ad
Deshabhimani

അമിത കീടനാശിനി; മാമ്പഴ സംസ്‌കരണ കേന്ദ്രങ്ങൾക്ക് പിഴ

Mangos
വെബ് ഡെസ്ക്

Published on May 07, 2026, 12:53 PM | 1 min read

പാലക്കാട്‌: മാമ്പഴങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പാലക്കാട്‌ ജില്ലയിലെ നാല്‌ സംസ്‌കരണ കേന്ദ്രങ്ങൾക്കെതിരെ നടപടി. മുതലമട, പള്ളം പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയാണ്‌ നടപടി. മൂന്ന്‌ സ്ഥാപനങ്ങളിൽ അമിതമായി കീടനാശിനി പ്രയോഗം നടക്കുന്നുണ്ടെന്നും കണ്ടെത്തി. ഇവ ഭക്ഷ്യസുരക്ഷാ ലൈസൻസും രജിസ്ട്രേഷനും ഇല്ലാതെയാണ്‌ പ്രവർത്തിക്കുന്നത്‌. സ്ഥാപനങ്ങൾക്ക്‌ പിഴ ചുമത്തി.


ഭക്ഷ്യസുരക്ഷാ മാനദണ്ഡ ലംഘനങ്ങൾ കണ്ടെത്തിയ മറ്റൊരു സ്ഥാപനത്തിന് ഇംപ്രൂവ്മെന്റ് നോട്ടീസും നൽകി. മാമ്പഴ വിളവെടുപ്പ്‌ കാലത്തിനോടനുബന്ധിച്ചായിരുന്നു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്ക്വാഡ്‌ പരിശോധന. സുരക്ഷിതവും ഗുണമേന്മയുള്ളതുമായ പഴവർഗങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ്‌ ലക്ഷ്യം.


ജില്ലയിലെ എല്ലാ മാമ്പഴ സംസ്കരണ ശാലകളിലും സൂക്ഷിപ്പ്‌ കേന്ദ്രങ്ങളിലും പരിശോധന നടത്തും. വിളവെടുപ്പിനുശേഷം ഒരു രീതിയിലുള്ള കീടനാശിനി പ്രയോഗവും പാടില്ല. മാങ്ങ വിപണനകേന്ദ്രങ്ങൾ, പഴവിൽപ്പന ശാലകൾ, തെരുവോര വിൽപ്പനകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിരീക്ഷണവും പരിശോധനയും കൂടുതൽ ശക്തമാക്കും. കൃത്രിമ പഴുപ്പിക്കൽ. അമിത കീടനാശിനി പ്രയോഗം, ഗുണനിലവാര ലംഘനങ്ങൾ എന്നിവയ്‌ക്കെതിരെ കർശന നടപടി തുടരും. അനുവദനീയമല്ലാത്ത കൃത്രിമ രാസപദാർഥങ്ങളുടെ ഉപയോഗം തടയാൻ പ്രത്യേക പരിശോധന ശക്തമാക്കും.


ഉപഭോക്താക്കളുടെ സുരക്ഷയ്‌ക്കായി പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നതിനുമുമ്പ്‌ വെള്ളത്തിൽ മുക്കിവച്ച് കഴുകി ഉപരിതല അവശിഷ്ടം കുറയ്‌ക്കണം. ഫലങ്ങളുടെ തൊലി നീക്കം ചെയ്തതിനുശേഷം മാത്രം ഉപയോഗിക്കണമെന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമീഷണർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home