സ്റ്റാലിൻ - ഹിറ്റ്ലർ ഉടമ്പടി എന്തിനായിരുന്നു? ഇഎംഎസ് അന്നേ വ്യക്തതവരുത്തി

ജോസഫ് സ്റ്റാലിന്‍, അഡോള്‍ഫ് ഹിറ്റ്ലര്‍
തിരുവനന്തപുരം: നയപ്രഖ്യാപനത്തിന്റെ നന്ദിപ്രമേയചർച്ചയ്ക്കിടെ സോവിയറ്റ് യൂണിയനെയും കമ്യൂണിസ്റ്റ് നേതാവ് ജോസഫ് സ്റ്റാലിനെയും കുറിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയത് വസ്തുതാവിരുദ്ധ പരാമർശം. 1939ലെ സ്റ്റാലിൻ-ഹിറ്റ്‌ലർ കരാറിനെ മുൻനിർത്തിയാണ് മുഖ്യമന്ത്രി ചരിത്രവിരുദ്ധമായ വിമർശനങ്ങൾ ഉന്നയിച്ചത്. എന്നാൽ ഒട്ടുംവൈകാതെ തന്നെ, ചരിത്രരേഖകൾ ഉദ്ധരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കൃത്യമായ മറുപടി നൽകുകയും ചെയ്തു.
ഹിറ്റ്‌ലർ മനുഷ്യരെ കൂട്ടക്കൊല നടത്തിയിരുന്ന കാലത്ത് സ്റ്റാലിൻ സഖ്യമുണ്ടാക്കി എന്നായിരുന്നു സതീശന്റെ ആരോപണം. സ്റ്റാലിൻ ഹിറ്റ്‌ലറുടെ കൂടെ നിന്നതിനാൽ അക്കാലത്ത് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർടി നേതാക്കളും പ്രവർത്തകരും ഹിറ്റ്‌ലറെ പിന്തുണയ്ക്കുന്ന തീരുമാനങ്ങളെടുത്തെന്നും മുഖ്യമന്ത്രി സഭയിൽ വാദിച്ചു. എന്നാൽ മുഖ്യമന്ത്രിയുടെ ആരോപണങ്ങളെ തള്ളിക്കളഞ്ഞ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, 1939ലെ അനാക്രമണ സന്ധി സോവിയറ്റ് യൂണിയന്റെ നിലനിൽപ്പിനായുള്ള കരുത്തുറ്റ തന്ത്രപരമായ നീക്കമായിരുന്നുവെന്ന് വ്യക്തമാക്കി. സോവിയറ്റ് യൂണിയൻ ഉദയം ചെയ്തിട്ട് കുറച്ചു കാലം മാത്രമേ ആയിരുന്നുള്ളൂ എന്നും, ആ ഘട്ടത്തിൽ നേരിട്ടുള്ള ഒരു ആക്രമണം തടയാനും തിരിച്ചടിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്താനുമാണ് ആ താൽക്കാലിക സന്ധി ഉപയോഗിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
ഈ ചരിത്രസംഭവത്തെ ഇഎംഎസ് അദ്ദേഹത്തിന്റെ പുസ്തകത്തിൽ കൃത്യമായി വിലയിരുത്തുന്നുണ്ട്. “കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം: ഉദ്ഭവവും വളർച്ചയും” എന്ന പുസ്തകത്തിലാണ് സോവിയറ്റ് യൂണിയനെ തകർക്കാൻ യൂറോപ്യൻ മുതലാളിത്ത ശക്തികൾ നടത്തിയ ശ്രമം വിശദീകരിക്കുന്നത്.
നാസികൾക്ക് മുന്നിലേക്ക് സോവിയറ്റ് യൂണിയനെ ഒറ്റക്ക് വിട്ടുകൊടുത്ത് സോഷ്യലിസത്തെ കുഴിച്ചുമൂടാം എന്നായിരുന്നു യൂറോപ്യൻ മുതലാളിത്ത ശക്തികൾ സ്വപ്നം കണ്ടതെന്നും, ഒടുക്കം യൂറോപ്പിനെ നാസികളിൽ നിന്ന് രക്ഷിച്ചെടുക്കാൻ കമ്യൂണിസ്റ്റ് ചെമ്പട വേണ്ടിവന്നുവെന്നും ഇഎംഎസ് ചൂണ്ടിക്കാണിക്കുന്നു.
ഫാസിസത്തിനെതിരെ ഒരുമിച്ചു നിൽക്കാനുള്ള സോവിയറ്റ് നിർദേശം യൂറോപ്യൻ മുതലാളിത്ത രാജ്യങ്ങൾ തള്ളി. സോവിയറ്റ് നിർദേശം അംഗീകരിച്ചിരുന്നെങ്കിൽ നാസി ജർമനി കിഴക്കോട്ടോ പടിഞ്ഞാറോട്ടോ ആക്രമണം നടത്തുമ്പോൾ പശ്ചാത്യ മുതലാളിത്ത ശക്തികളുടെയും സോവിയറ്റ് യൂണിയന്റെയും സൈന്യങ്ങൾ ഒന്നിച്ചുചേർന്ന് സംയുക്ത ചെറുത്ത് നിൽപ്പ് നടത്തുമായിരുന്നു.
നാസി ജർമനിയുമായുള്ള യുദ്ധത്തിലേക്ക് സോവിയറ്റ് യൂണിയനെ എങ്ങനെയെങ്കിലും കൊണ്ടുചെന്നെത്തിക്കുക, അതേ അവസരത്തിൽ പശ്ചാത്യശക്തികളുടെ ഭാഗത്ത് നിന്ന് നീക്കമൊന്നും ഉണ്ടാവാതിരിക്കുക എന്ന തന്ത്രമായിരുന്നു യൂറോപ്യൻ ശക്തികളുടേത്. അവരുടെ തന്ത്രം വിജയിച്ചിരുന്നുവെങ്കിൽ സോവിയറ്റ് യൂണിയനും നാസി ജർമനിയും തമ്മിൽ യുദ്ധം ഉണ്ടാകുമായിരുന്നു. ആ യുദ്ധത്തിൽ പങ്കാളികളായല്ലാതെ കാഴ്ചക്കാരായി പശ്ചാത്യശക്തികൾ നിൽക്കുമായിരുന്നു. ശക്തരായ ഈ രണ്ട് സൈനികരാജ്യങ്ങൾ പരസ്പരം ഏറ്റുമുട്ടി വേണ്ടത്ര ദുർബലരായി തീരുമ്പോൾ പശ്ചാത്യ മുതലാളിത്ത രാജ്യങ്ങൾക്ക് ആ യുദ്ധത്തിൽ ഇടപെടാനും തങ്ങളുടെ സ്വാർത്ഥതാൽപ്പര്യങ്ങൾക്കനുസരിച്ച് യൂറോപ്പിലെ പ്രശ്നങ്ങൾ പരിഹരിക്കാനും കഴിയുമായിരുന്നു.
സംഭവങ്ങൾ ആ വഴിക്ക് നീങ്ങാതിരിക്കാൻ വേണ്ടിയാണ് നാസി ജർമനിയുമായി അനാക്രമണ സന്ധിയിൽ ഒപ്പുവയ്ക്കാൻ സോവിയറ്റ് യൂണിയൻ തീരുമാനിച്ചത്. ഇതുമൂലം സോവിയറ്റ് യൂണിയന് ശ്വാസം വിടാനുള്ള സമയം ലഭിച്ചു.
എന്നുമാത്രമല്ല പശ്ചാത്യ മുതലാളിത്ത ശക്തികൾ തോൽക്കുകയോ ദുർബലമാകുകയോ ചെയ്തതുമൂലം സോവിയറ്റ് യൂണിയനെതിരെ എല്ലാവരും ഉൾക്കൊള്ളുന്ന മുതലാളിത്ത ശക്തികളുടെ ഐക്യമുന്നണി രൂപപ്പെടുന്നതിനെ തടയാനും കഴിഞ്ഞു. തുടർന്ന് നാസി കൊള്ളക്കൂട്ടം കിഴക്കോട്ട് സോവിയറ്റ് യൂണിയനെതിരെ തിരിഞ്ഞപ്പോൾ യൂറോപ്യൻ ശക്തികൾക്ക് നിസംഗരായി നോക്കിനിൽക്കാൻ കഴിയാതെ വന്നു. നാസികൾക്ക് എതിരായി രണ്ട് മുന്നണികളിൽ യുദ്ധം (കിഴക്ക് നിന്നും പടിഞ്ഞാറ് നിന്നും) എന്ന ആശയം അവർക്ക് അംഗീകരിക്കേണ്ടിവന്നു. ഇത് നടപ്പാക്കുന്ന കാര്യത്തിൽ യൂറോപ്യൻ നേതാക്കൾ തരാതരം പോലെ മാറിക്കൊണ്ടിരുന്നു എങ്കിലും സോവിയറ്റ് പോരാട്ടത്തിന് പിന്തുണ നൽകണമെന്ന ആവശ്യം മുതലാളിത്ത രാജ്യങ്ങളിലെ ബഹുജനങ്ങളിൽ നിന്ന് ശക്തമായി ഉയർന്നുവരാൻ തുടങ്ങി.- ഇഎംഎസ് പുസ്തകത്തിൽ വ്യക്തമാക്കുന്നു.










0 comments