print edition കത്തുന്നു; 12 പേർക്കുകൂടി പൊള്ളലേറ്റു

പ്രതീകാത്മക എഐ ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചുട് മാറ്റമില്ലാതെ തുടരുന്നു. ഞായറാഴ്‌ച വിവിധയിടങ്ങളിൽ കുട്ടിക്കും അഞ്ച് ആശവർക്കമാർക്കടക്കം 12 പേർക്ക് സൂര്യാതപമേറ്റു. എറണാകുളം, പാലക്കാട്, കൊല്ലം, തൃശൂർ, ഇടുക്കി ജില്ലകളിലായാണ് സംഭവം.
എറണാകുളം തൃക്കാക്കരയിൽ വീട് സന്ദർശനം നടത്തുന്നതിനിടെയാണ് കെന്നഡിമുക്ക് യുപിഎച്ച്സിയിലെ ആശാവർക്കർമാരായ ഫാത്തിമ ബീവി, കന്യക, സജീന, മുംതാസ്, ഷംല എന്നിവർക്ക് പൊള്ളലേറ്റത്. പാലക്കാട് നാലുപേർക്കാണ് പരിക്കേറ്റത്. ഒറ്റപ്പാലത്ത് അധ്യാപകൻ തോട്ടക്കര ഗോപാലമന്ദിരം വീട്ടിൽ സുധീർ, ലക്കിടി കൂട്ടുപാതയിൽ ഓട്ടോഡ്രൈവർ പാലപ്പുറം മുതുക്കാട്ടിൽ ജയകൃഷ്ണൻ, ഒറ്റപ്പാലം സ്വദേശി ജയശ്രീ, അട്ടപ്പാടി പാടവയലിൽ താവളം സ്വദേശി പഴനിസ്വാമി എന്നിവർക്കാണ് പൊള്ളലേറ്റത്.
കൊല്ലത്ത് വീഡിയോഗ്രാഫറായ കൊട്ടിയം ഷീലാ ഭവനിൽ നിഹാൽ നജീം, തൃശൂർ ചേലക്കരയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസ്സുകാരൻ തൊട്ടേക്കാട് സ്വദേശി പ്രദീപിന്റെ മകൻ ശബരീഷ്, ഇടുക്കി കട്ടപ്പനയില്‍ ഇരുപതേക്കര്‍ താഴത്തുവീട്ടില്‍ അജീഷ് എന്നിവർക്കും പൊള്ളലേറ്റു. 12പേരും വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
അതേസമയം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്‌ക്കും 50 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറി യിച്ചു.
പാമ്പുകടിയേറ്റ് 2 മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുപേർകൂടി പാന്പുകടിയേറ്റ് മരിച്ചു. ഇടുക്കി തൊടുപുഴയിലും കണ്ണൂർ തളിപ്പറന്പിലുമായാണ് മരണം. കൊല്ലത്തും പത്തനംതിട്ടയിലും കണ്ണൂരുമായി മൂന്ന് പേർക്ക് പാന്പുകടിയുമേറ്റു. തൊടുപുഴയിൽ പുരയിടം വൃത്തിയാക്കുന്നതിനിടെ പാമ്പുകടിയേറ്റ കാഞ്ഞാർ താനിയ്ക്കപാറയിൽ വിശാലാക്ഷി(86) ആണ് മരിച്ചത്. ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. തൊട്ടടുത്ത വീട്ടിലെത്തി വിവരം പറഞ്ഞ ഉടനെ കുഴഞ്ഞുവീണു. തൊടുപുഴയിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
കണ്ണൂർ തളിപ്പറന്പിൽ വീടിനു സമീപത്തുനിന്ന് പാമ്പുകടിയേറ്റ പട്ടുവത്ത് മുതുകുടയിലെ കല്ലടത്ത് നബീസ (65)യും മരിച്ചത്. വെള്ളിയാഴ്‌ചയാണ് കടിയേറ്റത്. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം മുതുകുട ജുമാമസ്ജിദിൽ കബറടക്കി.
പത്തനംതിട്ട മല്ലപ്പള്ളി മുരണി സ്വദേശി സുരഭി നിവാസിൽ രതീഷ് കുമാറിന് (52) വീട്ടിനുള്ളിൽ വച്ച് അണലിയുടെ കടിയേറ്റു. ഉടനടി മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ആന്റിവെനം നൽകിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കൊല്ലം രാമൻകുളങ്ങര സ്വദേശി സുദേവനെ പാന്പുകടിയേറ്റ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട് വൃത്തിയാക്കുന്നതിനിടെയാണ് പാന്പുകടിച്ചത്. കണ്ണൂരിൽ തളിപ്പറമ്പ് പട്ടുവത്ത് കാവുങ്കലിൽ നമ്പ്രോൻ നാരായണി (77) യെ പാമ്പിന്റെ കടിയേറ്റതിനെ തുടർന്ന് പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായർ പകൽ 3.30 ന് വീട്ടിന് സമീപത്തുവച്ചാണ് കടിയേറ്റത്.










0 comments