്യന്‍ (ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍), പി കെ രാജന്‍ (എന്‍സിപി), യൂജിന്‍ മൊറേലി (ആര്‍ജെഡി), ഉഴമലക്കല്‍ വേണുഗോപാല്‍ (കോണ്‍ഗ്രസ് എസ്), എ ഷാജു(കേരള കോണ്‍ഗ്രസ് ബി), ജോര്‍ജ് അഗസ്‌റ്റിന്‍ (ജനാധിപത്യ കേരള കോണ്‍ഗ്രസ്), സി പി അന്‍വര്‍ സാദത്ത് (ഐഎന്‍എല്‍), ജോണി ചെറുവുപറമ്പില്‍ (കേരള കോണ്‍ഗ്രസ് സ്കറിയ) എന്നിവരാണ് ജാഥാ അംഗങ്ങൾ.










0 comments