ദേശീയപാതയ്ക്കെടുത്ത കുഴികളിൽ കക്കൂസ് മാലിന്യം തള്ളുന്നു; രോഗഭീതിയിൽ ചാലിങ്കാൽ

ചാലിങ്കാല്‍ രാവണീശ്വരം ജംഗ്ഷന് സമീപം ദേശീയപാത വികസനത്തിനായി മണ്ണെടുത്ത കുഴികളില്‍ കക്കൂസ് മാലിന്യങ്ങള്‍ തള്ളിയ നിലയില്‍
പെരിയ: കാസർകോട് ചാലിങ്കാലില്‍ ദേശീയപാത വികസനത്തിനെടുത്ത കുഴികളില്‍ കക്കൂസ് മാലിന്യങ്ങള്‍ തള്ളുന്നത് നാടിനെ രോഗ ഭീതിയിലാക്കുന്നു. ചാലിങ്കാല്‍ രാവണീശ്വരം ജങ്ഷന് സമീപം പടിഞ്ഞാറ് ഭാഗത്ത് ദേശീയപാതക്കരികിലുള്ള കുഴികളിലാണ് രാത്രികാലങ്ങളില്‍ കക്കൂസ് മാലിന്യങ്ങള്‍ തള്ളൂന്നത്. കക്കൂസ് മാലിന്യങ്ങൾ വാഹനങ്ങളില്‍ കയറ്റിക്കൊണ്ടുവന്ന് കുഴികളില്‍ നിക്ഷേപിക്കുകയാണ്. ഇത് മൂലം പ്രദേശത്താകെ അസഹ്യമായ ദുര്‍ഗന്ധം പരക്കുന്നു.
ദേശീയപാത വികസനത്തിന് മണ്ണ് കൊണ്ടുപോകാനായി ഇവിടെ നിരവധി കുഴികളെടുത്തിയിട്ടുണ്ട്. ഈ കുഴികളിലെല്ലാം തുടര്‍ച്ചയായി മാലിന്യം തള്ളിയിരിക്കുകയാണ്. ദേശീയപാത നിര്‍മ്മാണത്തിനുള്ള മണ്ണ് കൊണ്ടുപോകാനുള്ള സൗകര്യത്തിന് മേഘ കമ്പനി കുഴികളുള്ള ഭാഗത്തേക്ക് റോഡ് നിര്‍മ്മിച്ചിരുന്നു. ഈ റോഡിലൂടെയാണ് മാലിന്യവുമായി വാഹനം പോകുന്നത്. മഴ വരുന്നതോടെ ഈ മാലിന്യങ്ങള്‍ അടങ്ങിയ വെള്ളം കുഴികള്‍ കവിഞ്ഞ് സമീപത്തെ പറന്പുകളിലെത്തും. കിണറുകളിലും മറ്റും മാലിന്യം കലരുന്നത് പൊതുജനാരോഗ്യത്തിന് ഭീഷണിയായി മാറും. പ്രദേശം പകര്‍ച്ചവ്യാധി ഭീഷണിയില്‍ അകപ്പെടും.
കക്കൂസ് മാലിന്യം തള്ളുന്നത് മുൻപ് ശ്രദ്ധയില്‍പെട്ട പരിസരവാസികള്‍ മേഘ കമ്പനിയുടെ പ്രതിനിധികളോട് പരാതി ഉന്നയിച്ചിരുന്നു. പരിഹാരം കാണാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. ഇനി കക്കൂസ് മാലിന്യവുമായി വരുന്ന വാഹനം കണ്ടെത്തി തടയാനാണ് നാട്ടുകാരുടെ തീരുമാനം.










0 comments