ad
Deshabhimani

മൂന്നാറില്‍ ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക; ഓറഞ്ച് അലര്‍ട്ട്

uv munnar

എ ഐ പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Mar 07, 2026, 09:39 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക (8) മൂന്നാറില്‍ രേഖപ്പെടുത്തി. ഇവിടെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിലെ യുവി ഇൻഡക്സ് കണക്ക് പ്രകാരം കൊട്ടാരക്കര(കൊല്ലം), കോന്നി(പത്തനംതിട്ട), ചെങ്ങന്നൂർ(ആലപ്പുഴ), ചങ്ങനാശ്ശേരി(കോട്ടയം), ഒല്ലൂർ(തൃശ്ശൂർ), തൃത്താല(പാലക്കാട്), പൊന്നാനി(മലപ്പുറം), മാനന്തവാടി(വയനാട്) എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കര്‍ശനമായ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കേണ്ടതുണ്ട്.


തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്‌മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമായേക്കാം. അള്‍ട്രാ വയലറ്റ് സൂചിക 6 മുതല്‍ 7 വരെ യെല്ലോ അലര്‍ട്ടും 8 മുതല്‍ 10 വരെ ഓറഞ്ച് അലര്‍ട്ടും 11ന് മുകളില്‍ എത്തുമ്പോള്‍ റെ‍ഡ് അലര്‍ട്ടുമാണ് പ്രഖ്യാപിക്കുക.


പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ


  • പകൽ 10 മുതൽ 3 വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.


  • പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.


  • പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.


  • യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.


  • മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖല പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ യുവി സൂചിക ഉയർന്നതായിരിക്കും. ആയതിനാൽ ഇവിങ്ങളിൽ താമസിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home