സ്ഥലം മാറ്റിയതിലെ മനോവിഷമം: കണ്ണൂരിൽ ഹെൽത്ത് ഇൻസ്‌പെക്‌ടർ കുഴഞ്ഞുവീണു മരിച്ചു

ദീപലേഖ
തലശേരി : ആരോഗ്യസ്ഥിതി മാനിക്കാതെ സ്ഥലം മാറ്റിയതിലുള്ള മനോവിഷമത്തെത്തുടർന്ന് ഹെൽത്ത് ഇൻസ്‌പെക്‌ടർ കുഴഞ്ഞുവീണു മരിച്ചു. ചൊക്ലി കുടുംബാരോരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്‌ടർ കോഴിക്കോട് വടകര മേപ്പയിലെ ശ്രീസ്ഥയിൽ ആർ ദീപ ലേഖ(52)യാണ് മരിച്ചത്. പ്രശസ്‌ത നാടക സംവിധായകൻ സുരേഷ്‌ബാബു ശ്രീസ്ഥയാണ് ഭര്‍ത്താവ്. സെക്ഷൻ മാറ്റിയതിലെ മനോവിഷമത്തിൽ കാസർകോട് കലക്‌ടേറേറ്റിലെ ക്ലാർക്ക് നെല്ലിക്കട്ട അത്രക്കുഴിയിലെ എ ആശാലത (42) കഴിഞ്ഞ ദിവസം ജീവനൊടുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലം മാറ്റത്തെത്തുടർന്നുണ്ടായ മനോവിഷമത്തിൽ ഹെൽത്ത് ഇൻസ്പെക്ടറും കുഴഞ്ഞുവീണ് മരിച്ചത്.
തിങ്കൾ പകൽ 12.45ഓടെയായിരുന്നു സംഭവം. ചൊക്ലി പഞ്ചായത്ത് ആരോഗ്യ സ്‌റ്റാൻഡിങ് കമ്മിറ്റി യോഗത്തിനെത്തിയ ദീപലേഖ സ്ഥലംമാറ്റം സംബന്ധിച്ചുള്ള പ്രയാസം പറയുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. മുഖമടിച്ച് നിലത്തു വീണതിനാൽ മൂക്കിൽ നിന്നടക്കം ചോരവന്നു. പഞ്ചായത്ത് പ്രസിഡന്റ് എൻ അനൂപും വൈസ് പ്രസിഡന്റ് കെ എം സപ്‌നയും ചേർന്ന് ഉടൻ തൊട്ടടുത്ത ചൊക്ലി മെഡിക്കൽ സെന്ററിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. നില ഗുരുതരമായതിനാൽ കണ്ണൂർ മിംസിലേക്ക് കൊണ്ടുപോയെങ്കിലും പകൽ രണ്ടോടെ മരിച്ചു.
നാല് മാസം മുൻപാണ് ചൊക്ലി എഫ്‌എച്ച്‌സിയിലേക്ക് സ്ഥലംമാറിയെത്തിയത്. അപകടത്തിൽ കാലിന്റെ എല്ല് പൊട്ടി രണ്ട് മാസം കിടപ്പിലായിരുന്നു. തിരികെ ജോലിക്കെത്തിയെങ്കിലും നടക്കാൻ പ്രയാസമായിരുന്നു. ഇതിനിടയിലാണ് സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് വന്നത്. ഏതാനും ദിവസമായി സ്ഥലംമാറ്റിയതിന്റെ പ്രയാസത്തിലായിരുന്നു ദീപലേഖയെന്ന് സഹപ്രവർത്തകർ പറയുന്നു. കൂടുതൽ ദൂരം യാത്രചെയ്യേണ്ടതും ബസ്സുകൾ കയറുമ്പോഴുള്ള പ്രയാസവും സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാനോട് പങ്കുവച്ചിരുന്നു.
രാഘവൻ– ഡയാന പേൾ ദമ്പതികളുടെ മകളാണ്. മകൾ: അമ്മലു ലക്ഷ്മി(എൻജിനിയർ, സ്നൈഡർ ബംഗളൂരു). സഹോദരൻ: ലിനീഷ് രാജ്. മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.









0 comments