print edition ഹയർ സെക്കൻഡറി എയ്‌ഡഡിൽ അധിക ബാച്ച്; പിന്നിൽ വിദ്യാഭ്യാസ കച്ചവടം?

എ ഐ നിർമിത ചിത്രം
തിരുവനന്തപുരം: ശാസ്ത്രീയപഠനം നടത്താതെ ഹയർ സെക്കൻഡറി പ്രവേശനത്തിന് എയ്‌ഡഡ് മേഖലയിൽ അധികബാച്ച് അനുവദിച്ചത് വിദ്യാഭ്യാസ കച്ചവടത്തിന്റെ ഭാഗമാണെന്ന സംശയമുയരുന്നു. മലബാറിലെ സീറ്റ് ക്ഷാമത്തിന്റെ പേരുപറഞ്ഞ് ലീഗിനും കോൺഗ്രസിനും എയ്‌ഡഡ് സ്‌കൂൾ മാനേജ്‌മെന്റ് വഴിയുള്ള കച്ചവടം ഉറപ്പാക്കാനാണ് അധികസീറ്റുകൾ അനുവദിച്ചതെന്നാണ് ആരോപണം.
ബാച്ചുകൾ ലഭിച്ച എയ്‌ഡഡ് സ്‌കൂളുകളിൽ പലതും സർക്കാർ വിദ്യാലയങ്ങൾക്ക് സമീപമാണ്. ലീഗ് നേതാക്കളുടെ സ്വാധീനത്തിലുള്ള സ്‌കൂളുകളാണ് ഇവ. ബാച്ചുകൾ നിലനിർത്താൻ എയ്‌ഡഡ് സ്‌കൂളുകൾ സർക്കാർ സ്‌കൂളുകളിൽ നിന്ന് കുട്ടികളെ ക്യാൻവാസ് ചെയ്യുന്നതായി ആരോപണമുണ്ട്.
നിലവിൽ വെള്ളി വൈകിട്ട് നാലുവരെ സ്‌കൂൾ മാറ്റത്തിന് അപേക്ഷിക്കാൻ അവസരമുണ്ട്. ഒന്നാമത്തെ ഓപ്‌ഷനിൽ പ്രവേശനം ലഭിച്ചവർക്കുപോലും സ്‌കൂൾ മാറാം. ഇത്തരത്തിൽ കൂടുതൽ കുട്ടികൾ എയ്‌ഡഡ് സ്‌കൂളുകളിലേക്ക് മാറിയാൽ സർക്കാർ വിദ്യാലയങ്ങൾ വലിയ പ്രതിസന്ധിയിലാകും.
രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് കണക്കുപ്രകാരം 32,291 മെറിറ്റ് സീറ്റുകൾ ഒഴിവുണ്ട്. തൃശൂർ മുതലുള്ള തെക്കൻ ജില്ലകളിലാണ് 25,308 സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നത്. 2026–27 അധ്യയന വർഷത്തേക്ക് പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലായി 120 താൽക്കാലിക ഹയർ സെക്കൻഡറി അധിക ബാച്ചുകൾ അനുവദിച്ചു. ഇതിൽ 90ഉം എയ്‌ഡഡ് മേഖലയിലാണ്.
തെക്കൻ ജില്ലകളിൽ കുട്ടികൾ ഇല്ലാത്തതിനാൽ ബാച്ചുകൾ ഇല്ലാതായിട്ടുണ്ട്. ഇൗ ബാച്ചുകൾ സീറ്റ് ആവശ്യമുള്ള ഇടങ്ങളിലേക്ക് പുനർവിന്യസിച്ചാൽ ക്ഷാമം പരിഹരിക്കാമായിരുന്നു. തസ്‌തികനഷ്‌ടം സംഭവിക്കുന്ന അധ്യാപകരെയും ഇതുവഴി സംരക്ഷിക്കാമായിരുന്നു.
എൽഡിഎഫ് സർക്കാർ മാർജിനൽ സീറ്റുകൾ അനുവദിച്ചും മറ്റ് ജില്ലകളിലുണ്ടായിരുന്ന അധിക ബാച്ചുകളെ സീറ്റ് ക്ഷാമമുള്ള ജില്ലകളിലേക്ക് മാറ്റിയുമാണ് പരിഹാരം കണ്ടെത്തിയത്. ശാസ്ത്രീയ പഠനത്തിലൂടെ സർക്കാർ സ്കൂളുകളിലും ചില എയ്‌ഡഡ് സ്‌കൂളുകളിലും പുതിയ ബാച്ചുകളും അനുവദിച്ചിരുന്നു.










0 comments