മലയോര ഹൈവേയുടെ പൂര്‍ത്തീകരണത്തോടനുബന്ധിച്ചുള്ള ഓട്ടത്തിനാണ് മിലിന്ദ് സോമൻ എത്തിയത്
print edition ഹൈറേഞ്ചില്‍ മാസ് എന്‍ട്രിയുമായി ‘അയണ്‍മാൻ’

മലയോര ഹൈവേ പൂർത്തീകരണത്തിന്റെ ഭാഗമായി ബോളിവുഡ് താരവും ദീർഘദൂര ഓട്ടക്കാരനുമായ മിലിന്ദ് സോമൻ നയിച്ച ഹിൽ ഹൈവേ റൺ / ഫോട്ടോ : ജിഷ്ണു പൊന്നപ്പൻ
അജിന്‍ അപ്പുക്കുട്ടന്‍
Published on Feb 23, 2026, 01:45 AM | 1 min read
കട്ടപ്പന
മലനിരകള്‍ക്ക് അരപ്പട്ടകെട്ടിയ മലയോരഹൈവേയിലൂടെ ബോളിവുഡിന്റെ ‘അയണ്‍മാന്‍’ മിലിന്ദ് സോമന്‍ കുതിച്ചു. പച്ചവിരിച്ച തേയിലത്തോട്ടങ്ങൾക്കിടയിലൂടെ കോടമഞ്ഞിന്റെ കുളിരുംപേറി നഗ്നപാദനായി മിലിന്ദ്, ‘ഹില്‍ ഹൈവേ റൺ’ എന്ന ദീർഘദൂര ഓട്ടത്തിലൂടെ കേരളത്തിന്റെ ചരിത്രത്തിലേക്ക് ഓടിക്കയറി. എൽഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയില്‍ യാഥാര്‍ഥ്യമായ മലയോരഹൈവേയുടെ പൂര്‍ത്തീകരണത്തോടനുബന്ധിച്ചുള്ള ഓട്ടത്തിൽ മിലിന്ദിനെ, വിവിധ സ്ഥലങ്ങളില്‍നിന്നുള്ള നൂറിലേറെ ദീര്‍ഘദൂര ഓട്ടക്കാരും താരങ്ങളും അനുഗമിച്ചു. കരഘോഷങ്ങളോടെ വരവേല്‍ക്കാന്‍ ജനസഞ്ചയവും ഒപ്പംചേർന്നു.
ഏറ്റവുംമുന്നില്‍ പ്രചാരണ വാഹനം, തൊട്ടുപിന്നാലെ വനിതാ ബുള്ളറ്റ് റൈഡര്‍മാരും ഇരുചക്ര വാഹനറാലിയും. അകമ്പടി വാഹനങ്ങള്‍ക്ക് പിന്നാലെ മിലിന്ദ് സോമനും മറ്റ് താരങ്ങളും. റണ്ണിനെ വരവേല്‍ക്കാന്‍ ഹൈവേയിലുടനീളം ആയിരങ്ങളാണ് രാവിലെമുതല്‍ കാത്തുനിന്നത്. പ്രധാനകേന്ദ്രങ്ങളിലെല്ലാം കുടിവെള്ളവും ലഘുഭക്ഷണവും പഴവര്‍ഗങ്ങളുമെല്ലാം ഒരുക്കിയിരുന്നു. രണ്ട് മണിക്കൂര്‍കൊണ്ട് 20 കിലോമീറ്റര്‍ താണ്ടി ചപ്പാത്തില്‍ ഓട്ടം സമാപിച്ചു.
മലയോര ഹൈവേ യൂറോപ്യന്‍ രാജ്യങ്ങളിലെ റോഡുകളുടെ നിലവാരത്തിലുള്ളതാണെന്നും അതിനാലാണ് നഗ്‌നപാദനായി ഓടിയതെന്നും മിലിന്ദ് സോമൻ പ്രതികരിച്ചു. മലനിരകള്‍, കോടമഞ്ഞ് എല്ലാം മനോഹരം. ബെയര്‍ഫുട്ട് മാരത്തണുകള്‍ക്ക് അനുയോജ്യമാണിവിടം. മലയോര ഹൈവേ മുഴുവന്‍ പൂര്‍ത്തിയാകുമ്പോള്‍ വീണ്ടും ഓടാനെത്തുമെന്നും മിലിന്ദ് പറഞ്ഞു.










0 comments