ഹേമചന്ദ്രൻ കൊലപാതകം; മുഖ്യപ്രതി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

കോഴിക്കോട്: സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ കൊലപാതകത്തിലെ മുഖ്യപ്രതി നൗഷാദിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. വിദേശത്തുള്ള നൗഷാദിന്റെ വിസ കാലാവധി ചൊവ്വാഴ്ച തീരാനിരിക്കെയാണ് പൊലീസിന്റെ നടപടി. ഇതോടെ രാജ്യത്തെ വിമാനത്താവളങ്ങളിൽ നൗഷാദ് എത്തിയാൽ പിടികൂടാനാകും.
നേരത്തെ ഹേമചന്ദ്രന്റേത് കൊലപാതകമല്ല, ആത്മഹത്യചെയ്തതാണെന്ന വാദവുമായി നൗഷാദ് രംഗത്തെത്തിയിരുന്നു. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് നൗഷാദിന്റെ പ്രതികരണം. ‘ഹേമചന്ദ്രൻ ആത്മഹത്യചെയ്യുകയായിരുന്നു. മൃതദേഹം കണ്ടപ്പോൾ മറ്റ് വഴിയില്ലെന്ന് സുഹൃത്തുക്കൾ പറഞ്ഞതനുസരിച്ച് കുഴിച്ചിടുകയായിരുന്നു. ചെയ്‌ത തെറ്റിന് ജയിലിൽ കിടക്കാൻ തയ്യാറാണ്. വിസിറ്റിങ് വിസയിലാണ് ഞാൻ സൗദിയിലെത്തിയത്. നാട്ടിലെത്തിയാൽ കീഴടങ്ങാൻ തയ്യാറാണ്’–- നൗഷാദ് വീഡിയോയിൽ പറയുന്നു.
തനിക്കും സുഹൃത്തുക്കൾക്കും ഹേമചന്ദ്രൻ പണം നൽകാനുണ്ടായിരുന്നു. മുപ്പതോളം പേർക്ക് പണം കൊടുക്കാനുണ്ടെന്നായിരുന്നു ഹേമചന്ദ്രൻ പറഞ്ഞിരുന്നത്. പണം കിട്ടാൻ ഹേമചന്ദ്രനൊപ്പം പലയിടങ്ങളിലും പോയിരുന്നു. മൈസൂരുവിൽ പോകാനെന്ന് പറഞ്ഞ് തന്റെ വീട്ടിലേക്ക് വന്ന ഹേമചന്ദ്രനെ നേരംവെളുത്തപ്പോൾ ആത്മഹത്യചെയ്ത നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം കണ്ടപ്പോൾ എന്തുചെയ്യണമെന്നറിയാതെ സുഹൃത്തിനെ വിളിച്ചു. സുഹൃത്തുക്കളുടെ നിർദേശപ്രകാരമാണ് കുഴിച്ചിട്ടതെന്നും നൗഷാദ് പറയുന്നു.
2024 മാർച്ച് 20നാണ് ഹേമചന്ദ്രനെ കാണാനില്ലെന്ന് പറഞ്ഞ് ഭാര്യ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകിയത്. മെഡിക്കല്‍ കോളേജിന് സമീപം മായനാടുനിന്ന് കാണാതായ ഹേമചന്ദ്രനെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കം മൂലം ഒരുസംഘം കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.









0 comments