കൊച്ചിയിൽ വീട്ടിൽ അതിക്രമിച്ചുകയറി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി; പ്രതികൾ ഒളിവിൽ

വാഴക്കാലയിൽ ഓട്ടോ ഡ്രൈവറുടെ വീട്ടിൽ അതിക്രമിച്ചുകയറി വധഭീഷണി മുഴക്കിയ അക്രമികളിൽനിന്ന് നാട്ടുകാർ പിടിച്ചെടുത്ത് പൊലീസിന് കൈമാറിയ തോക്ക്
കാക്കനാട് : വാഴക്കാലയിൽ ഓട്ടോഡ്രൈവറുടെ വീട്ടിൽ അതിക്രമിച്ചുകയറി തോക്ക് ചൂണ്ടി വധഭീഷണി മുഴക്കിയതായി പരാതി. വാഴക്കാല കമ്പിവേലി സ്വദേശി പി ജെ ഷിജീഷിന്റെ പരാതിയിൽ തൃക്കാക്കര പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തിനുശേഷം ഒളിവിൽപ്പോയ പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.
ബുധൻ പകൽ 2.30ഓടെയായിരുന്നു സംഭവം. ഷിജീഷ് വീട്ടിൽ ഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുന്നസമയത്ത് കമ്പിവേലിക്കകം സ്വദേശിയായ യുവാവും സംഘവും മാരകായുധങ്ങളുമായി വീട്ടിൽ അതിക്രമിച്ചുകയറി. വാതിൽ ചവിട്ടിത്തുറന്ന് അകത്തുകയറിയ സംഘം ഷിജീഷിനെ അസഭ്യം പറയുകയും തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് വീട്ടുകാർ ബഹളംവച്ചു. ബഹളം കേട്ടെത്തിയ സമീപവാസികളും നാട്ടുകാരും ചേർന്ന് സാഹസികമായി അക്രമികളെ കീഴടക്കുകയായിരുന്നു. തുടർന്ന് ഇവരുടെ കൈവശമുണ്ടായിരുന്ന തോക്ക് പിടിച്ചെടുത്ത് പൊലീസിന് കൈമാറി. നാട്ടുകാർ സംഘടിച്ചതോടെ പ്രതികൾ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.
പ്രദേശത്ത് രാത്രികാലങ്ങളിൽ ലഹരിസംഘങ്ങളുടെ ഒത്തുചേരലും അമിതവേഗത്തിൽ ഇരുചക്രവാഹന അഭ്യാസങ്ങളും പതിവാണ്. ഇത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാകാം ആക്രമണത്തിന് പിന്നിൽ. തനിക്കും കുടുംബത്തിനും നേരെ വധഭീഷണി മുഴക്കിയവർക്കെതിരെ ശക്തമായ നിയമനടപടി വേണമെന്ന് പരാതിക്കാരനായ ഷിജീഷ് ആവശ്യപ്പെട്ടു.
തൃക്കാക്കരയിൽ ഗുണ്ടാ-ലഹരി വിളയാട്ടം ശക്തം
രണ്ടുദിവസംമുമ്പ് തൃക്കാക്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ മരോട്ടിച്ചുവട് ഭാഗത്ത് ലഹരി ഉപയോഗിച്ച അഞ്ച് യുവാക്കളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസിനുനേരെ അക്രമം. ആക്രമണത്തിൽ സിഐയുടെ കൈവിരലിന് ഒടിവേൽക്കുകയും നാലു പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
തൃക്കാക്കര മേഖലയിൽ വർധിച്ചുവരുന്ന ഗുണ്ടാ-ലഹരിസംഘങ്ങളുടെ പ്രവർത്തനങ്ങൾക്കെതിരെ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും തൃക്കാക്കര പൊലീസ് അറിയിച്ചു.










0 comments