ഹൃദയം ലഭിക്കാൻ തടസ്സമായത് കേന്ദ്ര അവയവദാന നിയമത്തിലെ മുൻഗണനാക്രമം
print edition കേരളത്തിന് നന്ദി; ചേർത്തുപിടിച്ചതിന്, പുതുജീവൻ തന്നതിന്

ദുർഗയുടെ സഹോദരൻ തിലക് കാമി
കൊച്ചി
‘‘കേരളത്തിന് നന്ദി’’–തൊഴുകൈയോടെ തിലക് കാമി പറഞ്ഞപ്പോൾ കണ്ണീർ ഒഴിഞ്ഞ മിഴികളിൽ സന്തോഷം തിളങ്ങി. ‘‘സഹോദരിയുടെ ഹൃദയംമാറ്റിവയ്‌ക്കാൻ പലസ്ഥലങ്ങളിൽ സഹായം തേടി അലഞ്ഞിരുന്നു. കേരളമാണ് ഞങ്ങളെ ചേർത്തുപിടിച്ചത്. ഇവിടത്തെ സർക്കാരും ജനറൽ ആശുപത്രിയിലെ ഡോക്ടർമാരും ഞങ്ങൾക്കൊപ്പം നിന്നു. എല്ലാ സഹായവും നൽകി. ഇപ്പോഴിതാ ഹൃദയം മാറ്റിവച്ചു. ചികിത്സയുടെ ഓരോഘട്ടത്തിലും ഡോക്ടർമാർ എല്ലാം വിശദീകരിച്ചിരുന്നു. മികച്ച ആരോഗ്യസേവനമാണ് ലഭ്യമാക്കിയത്. ചേർത്തുപിടിച്ചതിന്, സ്‌നേഹത്തിന് നന്ദി’’– തിലക് കാമിയുടെ വാക്കുകൾ മുറിഞ്ഞു, മാഞ്ഞുപോയ ചിരി ചുണ്ടിൽ തിരിച്ചെത്തി.
എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയംമാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയക്ക് വിധേയയായ ദുർഗ കാമിയുടെ സഹോദരനാണ് തിലക് കാമി. ശസ്‌ത്രക്രിയക്കായി ഒരുവർഷമായി ഇവർ കാത്തിരിക്കുകയായിരുന്നു . ഞായർ രാത്രിയോടെയാണ് ശസ്‌ത്രക്രിയക്ക് വഴിയൊരുങ്ങിയ വിവരം അറിഞ്ഞത്. ആ നിമിഷം സഹോദരങ്ങൾ കരഞ്ഞു. ആശുപത്രി അധികൃതരോട് സംസാരിക്കാൻ വാക്കുകൾ കിട്ടാതെ വിഷമിച്ചു. അതുവരെ ഹൃദയത്തിനായി കാത്തിരുന്ന ദുർഗയും സഹോദരനും ശസ്‌ത്രക്രിയയുടെ സമയം അടുക്കുന്തോറും പരിഭ്രമത്തിലായി. ജനറൽ ആശുപത്രി സൂപ്രണ്ടും ജീവനക്കാരും ഇവർക്ക് ധൈര്യം പകർന്നു.
ഹൃദയഭിത്തികൾക്ക് കനംകൂടുന്ന ഹൈപ്പർ ഹെറിഡിറ്ററി കാർഡിയോമയോപ്പതിയായിരുന്നു ദുർഗയ്‌ക്ക്. ഇതേ അസുഖം ബാധിച്ചാണ് അമ്മയെയും സഹോദരിയെയും നഷ്ടമായത്. നേപ്പാൾ ഗഞ്ചിൽ മലയാളി നടത്തുന്ന അനാഥാലയത്തിലാണ് ബിരുദവിദ്യാർഥിനിയായ ദുർഗ വളർന്നത്. ലക്‌നൗവിലും കാഠ്‌മണ്ഡുവിലും ചികിത്സ നടത്തി. പിന്നീട് ധർമപുരിയിലും അമൃത ആശുപത്രിയിലുമെത്തി. ഹൃദയം മാറ്റിവയ്‌ക്കലാണ് പരിഹാരമെന്ന് ഡോക്ടർമാർ വിധിയെഴുതി. സാന്പത്തിക പരാധീനതമൂലം തുടർചികിത്സ എറണാകുളം ജനറൽ ആശുപത്രിയിലാക്കുകയായിരുന്നു. സഹോദരൻ തിലകിനൊപ്പം പോണേക്കരയിൽ സുമനസ്സുകളിൽ ഒരാൾ നൽകിയ വീട്ടിലായിരുന്നു താമസം.

ഹൃദയംമാറ്റിവയ്ക്കൽ ശസ്‌ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ എറണാകുളം ജനറൽ ആശുപത്രിയിലെ
മെഡിക്കൽ സംഘം ജീവനക്കാരോടൊ പ്പം ആഹ്ലാദം പങ്കിടുന്നു
നിയമക്കുരുക്കഴിച്ച് ഹെെക്കോടതി
നേപ്പാൾ സ്വദേശിനി ദുർഗ കാമിക്ക് ഹൃദയം മാറ്റിവയ്‌ക്കാൻ വഴിയൊരുങ്ങിയത് ഹൈക്കോടതിയുടെ ഇടപെടലിൽ. വിദേശപൗരയെന്ന നിലയിൽ, മൃതസഞ്ജീവനി പട്ടികയിലെ മുൻഗണനാക്രമത്തിൽ ഏറെ പിന്നിലായിരുന്നു ദുൾഗ. ഇത് പരിഹരിച്ചാണ് ശസ്ത്രക്രിയ സാധ്യമാക്കിയത്. നിലവിലുള്ള കേന്ദ്രനിയമപ്രകാരം അവയവമാറ്റ ലിസ്റ്റിൽ പിന്നിലായതോടെയാണ് ദുർഗ ഹൈക്കോടതിയെ സമീപിച്ചത്. ലിസ്റ്റിൽ മുൻഗണന നൽകണമെന്ന അപേക്ഷ അടിയന്തരമായി പരിഗണിക്കാൻ ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ ഡിസംബർ 11ന് ഉത്തരവിട്ടു. തുടർന്ന് നടപടികൾ വേഗത്തിലായി.
ഹൃദയഭിത്തികൾക്ക് കനംകൂടുന്ന ഹൈപ്പർ ഹെർഡിക്ടറി കാർഡിയോമയോപ്പതി എന്ന രോഗമായിരുന്നു ദുർഗയ്‌ക്ക്. ഹൃദയാഘാതം ഏതുനിമിഷവും സംഭവിച്ചേക്കുമെന്ന് ചൂണ്ടിക്കാട്ടി ജനറൽ ആശുപത്രി മെഡിക്കൽ ബോർഡ് സമർപ്പിച്ച റിപ്പോർട്ടും കോടതി പരിഗണിച്ചു. ലിസ്റ്റിൽ പിന്നിലുള്ളവരായാലും, ആരോഗ്യസ്ഥിതിയും കാത്തിരിപ്പുകാലാവധിയും കണക്കിലെടുത്ത് അടിയന്തര ശസ്ത്രക്രിയ വേണ്ടവർക്ക് മുൻഗണന നൽകാറുണ്ടെന്ന സർക്കാർനിലപാടും കോടതി അംഗീകരിച്ചു. ഇതോടെയാണ് നിയമക്കുരുക്ക് അഴിഞ്ഞത്. ദുർഗ കാമിയുടെ ദുരവസ്ഥ സംബന്ധിച്ച് ദേശാഭിമാനി മുൻപ് വാർത്തയും നൽകിയിരുന്നു.
യോജിച്ച ഹൃദയത്തിനായി ദുർഗ 2025 ഫെബ്രുവരി 22ന് കെ- സോട്ടോ പോർട്ടലിൽ രജിസ്റ്റർ ചെയ്തിരുന്നു. കേന്ദ്ര അവയവമാറ്റചട്ടങ്ങൾപ്രകാരം സംസ്ഥാന, മേഖല, ദേശീയ, വിദേശ വംശജരുടെ പട്ടികകൾക്കുശേഷമാണ് വിദേശികളെ പരിഗണിക്കേണ്ടത്. അതിനാൽ ദുർഗ, ലിസ്‌റ്റിൽ പിന്നിലാകുകയായിരുന്നു. ദുർഗയ്‌ക്കുവേണ്ടി അഡ്വ. അരുൺ അശോകാണ് ഹൈക്കോടതിയിൽ ഹാജരായത്.
ഇവർ സൂപ്പർ ഹീറോസ്
വീണ്ടും അഭിമാനമായി എറണാകുളം ജനറൽ ആശുപത്രി. ഹൃദയംമാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ നടത്തിയ രാജ്യത്തെ ആദ്യജില്ലാതല ആശുപത്രിയെന്ന നേട്ടത്തിന് തിളക്കമേറെ. എൽഡിഎഫ് സർക്കാർ ആരോഗ്യമേഖലയിൽ നടത്തിയ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളുടെ ചിറകിലേറിയാണ് ജനറൽ ആശുപത്രിയുടെ കുതിപ്പ്.
‘‘ ദുർഗ കാമിക്ക് ഹൃദയംമാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ നടത്താൻ കഴിഞ്ഞത് വളരെ അഭിമാനകരവും സന്തോഷകരവുമാണെന്ന് ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആർ ഷാഹിർ ഷാ പറഞ്ഞു. തിരുവനന്തപുരത്ത് ഷിബുവിൽനിന്ന് ഹൃദയം വേർപെടുത്തുന്പോൾ ഇവിടെ ശസ്‌ത്രക്രിയക്ക് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. ശസ്‌ത്രക്രിയക്കുശേഷം ഏതെങ്കിലും പ്രതിപ്രവർത്തനം രോഗിയിലുണ്ടാകുന്നത് നേരിടാനുള്ള സംവിധാനങ്ങളും തയ്യാറാണ്. നല്ല ഹൃദയമാണ് ലഭിച്ചിരിക്കുന്നത്’’– സൂപ്രണ്ട് പറഞ്ഞു.
ഡോ. ജോർജ് വാളൂരാൻ, ഡോ. പോൾ തോമസ്, ഡോ. ജിയോ പോൾ, ഡോ. രാഹുൽ സതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്‌ത്രക്രിയ. സാധാരണക്കാരുടെ ആശ്രയമാണ് എറണാകുളം ജനറൽ ആശുപത്രി. മികച്ച ചികിത്സ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് എൽഡിഎഫ് സർക്കാർ വികസനപ്രവർത്തനങ്ങൾ നടപ്പാക്കിയത്. രാജ്യത്ത് ആദ്യമായി ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ, വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ എന്നിവ നടത്തിയ ജില്ലാതല ആശുപത്രിയാകാൻ കഴിഞ്ഞത് ഇതേത്തുടർന്നാണ്. കഴിഞ്ഞവർഷം ഡിസംബറിൽ ഹൃദയംമാറ്റിവയ്‌ക്കാനുള്ള ലൈസൻസ് നേടി. 2021ൽ ആധുനിക സൗകര്യങ്ങളുള്ള കാർഡിയോതൊറാസിക് വിഭാഗം ആരംഭിച്ചു. മാസം 15 ഓപ്പൺ ഹാർട്ട് സർജറിയും 18 മുതൽ 20 വരെ ആൻജിയോ പ്ലാസ്‌റ്റിയും ചെയ്യുന്നു. ആധുനിക നിലവാരത്തിലുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, ഡയാലിസിസ് സെന്റർ, ക്യാൻസർ ബ്ലോക്ക്, സ്‌മാർട്ട് ഒപി ഉൾപ്പെടെ സമാനതകളില്ലാത്ത വികസനങ്ങളും സർക്കാർ നടപ്പാക്കി. രണ്ട് കാത്ത്‌ലാബുള്ള സംസ്ഥാനത്തെ ഏക ജനറൽ ആശുപത്രിയുമാണ്.

ഹൃദയമാറ്റ ശസ്‌ത്രക്രിയക്കുമുമ്പ് എറണാകുളം ജനറൽ ആശുപത്രിയിലെത്തിയ മന്ത്രി പി രാജീവ് സൂപ്രണ്ട് ഡോ. ആർ ഷാഹിർഷാ,
കാർഡിയോളജി വിഭാഗത്തിലെ ഡോ. വിജോ ജോർജ് എന്നിവരുമായി സംസാരിക്കുന്നു
ഇത് ചരിത്രം: മന്ത്രി പി രാജീവ്
രാജ്യചരിത്രത്തിൽ ആദ്യമായാണ് സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയമാറ്റ ശസ്‌ത്രക്രിയ നടത്തിയതെന്ന് മന്ത്രി പി രാജീവ്. ശസ്‌ത്രക്രിയ ഒരുക്കങ്ങൾ ആശുപത്രിയിൽ എത്തി വിലയിരുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ ആശുപത്രിയായി എറണാകുളം ജനറൽ ആശുപത്രി മാറി. ഹൃദയംമാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയക്കായി എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിരുന്നു. ഹൃദയം എത്തിക്കാൻ ഹെലികോപ്‌ടർ സൗകര്യവും ഏർപ്പാടാക്കി. ഒരുവർഷമായി നേപ്പാൾ സ്വദേശിനി ഇവിടെ ചികിത്സയിലാണ്. നിയമപ്രശ്‌നങ്ങൾ കാരണമാണ് നേരത്തേ ശസ്‌ത്രക്രിയ നടത്താൻ കഴിയാതിരുന്നത്. കോടതി ഉത്തരവ് വന്നതോടെ ശസ്‌ത്രക്രിയക്ക് വഴിയൊരുങ്ങി. പൂർണമായും സൗജന്യമായാണ് ചികിത്സയെന്നും മന്ത്രി പറഞ്ഞു.

നിലയ്‌ക്കാത്ത സ്‌നേഹം; സമാനതകളില്ലാത്ത കരുതൽ
മരണം ദുർഗ കാമിയുടെ കൺമുന്നിലുണ്ടായിരുന്നു. ഏതുനിമിഷവും ആ ഹൃദയം നിലയ്‌ക്കുമായിരുന്നു. ദുർഗയേക്കാൾ എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർമാർക്കും സംസ്ഥാന സർക്കാരിനും അതറിയാമായിരുന്നു. അതുകൂടി കണക്കിലെടുത്താണ് ഹൃദയംമാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയക്ക് ഹൈക്കോടതിയിൽനിന്ന് അനുകൂല ഉത്തരവുണ്ടായ ഉടൻ അതിവേഗം സർക്കാർ നടപടികൾ സ്വീകരിച്ചത്.
എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിയ ഘട്ടംമുതൽ ചികിത്സ പൂർണമായും സൗജന്യമായിരുന്നു. ശസ്‌ത്രക്രിയ നടത്തിയതും സൗജന്യമായാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഇതിനാവശ്യമായ നിർദേശങ്ങൾ നൽകി. ആരോഗ്യമന്ത്രി വീണാ ജോർജും വ്യവസായമന്ത്രി പി രാജീവും തുടർനടപടികളും ക്രമീകരണങ്ങളും ഒരുക്കി.
ആഭ്യന്തരവകുപ്പിന്റെ ഹെലികോപ്‌ടറിലാണ് ഹൃദയം തിരുവനന്തപുരത്തുനിന്ന് എറണാകുളത്ത് എത്തിച്ചത്. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടന്ന ആശുപത്രികളിലേക്കുള്ള വഴികളില്‍ പൊലീസ് സുഗമമായ ഗതാഗതം ഉറപ്പാക്കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്, പൊലീസ്, ജില്ലാ ഭരണസംവിധാനം എന്നിവ സംയുക്തമായി പ്രവര്‍ത്തിച്ചു. കെ സോട്ടോയാണ് അവയവവിന്യാസം ഏകോപിപ്പിച്ചത്. എറണാകുളം ജനറൽ ആശുപത്രിയിൽ ശസ്‌ത്രക്രിയക്കായി എല്ലാവിധ സൗകര്യങ്ങളും സജ്ജമാക്കി. ദുർഗ കാമിയും സഹോദരനും നടത്തിയ നിയമപോരാട്ടത്തിനും ജനറൽ ആശുപത്രിയുടെയും സർക്കാരിന്റെയും പിന്തുണയുണ്ടായിരുന്നു.










0 comments