സംസ്ഥാനത്ത് മഴ ശക്തമാകുന്നു; ഇന്ന് രണ്ട് ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ മാസം 21 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കാനും സാധ്യതയുണ്ട്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും പ്രത്യേക ജാഗ്രത വേണം.
തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കണ്ണൂർ തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിർദേശം നൽകി. കാലാവസ്ഥാ വകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും നിർദേശങ്ങൾ പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
വടക്കൻ തായ്‌ലൻഡിന് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇത് സെപ്റ്റംബർ 18 വൈകുന്നേരത്തോടെ വടക്കൻ ആൻഡമാൻ കടലിലേക്ക് എത്താൻ സാധ്യത. സെപ്റ്റംബർ 19 വൈകുന്നേരത്തോടെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ന്യൂനമർദം ക്രമേണ ശക്തിപ്പെടുകയും അടുത്ത 3–4 ദിവസങ്ങളിൽ പടിഞ്ഞാറ് - വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങി തെക്കൻ ഒഡിഷ-വടക്കൻ ആന്ധ്രപ്രദേശ് തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ട്.










0 comments