‘മുഖ്യമന്ത്രിയുടെ പരാമർശം വേദനിപ്പിച്ചു, സന്ദർശിച്ചില്ലെങ്കിലും തിരച്ചിൽ ഊർജിതമാക്കണം': ജോണിന്റെ മകൾ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ ഒരു വിഭാഗം ജനങ്ങളെ വേദനിപ്പിക്കുന്നതാണെന്നും അതിൽ അദ്ദേഹം മാപ്പുപറയണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും ജോണിന്റെ മകൾ ജിജി. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ശരിയല്ലെന്നും അത് ഭാവിയിൽ എങ്ങനെ ബാധിക്കുമെന്ന് ചിന്തിക്കണമെന്നും ജിജി പറഞ്ഞു. കടലിൽ കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ വീട്ടിൽ 11-ാം ദിവസമാണ് മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി വി ഇ അബ്ദുൽ ഗഫൂറും എത്തിയത്.
'ആ പദവിയിലിരുന്ന് അത് പറയരുതായിരുന്നു. അതേറെ വേദനിപ്പിച്ചു. ഉത്തരവാദിത്തപ്പെട്ട കസേരയിൽ ഇരിക്കുന്നവരുടെ ഭാഗത്തു നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പരാമർശങ്ങളാണിത്. ഒരു സമൂഹത്തെ തന്നെ അവഹേളിക്കുന്നതാണിത്. വിഷയത്തിൽ മുഖ്യമന്ത്രി മാപ്പു പറയണം.' ജോണിന്റെ മകൾ പറഞ്ഞു.
ജനപ്രതിനിധികളിൽ നിന്നുണ്ടാകാൻ പാടില്ലാത്തതാണിത്. ഇനി പരാമർശങ്ങൾ നടത്തുമ്പോഴെങ്കിലും ഒരു വിഭാഗം ജനതയെ അടിച്ചമർത്തുന്ന രീതിയിലാകരുത്. അവരുടെ കൂടി വോട്ടാണ് നിങ്ങളുടെ കസേരകൾ എന്ന് മറക്കാതിരിക്കുക. മുഖ്യമന്ത്രി ഇവിടേക്ക് വരണമെന്നും കുടുംബക്കാരെ ആശ്വസിപ്പിക്കണമെന്നും പറയുന്നില്ല. അതിനേക്കാളുപരി രക്ഷാപ്രവർത്തനത്തിനാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടത് ജിജി പറഞ്ഞു.
തിരച്ചിലിലെ അനാവസ്ഥ ചൂണ്ടിക്കാട്ടി വിമർശനങ്ങൾ ശക്തമായതിനെ തുടർന്ന്, മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതാകുന്നത് ആദ്യമായല്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. ഇത്തരം ഗൗരവതരമായ വിഷയമായിരുന്നിട്ടും ബാലിശമായ പ്രതികരണങ്ങൾ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും നടത്തിയതിൽ വലിയ ആക്ഷേപങ്ങളുമുണ്ടായി.
ജോണിനെ കാണാതായി 11 ദിവസം പിന്നിട്ടിട്ടും തിരച്ചിൽ തുടരുകയാണ്. വിഴിഞ്ഞത്ത് ജോണിനും മുതലപ്പൊഴിയിൽ ഷിജിനും നീണ്ടകരയിൽ ഗൗതമിനുമായാണ് നിലവിൽ തിരച്ചിൽ നടക്കുന്നത്.
കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ വൈകുന്നതിലും ഏകോപനമില്ലായ്മയിലും നേരത്തെ തന്നെ കുടുംബങ്ങളിൽനിന്നും പ്രതിഷേധം ഉയർന്നിരുന്നു. തിരച്ചിൽ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ വിവിധ സർക്കാർ ഓഫീസുകളിലും തീരദേശ പൊലീസ് സ്റ്റേഷനിലും എത്തി പരാതി നൽകിയിരുന്നു. ഫിഷറീസ് മന്ത്രിയുടെ ഭാഗത്തുനിന്ന് യാതൊരുവിധ ഇടപെടലുമുണ്ടായില്ലെന്നും കുടുംബം പറഞ്ഞിരുന്നു.
സ്‌കൂബാ സംഘത്തെ ഉൾപ്പെടുത്തി തിരച്ചിൽ നടത്തുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും നടപടി വൈകിയത് വിമർശനത്തിനിടയാക്കിയിരുന്നു. കടൽ ശാന്തമായിരുന്ന സമയത്ത് ആവശ്യമായ സംവിധാനങ്ങൾ നേരത്തെ എത്തിച്ചിരുന്നെങ്കിൽ തിരച്ചിൽ കൂടുതൽ കാര്യക്ഷമമാക്കാമായിരുന്നുവെന്നും നാട്ടുകാരും കുടുംബാംഗങ്ങളും പറഞ്ഞു.










0 comments