print edition എ കെ പ്രീത ഹൈക്കോടതി ജഡ്‌ജി

എ കെ പ്രീത
കൊച്ചി/ ന്യൂഡൽഹി: മുതിർന്ന അഭിഭാഷക എ കെ പ്രീതയെ കേരള ഹൈക്കോടതി അഡീഷണൽ ജഡ്‌ജിയായി നിയമിച്ച് കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച രാഷ്‌ട്രപതിയുടെ വിജ്ഞാപനം പുറത്തിറങ്ങി. അടുത്തയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. എ കെ പ്രീതക്കൊപ്പം സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്‌ത ലിസ് മാത്യുവിന്റെ പേര് അംഗീകരിച്ച് വിജ്ഞാപനമിറക്കിയില്ല. ഇതിനുള്ള കാരണം വ്യക്തമല്ല. ഏപ്രിൽ 14നാണ് പേരുകൾ കേന്ദ്രസർക്കാരിന് കൈമാറിയത്.
തിരുവനന്തപുരം കേരള ലോ അക്കാദമിയിൽനിന്ന് നിയമബിരുദം നേടിയ പ്രീത, 1997 ഒക്ടോബർ 26ന് അഭിഭാഷകയായി. കേരള ഹൈക്കോടതി, ലേബർ കോടതികൾ, ഇൻഡസ്ട്രിയൽ ട്രിബ്യൂണലുകൾ എന്നിവിടങ്ങളിൽ 29 വർഷമായി പ്രാക്ടീസ് ചെയ്‌തുവരികയായിരുന്നു. തൊഴിൽനിയമം, ഭരണഘടനാനിയമം, സർവീസ് നിയമം എന്നിവയിൽ വിദഗ്‌ധയാണ്.
കസ്‌റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് വകുപ്പ്, ഇന്ത്യ ഗവൺമെന്റ്, ഇഎസ്ഐ കോർപറേഷൻ, ഗെയിൽ, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്, കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് എന്നിവയുടെ സ്റ്റാൻഡിങ് കോൺസലായും പ്രവർത്തിച്ചു. പീരുമേട് ചെന്തിലകം പരേതനായ അഡ്വ. ബി ആർ അരവിന്ദൻനായരുടെയും കൃഷ്‌ണമ്മയുടെയും മകളാണ്. എറണാകുളം ഗവ. ലോ കോളേജ് റിട്ട. അസോസിയറ്റ് പ്രൊഫസറും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളേജ് ഓഫ് ലോ പ്രിൻസിപ്പലുമായ ഡോ. എസ് എസ് ഗിരിശങ്കറാണ് ഭർത്താവ്.
സുപ്രീംകോടതിയിൽ വർഷങ്ങളായി പ്രാക്‌ടീസ് ചെയ്യുന്ന മുതിർന്ന അഭിഭാഷകയായ ലിസ് മാത്യു 2011–16 കാലത്ത് സംസ്ഥാന സർക്കാരിന്റെ സ്‌റ്റാൻഡിങ് കോൺസലുമായി. വനിതകളെ കൂടുതലായി പരിഗണിക്കണമെന്ന സുപ്രീംകോടതി നിർദേശത്തെ തുടർന്നാണ് ഇരുവരുടെയും പേര് ഹൈക്കോടതി കൊളീജിയം നിയമനത്തിനായി കൈമാറിയത്. വിവിധ ഹൈക്കോടതികളിലേക്കായി നിരവധി പേരുകളാണ് കേന്ദ്രം അംഗീകരിക്കാതെ പിടിച്ചുവെച്ചിരിക്കുന്നത്.










0 comments