print edition ഹെലികോപ്ടർ വാടക നിരക്ക് കുറവ് കേരളത്തിൽ: മറ്റ് സംസ്ഥാനങ്ങൾ നൽകുന്നത് ഇരട്ടി തുക

തുരുവനന്തപുരം: രാജ്യത്ത് ഏറ്റവും കുറഞ്ഞ വാടക നിരക്കിൽ ഹെലികോപ്ടർ സംവിധാനം പ്രയോജനപ്പെടുത്തുന്നത് കേരളം മാത്രം. മാസം 25 മണിക്കൂർ പറക്കാൻ കേരള പൊലീസ് വാടകയ്ക്കെടുത്ത ഹെലികോപ്ടറിന് 80 ലക്ഷംരൂപ മാത്രം മാസവാടക നൽകുമ്പോൾ മറ്റ് സംസ്ഥാനങ്ങൾക്ക് ചെലവാകുന്നത് ഇരട്ടിത്തുക. ചിപ്‌സൻ ഏവിയേഷനിൽനിന്ന് കേരളം വാടകയ്ക്കെടുത്ത ആറ് സീറ്റുള്ള എയർബസ് എച്ച് 135 ഹെലികോപ്ടറിന് ജിഎസ്ടി ഉൾപ്പെടെ 80 ലക്ഷം രൂപയാണ് വാടക.
എന്നാൽ ആറു സീറ്റുള്ള ഒരു ഹെലികോപ്ടർ 20 മണിക്കൂർ പറത്താൻ ബിഹാർ സർക്കാർ ‘സ്യാന്ദൻ ഏവിയേഷൻ’ എന്ന കമ്പനിയ്ക്ക് മാസം നൽകുന്നത് 1.68 കോടി രൂപയാണ്. ഹെലികോപ്ടർ വിട്ടുനൽകുന്നതിന് മാസം 87 ലക്ഷം രൂപയും ഓരോ മണിക്കൂറിനും 99,000 രൂപ വീതവുമാണ് നൽകേണ്ടത്.
ഗുജറാത്ത് സർക്കാരിന്, കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പവൻ ഹംസ് മാസം 25 മണിക്കൂറെന്ന വ്യവസ്ഥയിൽ ഹെലികോപ്ടർ നൽകുന്നത് 2,69,50000 രൂപയ്ക്കാണ്. ആന്ധ്രപ്രദേശ്, ഒഡിഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളും ഹെലികോപ്ടറുകൾ വാടകയ്ക്ക് എടുക്കുന്നത് കേരളത്തിലേതിനേക്കാൾ കൂടിയ തുകയ്ക്കാണ്. മാധ്യമപ്രവർത്തകനും വ്യോമയാന വിഷയങ്ങളിൽ വിദഗ്ധനുമായ ജേക്കബ് കെ ഫിലിപ്പാണ് ഇൗ വിവരങ്ങൾ ഫെയ്സ്ബുക്കിൽ കുറിച്ചത്.
വാടക നിരക്കിലെ ഈ വൈരുദ്ധ്യം മാധ്യമങ്ങൾ ഗൗരവകരമായി അന്വേഷിക്കണമെന്നും കുറിപ്പിൽ പറയുന്നു. മഹാരാഷ്ട്രയ്ക്കും ഉത്തർപ്രദേശിനും ഗുജറാത്തിനും മധ്യപ്രദേശിനും ഹരിയാനയ്ക്കും സ്വന്തമായി വിമാനമുള്ളപ്പോൾ എന്തുകൊണ്ട് കേരളത്തിനും ഒരു പ്രൈവറ്റ് ജെറ്റോ ഹെലികോപ്ടറോ സ്വന്തമായി വാങ്ങിക്കൂടായെന്നും അദ്ദേഹം ചോദിക്കുന്നു
സർക്കാർ ചെലവിൽ അവയവദാനവും
അവയവ കൈമാറ്റത്തിനും മറ്റ് അവശ്യ സർവീസുകൾക്കുമായി കേരളം വാടകയ്ക്കെടുത്ത ഹെലികോപ്ടർ അഞ്ച് വർഷത്തിനിടയിൽ ആറ് തവണയാണ് ഹൃദയവുമായി പറന്നത്. വയനാട് ഉരുൾപൊട്ടൽ സമയത്ത് രക്ഷാപ്രവർത്തനത്തിനും നിരീക്ഷണത്തിനും ഇതേ ഹെലികോപ്റ്റർ ഉപയോഗിച്ചിട്ടുണ്ട്.
ഹെലികോപ്റ്റർ സേവനം വിനിയോഗിക്കുന്നതിനെക്കുറിച്ച് സർക്കാർ കൃത്യമായ മാർഗനിർദേശം ഇറക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ സമയക്രമത്തിൽ മാറ്റം വരുത്താൻ സംസ്ഥാന പൊലീസ് മേധാവിക്ക് അധികാരമുണ്ട്. സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ അവയവ ദാതാവായ ആലിൻ ഷെറിന്റെ അവയവങ്ങൾ ഈ ഹെലികോപ്ടറിൽ കൊണ്ടുവരാൻ അനുമതി ചോദിച്ചെങ്കിലും രാത്രിയായതിനാൽ സിവിൽ ഏവിയേഷൻ അനുമതി നൽകിയിരുന്നില്ല.










0 comments