Deshabhimani

print edition എം കെ സാനുവിന്റെ നൂറാം ജന്മദിനം ഇന്ന്‌; സ്‌മരണകളിലും വഴികാട്ടുന്നു മഹാമനീഷി

sanu mash

എം കെ സാനു

വെബ് ഡെസ്ക്

Published on Oct 27, 2026, 04:07 AM | 1 min read

കൊച്ചി: മലയാളത്തിന്റെ മനസ്സിൽ മഹാഗുരുനാഥനായി നിറഞ്ഞുനിൽക്കുകയാണ്‌ പ്രൊഫ. എം കെ സാനു. തലമുറകളുടെ പ്രിയപ്പെട്ട സാനു മാഷിന്‌ ചൊവ്വാഴ്‌ച നൂറാം ജന്മദിനം. ഒപ്പമില്ലെങ്കിലും വിജ്ഞാനവെളിച്ചം വിതറിയ പ്രഭാഷണങ്ങളും എഴുത്തും മതനിരപേക്ഷ കേരളത്തിന്‌ ശരിയായ വഴികാട്ടുകയാണ്‌. മായാത്ത ഓർമകളുടെയും മുന്നോട്ടുള്ള പ്രയാണത്തിന്‌ കരുത്തേകുന്ന സർഗാത്മക ചൈതന്യത്തിന്റെയും നിറവിൽ സാനുവിനെ സ്‌നേഹിക്കുന്നവർ പിറന്നാൾ ദിനത്തിൽ ഒത്തുചേരും.


ജ്ഞാനസാഗരം അലയടിക്കുന്ന സാനു മാഷിന്റെ എഴുത്തും വാക്കുകളും കേരളത്തെ എന്നും പ്രചോദിപ്പിക്കുകയാണ്‌. എഴുത്തുകാരൻ, അധ്യാപകൻ, പ്രഭാഷകൻ, പൊതുപ്രവർത്തകൻ എന്നീ നിലകളിലെല്ലാം നൽകിയത്‌ വിലമതിക്കാനാകാത്ത സംഭാവനകൾ. ജീവിതത്തിലുടനീളം ഉയർത്തിപ്പിടിച്ചത്‌ ഇടതുപക്ഷ രാഷ്ട്രീയവും മാനവികതയും മതനിരപേക്ഷതയും.


ക്ലാസുമുറിയിൽമാത്രമല്ല, കേരളത്തിന്റെ തെരുവുകളിലും പൊതുയിടങ്ങളിലുമെല്ലാം ധൈഷണികതയുടെ വെളിച്ചംനിറയും വാക്കുകളിലൂടെ നാടിനെ നയിച്ചു. എറണാകുളം എംഎൽഎയെന്ന നിലയിലും മികവ്‌ തെളിയിച്ചു. നാടിന്റെ ആവശ്യങ്ങൾക്കായി പൊരുതാൻ മുന്നിലുണ്ടായി. കൊച്ചി മെട്രോയ്‌ക്കായും കൊച്ചി ക്യാൻസർ സെന്ററിനായും ജനറൽ ആശുപത്രിയുടെ വികസനപ്രവർത്തനങ്ങൾക്കായും ഒപ്പമുണ്ടായി.


കൊല്ലം ശ്രീനാരായണ കോളേജ്‌, കോട്ടയം, ചിറ്റൂർ, കോഴിക്കോട്‌, എറണാകുളം ഗവ. കോളേജുകളിൽ അധ്യാപകനായി. 1983ൽ മഹാരാജാസ്‌ കോളേജിൽനിന്ന്‌ വിരമിച്ചു. വ്യത്യസ്‌ത സാഹിത്യശാഖകളിലായി അന്പതിലേറെ കൃതികൾ രചിച്ചു. ‘കർമഗതി’യാണ്‌ ആത്മകഥ. എഴുത്തച്ഛൻ പുരസ്‌കാരം, വയലാർ അവാർഡ്‌, കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ, ദേശാഭിമാനി സാഹിത്യ പുരസ്‌കാരം, കേരള ജ്യോതി ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌.


ആഘോഷ ചടങ്ങ്‌ എൻ എസ്‌ മാധവൻ ഉദ്‌ഘാടനം ചെയ്യും. പ്രൊഫ. എം കെ സാനു സാംസ്‌കാരികകേന്ദ്രം, പുരോഗമന കലസാഹിത്യ സംഘം എറണാകുളം മേഖല, സർവീസ്‌ സംഘടന ഏകോപന സമിതി എന്നിവചേർന്ന്‌ സംഘടിപ്പിക്കുന്ന എം കെ സാനു ജന്മദിനാഘോഷച്ചടങ്ങ്‌ വൈകിട്ട്‌ നാലിന്‌ ടി കെ സാംസ്‌കാരിക കേന്ദ്രത്തിൽ എൻ എസ്‌ മാധവൻ ഉദ്‌ഘാടനം ചെയ്യും. വയലാർ അനുസ്‌മരണവുമുണ്ടാകും. സുനിൽ പി ഇളയിടം പ്രഭാഷണം നടത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home