തെക്കൻ കേരളത്തിൽ ശക്തിപ്രാപിച്ച് മഴ: ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: തെക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരുന്നു. അടുത്ത മൂന്ന് മണിക്കൂറുകളിലും മഴ കനക്കുമെന്നാണ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ഇടുക്കി തുടങ്ങിയ തെക്കൻ ജില്ലകളിലാണ് മഴ ശക്തിപ്രാപിച്ചിരിക്കുന്നത്.
അതിശക്തമായ മഴയ്ക്ക് പിന്നാലെ തിരുവനന്തപുരം ജില്ലയിൽ കഴിഞ്ഞ ദിവസം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇതുകൂടാതെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് ഇപ്പോൾ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയേക്കുമെന്നാണ് വിവരം. 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഇടുക്കിയിലും മഴ തകൃതിയായി പെയ്യുകയാണ്. കൊച്ചി-ധനുഷ്‌കോടി ദേശീയപാത 85-ൽ അടിമാലി-മൂന്നാർ റൂട്ടിലെ രണ്ടാം മൈലിൽ വൻ പാറ വീണ് ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് ഈ വഴിയുള്ള വാഹനഗതാഗതം നിരോധിച്ചു. ദേശീയപാത നിർമാണത്തിനായി മണ്ണ് നീക്കുന്നതിനിടെ കഴിഞ്ഞ രാത്രിയിലാണ് രണ്ടാം മൈലിൽ കൂറ്റൻ പാറ റോഡിലേക്ക് പതിച്ചത്. സുരക്ഷാ ഭീഷണി പൂർണമായും ഒഴിവാകുന്നതുവരെ നിരോധനം തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.








0 comments