ad
Deshabhimani

പൊള്ളുന്ന വെയിൽ; ഞായറാഴ്ച വരെ ആശ്വാസമില്ല, ജാഗ്രതാ നിർദേശം

heat wave

എ ഐ പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 17, 2026, 04:43 PM | 2 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത ചൂട് തു‌ടരും. വിവിധ ജില്ലകളിൽ താപനില ഉയരുന്നതിനൊപ്പം ഉയർന്ന അളവിലുള്ള അൾട്രാവയലറ്റ്(യുവി) വികിരണവും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് 12 ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു.


പാലക്കാട് ജില്ലയിൽ 40 ഡി​ഗ്രി സെൽഷ്യസ് വരെയും കൊല്ലം ജില്ലയിൽ 39 ഡി​ഗ്രി സെൽഷ്യസ് വരെയും കോട്ടയം ജില്ലയിൽ 38 ഡി​ഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് 37 ഡി​ഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരത്ത് 36 ഡി​ഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ട്. സാധാരണ താപനിലയെക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ കൂടുതലാണിത്.


ചൂടിനെ നിയന്ത്രിക്കാൻ നമ്മുടെ നിത്യജീവിതത്തിലെ ശീലങ്ങളിൽ തന്നെ കാതലായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്. കത്തുന്ന വേനലിനെ തളയ്ക്കാൻ ഒരു 'കൂൾ' ദിനചര്യ എങ്ങനെയുണ്ടാക്കാം? ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്ന പ്രധാന കാര്യങ്ങൾ നോക്കാം.


ആഹാരകാര്യത്തിൽ ഇവ ശ്രദ്ധിക്കാം..


ധാരാളം വെള്ളം കുടിക്കുക: ദാഹം തോന്നിയില്ലെങ്കിൽ പോലും ഇടയ്ക്കിടെ വെള്ളം, ഫ്രഷ് ജ്യൂസുകൾ, ഒആർഎസ് (ORS) ലായനി എന്നിവ കുടിക്കുന്നത് ശീലമാക്കുക.


ലഘുഭക്ഷണം: പോഷകാഹാരങ്ങളും ധാരാളം ജലാംശമുള്ള പഴവർഗ്ഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.


ഒഴിവാക്കേണ്ടവ: മദ്യം, കഫീൻ അടങ്ങിയ പാനീയങ്ങൾ (ചായ, കാപ്പി) എന്നിവ ചൂട് സമയത്ത് ഒഴിവാക്കുന്നത് ഉചിതമാണ്.


പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കാൻ


സമയക്രമം: രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.


യാത്രകൾ: അത്യാവശ്യമല്ലാത്ത യാത്രകൾ ഈ സമയങ്ങളിൽ ഒഴിവാക്കുക. പുറത്തിറങ്ങുമ്പോൾ തൊപ്പിയും സൺഗ്ലാസും ധരിക്കാൻ ശ്രദ്ധിക്കണം.


ചർമ്മസംരക്ഷണം: വെയിലത്തിറങ്ങുമ്പോൾ സൺസ്‌ക്രീൻ ഉപയോഗിക്കുന്നത് സൂര്യപ്രകാശത്തിൽ നിന്നുള്ള ആഘാതം കുറയ്ക്കാൻ സഹായിക്കും.


ജീവിതശൈലിയിൽ വരുത്താം ഈ മാറ്റങ്ങൾ


വസ്ത്രധാരണം: ഇളം നിറത്തിലുള്ളതും അയഞ്ഞതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.


വിശ്രമം: കഠിനമായ ജോലികൾ ഒഴിവാക്കുകയും ഇടയ്ക്കിടെ വിശ്രമിക്കുകയും ചെയ്യുക. ശരീരതാപം കുറയ്ക്കാൻ ഇടയ്ക്കിടെ കുളിക്കുന്നതും നനഞ്ഞ തുണി ഉപയോഗിച്ച് ശരീരം ഒപ്പുന്നതും ഗുണകരമാണ്.


കൂളിംഗ് സംവിധാനങ്ങൾ: ഫാനുകൾ, എയർ കണ്ടീഷണറുകൾ, കൂളറുകൾ എന്നിവയുടെ സഹായത്തോടെ വീടിനുള്ളിലെ താപനില ക്രമീകരിക്കുക.


മറ്റ് മുൻകരുതലുകള്‍


  • പുറത്ത് പോകേണ്ടാത്ത സാഹചര്യത്തില്‍ പരമാവധി വീടിനുള്ളിൽ തന്നെ ഇരിക്കുക.


  • രാവിലെ 11 മുതൽ വൈകിട്ട് 3 വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കാതിരിക്കുക.


  • പുറത്തിറങ്ങുമ്പോള്‍ വെള്ള അല്ലെങ്കിൽ ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കുക.


  • ആഹാര കാര്യത്തില്‍, ലഘുവും സമീകൃതവുമായ ഭക്ഷണം കഴിക്കുക, ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക.


  • പുറത്ത് പോകുമ്പോള്‍ തലയും മുഖവും കൂടുതല്‍ സംരക്ഷിക്കുക. ഇതിനായി സൺസ്ക്രീൻ, കുട, തൊപ്പി എന്നിവ ഉപയോഗിക്കുക.


  • കനത്ത ചൂടില്‍ നിന്നും രക്ഷ നേടാന്‍ പക്ഷികൾക്കും മൃ​ഗങ്ങൾക്കും വെള്ളം ലഭ്യമാക്കുക.


  • പ്രായമായവർ, കുട്ടികൾ, ​ഗർഭിണികൾ, രോ​ഗികൾ, വികലാം​ഗർ എന്നിവർക്ക് കൂടുതൽ ശ്രദ്ധ ‍നൽകാം.


  • വരും കാലങ്ങളില്‍ ചൂട് വര്‍ധിക്കും, എന്നതിനാല്‍ ഇപ്പോഴേ മരങ്ങൾ നട്ട് തണലൊരുക്കാം


  • കേന്ദ്ര സംസ്ഥാന കാലാവസ്ഥ പ്രവചനം ശ്രദ്ധിക്കുക, ഇതിനായി സമൂഹ മാധ്യമങ്ങള്‍, മറ്റ് മാധ്യമങ്ങള്‍ എന്നിവ ശ്രദ്ധിക്കാം


  • താപനിലയിൽ വരുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുക


  • അടിയന്തര സാഹചര്യങ്ങളെ നേരിടാൻ പ്രഥമ ശുശ്രൂക്ഷ പഠിക്കാന്‍ ശ്രമിക്കുക



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home