ഷിഗല്ല: മരണം നാലായി; പ്രതിരോധം പാളുന്നു; നാഥനില്ലാതെ ആരോഗ്യ രംഗം

ഫോട്ടോ: ബിനു രാജ്
കോഴിക്കോട്: നിപായ്ക്കും ഷിഗല്ലയ്‌ക്കും പുറമേ ആശങ്കയുയർത്തി പകർച്ചവ്യാധികൾ പടർന്നു പിടിക്കുമ്പോഴും നാഥനില്ലാതെ ആരോഗ്യ രംഗം. ഷിഗല്ല ബാധിച്ച് ഈ വർഷം ഇതുവരെ നാല് പേരാണ് മരണപ്പെട്ടത്. ഇതിൽ മൂന്നുപേരും കുട്ടികളാണ്. പ്രതിരോധ പ്രവർത്തനം പാളുകയും രോഗവ്യാപനത്തിനെതിരെ സത്വരനടപടി സ്വീകരിക്കാത്തതുമാണ് രോഗം വ്യാപിക്കാൻ ഇടയാക്കുന്നത്.
കൂടുതൽ ഷിഗല്ല ബാധിതർ കോഴിക്കോടാണ്– 68 പേർ. മരിച്ച രണ്ടുപേർ കോഴിക്കോട്ടും മറ്റ് രണ്ടുപേർ മലപ്പുറത്തുമാണ്. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ ഏഴുവയസുകാരനാണ് തിങ്കളാഴ്ച മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കോഴിക്കോട് ജില്ലയിൽ ഞായറാഴ്‌ച പുതിയ രണ്ടു ഷിഗല്ല കേസുകൾകൂടി റിപ്പോർട്ട് ചെയ്തു. പയ്യോളിയിൽ ഒമ്പത് വയസുകാരനും കുന്നമംഗലത്ത് ഒരു വയസുള്ള കുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരുടെയും ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. ഒമ്പതുവയസുകാരന്റെ ബന്ധുവായ മൂന്നര വയസുകാരനും കഴിഞ്ഞ ദിവസം ഷിഗല്ല സ്ഥിരീകരിച്ചിരുന്നു. ഈ കുട്ടി ചികിത്സ പൂർത്തിയാക്കി ആശുപത്രി വിട്ടു.
വയനാട് ജില്ലയിൽ 16, തിരുവനന്തപുരം 14, മലപ്പുറം 13, കൊല്ലം 6, ആലപ്പുഴ 6, തൃശൂർ 4, ഇടുക്കി 3, എറണാകുളം 2, കണ്ണൂർ 2, കോട്ടയം 1 എന്നിങ്ങനെയാണ് ഷിഗല്ല ബാധിതർ.
നിപാ പ്രതിരോധത്തിൽ തുടക്കത്തിൽ തന്നെ സർക്കാരിന് പാളി. മന്ത്രിമാരാരും തിരിഞ്ഞുനോക്കിയില്ല. വലിയ വിമർശനമുയർന്നതോടെയാണ് ആരോഗ്യ മന്ത്രി കെ മുരളീധരൻ ഞായറാഴ്‌ച കോഴിക്കോട് ജില്ലയിലെത്തിയത്.
ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളിലും മഴക്കാലപൂർവ ശുചീകരണം പാളി. യാതൊരു മുന്നൊരുക്കവും നടത്താൻ തദ്ദേശ സ്വയംഭരണ വകുപ്പിനായില്ല. പലയിടത്തും ഓവുചാലുകൾ പോലും വൃത്തിയാക്കിയിട്ടില്ല. മാലിന്യനീക്കം നിലച്ചു. പ്രധാന ആശുപത്രികളിൽപോലും ഡോക്ടർമാരും നഴ്‌സുമാരുമില്ല. അന്യായ സ്ഥലംമാറ്റവും ഒഴിവുകൾ നികത്താത്തതും പ്രതിസന്ധിയാണ്.
കോഴിക്കോട് ജില്ലയിൽ മെഡിക്കൽ കോളേജ് ഒഴികെയുള്ള ആശുപത്രികളിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരടക്കം പുതിയ 36 പേർ വേണം. കോഴിക്കോട് മെഡിക്കൽ കോളേജിൽ സർജറി വിഭാഗത്തിൽ മാത്രം എട്ട് ഒഴിവുണ്ട്. നാല് പ്രൊഫസർമാരുണ്ടായതിൽ ഒരാളെ മാറ്റി. മെഡിക്കൽ കോളേജിൽ ചുരുങ്ങിയത് 250 പുതിയ നഴ്‌സുമാരുടെ ആവശ്യമാണുള്ളത്.
മെഡിക്കൽ കോളേജിൽ ഉൾപ്പെടെ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സ്ഥാപിതമായ ആശുപത്രി കെട്ടിടങ്ങളിൽ പുതിയ സംവിധാനമൊരുക്കണം. ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കണം. ഇക്കാര്യങ്ങളിലൊന്നും ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. മഴക്കാല രോഗങ്ങൾ മുന്നിൽകണ്ടുള്ള ഒരു ആസൂത്രണവും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. പ്രാദേശിക തലത്തിൽ വിമർശനമുയരുമ്പോൾ മാത്രമാണ് ഇടപെടൽ ഉണ്ടാവുന്നത്.










0 comments