പൊതുമേഖലയിൽ ഉയർന്ന പിഎഫ് പെൻഷൻ തുടരണം: ഹെെക്കോടതി

കൊച്ചി: സ്വന്തം നിലയിൽ പിഎഫ് ട്രസ്റ്റ് രൂപീകരിച്ച പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്ന് (എക്‌സംപ്‌റ്റഡ് എസ്റ്റാബ്ലിഷ്മെന്റ്) വിരമിച്ചവർക്ക് നിലവിലുളള ഉയർന്ന പിഎഫ് പെൻഷൻ ഇനിയൊരു ഉത്തരവുവരെ മാറ്റമില്ലാതെ നൽകണമെന്ന് ഹെെക്കോടതി. ശമ്പളത്തിന് ആനുപാതിക പെൻഷൻ വിഹിതം കുടിശ്ശികയുൾപ്പെടെ അടച്ച, ഉയർന്ന പെൻഷൻ ലഭിക്കുന്നവരുടെ പെൻഷൻ വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിനെതിരെ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എസ് മനുവിന്റെ ഇടക്കാല ഉത്തരവ്.
പെൻഷൻ വെട്ടിക്കുറയ്ക്കുന്നത് സ്വാഭാവികനീതിയുടെ ലംഘനമാണെന്നും ഹർജിയിൽ വിധിയാകുംവരെ പെൻഷനിൽ മാറ്റംവരുത്താനോ കുറയ്ക്കാനോ പാടില്ലെന്നും കോടതി വ്യക്തമാക്കി. കേസ് ജൂൺ 26ന് വീണ്ടും പരിഗണിക്കും.
ബിപിസിഎല്ലിൽനിന്ന് വിരമിച്ച പി ടി മോഹനൻ അടക്കം നാലുപേർ നൽകിയ ഹർജിയിലാണ് കോടതി നിർദേശം. പൊതുമേഖലയിലെ മിക്ക സ്ഥാപനങ്ങളിലും ഇപിഎഫ്ഒയ്‌ക്കുപകരം എക്സംപ്‌റ്റഡ് പ്രോവിഡന്റ് ഫണ്ട് ട്രസ്റ്റാണ് (ഇപിഎഫ്ടി) തൊഴിലാളികളുടെ പിഎഫ് വിഹിതം കെെകാര്യം ചെയ്യുന്നത്.
ശമ്പളത്തിന് ആനുപാതികമായി ജീവനക്കാരുടെ പെൻഷൻ പദ്ധതിയിലേക്ക് തുക അടയ്ക്കുന്നതും ഇപിഎഫ്ടിയാണ്. ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഉയർന്ന പെൻഷന് അർഹതയില്ലെന്ന ഇപിഎഫ്ഒയുടെ നിലപാട് നേരത്തേ സുപ്രീംകോടതിയിൽ ചോദ്യം ചെയ്തിരുന്നു. തുടർന്ന് 2022 നവംബർ നാലിന്റെ വിധിയിൽ ഉയർന്ന പെൻഷന് അർഹതയുണ്ടെന്നും അതിന് അപേക്ഷിക്കാമെന്നും തൊഴിലാളികൾക്ക് അനുകൂലമായി ഉത്തരവിട്ടു.
ഇതുപ്രകാരം വിരമിച്ച ജീവനക്കാർ യഥാർഥ ശമ്പളത്തിന് ആനുപാതികമായി പെൻഷൻ കുടിശ്ശികവിഹിതം അടയ്ക്കുകയും ഉയർന്ന പെൻഷന് അപേക്ഷ നൽകുകയും ചെയ്തു. പത്തുലക്ഷം രൂപമുതൽ 30 ലക്ഷം രൂപവരെ അടച്ചവരാണ് അധികവും. ഇവരിൽ ചിലർക്ക് ഉയർന്ന പെൻഷൻ ലഭിച്ചതുമാണ്. ഈ ഉയർന്ന പെൻഷൻ വെട്ടിച്ചുരുക്കാനുള്ള ഇപിഎഫ്ഒയുടെ പുതിയ നീക്കത്തിനെതിരെയാണ് ഇപ്പോൾ ഹെെക്കോടതിയിൽ ഹർജി നൽകിയത്. ഹർജിക്കാർക്കുവേണ്ടി അഡ്വ. എസ് കൃഷ്ണമൂർത്തി, വി കൃഷ്ണൻകുട്ടി, ബി ബാലഗോപാൽ, ശ്രീദേവി രാധാകൃഷ്ണൻ, കെ വി പ്രഭാകരമാരാർ എന്നിവർ ഹാജരായി.









0 comments