കേരള ഹൈക്കോടതിയുടെ നിർണ്ണായക വിധി
സംശയാലുക്കൾ ജീവിതം നരകമാക്കും, സംശയത്തിന് തെളിവില്ലെന്ന വാദം നിലനിൽക്കില്ല

കൊച്ചി: സംശയാലുക്കളായവർ ദാമ്പത്യ ജീവിതം നരകമാക്കുമെന്ന് ഹൈക്കോടതി. ഇത്തരത്തിലുള്ള അടിസ്ഥാനമില്ലാത്ത സംശയങ്ങൾ ക്രൂരത തന്നെയാണെന്നും ഹൈക്കോടതി ചൂണ്ടികാട്ടി.
വിശ്വസ്തതയെ സംശയിക്കുന്നതു ശീലമാക്കിയവർ ആരുടെയും ആത്മാഭിമാനവും സമാധാനവും ജീവിതം തന്നെയും നശിപ്പിക്കുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി.സ്നേഹലത എന്നിവരുൾപ്പെട്ട കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.
പരസ്പരവിശ്വാസമാണ് വിവാഹ ജീവിതത്തിന്റെ ആത്മാവ്. കാരണമില്ലാതെ സംശയിക്കുകയും നീക്കങ്ങൾ നിരീക്ഷിക്കുകയും സത്യസന്ധതയെ ചോദ്യം ചെയ്യുന്നത് ക്രൂരമായ പവൃത്തിയാണ്. ഇത്തരത്തിൽ വ്യക്തിസ്വാതന്ത്ര്യത്തിൽ കൂടി ഇടപെടുമ്പോൾ ആർക്കും അത് കടുത്ത മാനസിക വേദനയും അപമാനവും ഉണ്ടാക്കും.
ഇത്തരത്തിലുള്ള പെരുമാറ്റത്തിന് തെളിവ് വേണം എന്ന് പറയുന്നതിൽ അർത്ഥമില്ല. സംശയത്തിന്റെ പീഢ അനുഭവിക്കുന്ന ഭാര്യയ്ക്ക് രേഖകളോ തെളിവോ ഹാജരാക്കാൻ കഴിയണമെന്നില്ല. തെളിവ് ഹാജരാക്കിയില്ലെന്ന പേരിൽ ഹർജി തള്ളാനാവില്ല എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഭർത്താവിന്റെ സംശയം രോഗം മൂർദ്ധന്യത്തിലെത്തി വലഞ്ഞ സ്ത്രീയാണ് പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്. വിവാഹ മോചനമല്ലാതെ വഴിയില്ലാത്ത സാഹചര്യമായിരുന്നു. വിവാഹമോചനത്തിനായി കുടുംബക്കോടതിയെ സമീപിച്ചെങ്കിലും തെളിവില്ലെന്ന പേരിൽ അനുവദിച്ചില്ല. ഈ സാഹചര്യത്തിലാണ് സംശയത്തിന്റെ ക്രൂരമായ സാഹചര്യത്തിൽ കഴിയുന്നവർക്ക് തെളിവ് ഹാജരാക്കാൻ കഴിയില്ലെന്ന് കോടതി ചൂണ്ടികാട്ടിയത്.
ഭർത്താവ് പുറത്തുപോകുമ്പോൾ മുറി പൂട്ടുകയാണെന്നും തന്റെ നീക്കങ്ങൾ നിരീക്ഷിക്കുകയാണെന്നും പരാതിക്കാരി ബോധിപ്പിച്ചു. ഭർത്താവിന്റെ സാന്നിധ്യത്തിലല്ലാതെ ഫോൺ ചെയ്യാൻ അനുവദിച്ചിരുന്നില്ല.
ഇരുവരുടെയും വിവാഹം 2013 ൽ ആയിരുന്നു. വിവാഹ സമയത്ത് നഴ്സായിരുന്നു. സംശയം മൂലം സ്വന്തം ജോലി തന്നെ പരാതിക്കാരി ഉപേക്ഷിക്കേണ്ടി വന്നു. തുടർന്ന് വിദേശത്തുള്ള തന്റെയടുത്തെത്താൻ ഭർത്താവ് ആവശ്യപ്പെട്ടു. അവിടെ ജോലി ശരിയാക്കാമെന്ന് വിശ്വസിപ്പിച്ചു. വാഗ്ദാനം ചെയ്തു.
തുടർന്ന് ജോലി വിട്ട് വിദേശത്തെത്തിയെങ്കിലും സംശയം മൂർഛിച്ച സാഹചര്യമായിരുന്നു. തുടക്കം മുതൽ ഭർത്താവ് സംശയാലുവായിരുന്നെന്നും ജോലിക്കു പോകാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ നിരുത്സാഹപ്പെടുത്തിയെന്നും കോടതിയെ ബോധിപ്പിച്ചു. ഗർഭിണിയായ ശേഷം ഇതേ സംശയം കൈവിട്ട് യുവതിയെ ആക്രമിക്കുകയും മാതാപിതാക്കളെ അധിക്ഷേപിക്കുകയും ചെയ്തു.
ഈ വാദമെല്ലാം ഭർത്താവ് കോടതിയിൽ നിഷേധിച്ചു. ഭാര്യയുടെ വെറും ആരോപണങ്ങൾ എന്ന നിലയ്ക്ക് തള്ളി. സംശയങ്ങൾ തെളിവില്ലാത്ത കാര്യം എന്ന നിലയ്ക്ക് കേസിലെ ആവശ്യം തള്ളമെന്ന് ആവശ്യപ്പെട്ടു. പക്ഷെ കോടതി ഇത് നിരസിക്കയും ഭാര്യയുടെ പരാതി ശരിവെക്കുകയും ചെയ്തു. വിവാഹമോചനത്തിന് ഉത്തരവിട്ടു.










0 comments