മോദിസർക്കാരിനെതിരെ വനിതകളുടെ പ്രതിഷേധക്കടൽ; രാജ്യവ്യാപകമായി സ്ത്രീകളുടെ വൻപങ്കാളിത്തം

ഹരിയാനയിൽ സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച സ്ത്രീകൾ. ഫോട്ടോ: പി വി സുജിത്
ന്യൂഡൽഹി : കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ, കർഷകദ്രോഹ നടപടികൾക്കെതിരെ ട്രേഡ് യൂണിയനുകളുടെയും സംയുക്ത കിസാൻ മോർച്ചയുടെയും നേതൃത്വത്തിൽ നടന്ന ജയിൽനിറയ്‌ക്കൽ സമരത്തിൽ ശ്രദ്ധേയമായി വനിതകളുടെ പങ്കാളിത്തം. രാജ്യമൊട്ടാകെ വിവിധയിടങ്ങളിലായി സ്ത്രീകളുടെ വൻ പങ്കാളിത്തമാണ് സമരത്തിനുണ്ടായത്. പലയിടങ്ങളിലും പ്രതിഷേധ സമരത്തിന് വനിതകൾ നേതൃത്വം നൽകി. ഗ്യാസ് പ്രതിസന്ധിയും വിലക്കയറ്റവുമടക്കം പല നടപടികളിലൂടെയും ജനങ്ങളെ ദ്രോഹിച്ചുകൊണ്ടിരിക്കുന്ന മോദി സർക്കാരിനുള്ള ശക്തമായ താക്കീതായി സമരത്തിലെ സ്ത്രീ പങ്കാളിത്തം മാറി. സർക്കാരിന്റെ വിവിധ ജനദ്രോഹ നടപടികളിൽ ഏറ്റവുമധികം ബുദ്ധിമുട്ടനുഭവിക്കുന്ന വനിതകളുടെ ശക്തമായ പ്രതിഷേധമായി സമരം മാറി.
ഹരിയാനയിൽ നിന്നുള്ള ദൃശ്യം. ഫോട്ടോ: പി വി സുജിത്
വിലക്കയറ്റം, തൊഴിലില്ലായ്മ, തൊഴിൽ സുരക്ഷിതത്വമില്ലായ്മ, പൊതുവിതരണ സംവിധാനത്തിലെ പ്രശ്നങ്ങള്‍, സാമൂഹ്യക്ഷേമ പദ്ധതികളിലെ വെട്ടിക്കുറയ്ക്കൽ എന്നിവ സ്ത്രീകളുടെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്നുവെന്ന് സമരക്കാർ ചൂണ്ടിക്കാട്ടി. ഭക്ഷ്യവസ്തുക്കളുടെയും പാചകവാതകത്തിന്റെയും വിലവർധന കുടുംബ ബജറ്റിനെ തകർക്കുമ്പോൾ അതിന്റെ ഏറ്റവും വലിയ ഭാരം ഏറ്റെടുക്കേണ്ടിവരുന്നത് സ്ത്രീകൾക്കാണെന്നും പ്രതിഷേധക്കാർ പറഞ്ഞു. അസംഘടിത മേഖലയിലും കാർഷിക മേഖലയിലും ജോലി ചെയ്യുന്ന സ്ത്രീകൾക്ക് തൊഴിലും വരുമാനവും കുറഞ്ഞതും സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങൾ പരിമിതപ്പെട്ടതും സ്ത്രീകളെ കൂടുതൽ ദുരിതത്തിലാക്കി.
അസം ലഘിംപൂരിലെ സമരം. ഫോട്ടോ: പി വി സുജിത്
രാജ്യത്തെ വനിതകൾക്ക് തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കിയിരുന്ന തൊഴിലുറപ്പ് പദ്ധതിക്ക് മോദി സർക്കാർ കത്തിവച്ചിരുന്നു. ഇടതുപക്ഷത്തിന്റെ ശ്രമഫലമായാണ് യുപിഎ സർക്കാർ രണ്ടുപതിറ്റാണ്ട് മുമ്പ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത്. ഗ്രാമീണ മേഖലയിലെ സ്ത്രീകൾക്ക് തൊഴിലും വരുമാനവും ഉറപ്പാക്കിയിരുന്ന പദ്ധതി മോദി സർക്കാർ ഇല്ലാതാക്കിയതോടെ നിരവധി സ്ത്രീകളുടെ വരുമാനവും സാമ്പത്തിക സുരക്ഷയുമാണ് ഇല്ലാതെയായത്. ഇതടക്കം ഉയർത്തിയാണ് പതിനായിരക്കണക്കിന് സ്ത്രീകൾ സമരത്തിൽ അണിനിരന്നത്. വിവിധയിടങ്ങളിൽ പ്രതിഷേധിച്ച സ്ത്രീകളെ അറസ്റ്റ് ചെയ്ത് മാറ്റി. ഹരിയാനയിലെ ഭിവാനി ജില്ലാ കോടതിക്ക് മുന്നിൽ പ്രതിഷേധിച്ച നൂറുകണക്കിന് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു.

സമരത്തിന്റെ ഭാഗമായി കർഷക തൊഴിലാളി ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന ഉപരോധത്തിനിടെ സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റ് മേഴ്‌സിക്കുട്ടി അമ്മയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കർഷക തൊഴിലാളി ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന ഉപരോധത്തിനിടെ സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റ് ജെ മേഴ്‌സിക്കുട്ടിഅമ്മയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു. ഫോട്ടോ: എം എസ് ശ്രീധർലാൽ
ജയിൽ നിറയ്ക്കൽ സമരത്തിന്റെ ഭാഗമായി പത്തനംതിട്ട ഹെഡ് പോസ്‌റ്റോഫീസ് ഉപരോധിക്കുന്ന പ്രവർത്തകർ. ഫോട്ടോ: ജയകൃഷ്ണൻ ഓമല്ലൂർ










0 comments