print edition സർക്കാരൊരുക്കി ഹാപ്പി വിഷു


സ്വന്തം ലേഖകൻ
Published on Apr 15, 2026, 12:01 AM | 1 min read
തിരുവനന്തപുരം: സർക്കാർ കരുതലിൽ മലയാളികൾക്ക് ഹാപ്പി വിഷു. ഫലപ്രദമായ ഇടപെടലിലൂടെ വിലക്കയറ്റം പിടിച്ചു നിർത്തിയും രണ്ട് മാസത്തെ ക്ഷേമപെൻഷൻ ഒന്നിച്ച് സമ്മാനിച്ചതുമടക്കമുള്ള നടപടികളിലൂടെ സമൃദ്ധിയുടെ വിഷുപ്പുലരിയാണ്‌സംസ്ഥാന സർക്കാർ നാടിന് സമ്മാനിച്ചത്. വിഷു പ്രമാണിച്ച് ഏപ്രിൽ മാസത്തെ ക്ഷേമപെൻഷൻകൂടി സർക്കാർ മുൻകൂട്ടി നൽകിയിരുന്നു. ഇതോടെ 62 ലക്ഷം പേർക്ക് മാർച്ച്, ഏപ്രിൽ മാസത്തെ പെൻഷൻ തുകയായി 4,000 രൂപ കൈയിലെത്തി. തുക ഒന്നിച്ചുലഭിച്ചതോടെ ലക്ഷക്കണക്കിന് ആളുകൾക്കാണ് വിഷു കെങ്കേമമായത്.
വിലക്കയറ്റം തടയാൻ സപ്ലൈകോ വിഷു മാർക്കറ്റുകളും സംസ്ഥാനത്ത് സജീവമായിരുന്നു. മാവേലി സ്‌റ്റോറുകൾ ഒഴികെ സപ്ലൈകോയുടെ എല്ലാ വിൽപ്പനശാലകളിലും ചൊവ്വ വരെ വിഷുചന്തകൾ പ്രവർത്തിച്ചു. വിഷുക്കൈനീട്ടം, 16 അവശ്യസാധനങ്ങൾ അടങ്ങിയ വിഷുക്കണി പ്രത്യേക കിറ്റ് എന്നിവ സപ്ലൈകോ ഒരുക്കിയിരുന്നു. സപ്ലൈകോയുടെ മെഡിക്കൽ സ്റ്റോർ, പെട്രോൾ ബങ്ക്, എൽപിജി ഔട്ട്‌ലെറ്റ് എന്നിവ ഒഴികെയുള്ള വിൽപ്പനശാലകളിൽനിന്ന് 1000 രൂപയ്‌ക്കുമുകളിൽ സബ്‌സിഡി ഇതര സാധനങ്ങൾ വാങ്ങുന്നവർക്ക് വിഷുക്കൈനീട്ടമായി 101 രൂപയുടെ കൂപ്പൺ ലഭിച്ചു.
1250 രൂപയുടെ 16 അവശ്യസാധനങ്ങൾ ഉൾപ്പെടുത്തിയുള്ള പ്രത്യേക വിഷുക്കണി കിറ്റ് 1001 രൂപയ്‌ക്കാണ് സപ്ലൈകോ നൽകുന്നത്. ശബരി ഉൽപ്പന്നങ്ങളും വേഗത്തിൽ വിറ്റഴിയുന്ന ഉപഭോക്‌തൃ ഉൽപ്പന്നങ്ങളും പ്രത്യേകനിരക്കിൽ ലഭ്യമാക്കി. 35 ശതമാനംവരെ വിലക്കുറവിലാണ് പൊതുജനങ്ങൾക്ക് സാധനങ്ങൾ ലഭിച്ചത്. പൊതുവിപണിയിലും വിലക്കയറ്റം ഉണ്ടായില്ല.










0 comments