ad
Deshabhimani

കര്‍ണാടകയിൽ നഗരവകുപ്പിന് അടിപിടി; രാജിക്കത്തുമായി കോൺഗ്രസ് എംഎൽഎ രാമലിംഗ മാധ്യമങ്ങൾക്ക് മുന്നിൽ

Ramalinga reddy
വെബ് ഡെസ്ക്

Published on Jun 05, 2026, 12:33 PM | 2 min read

ബെംഗളൂരു: വകുപ്പ് വിഭജനത്തിൽ അതൃപ്തി പരസ്യപ്പെടുത്തി രാജി ഭീഷണിയുമായി മുതിർന്ന കോൺഗ്രസ് നേതാവും എട്ടുതവണ എംഎൽഎയുമായ രാമലിംഗ റെഡ്ഡി. മുഖ്യമന്ത്രി ഡി കെ ശിവകുമാർ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് വരുമാനം കൂടുതലുള്ള വകുപ്പിന് പിടിവലി. മുഖ്യമന്ത്രിയായി ശിവകുമാർ ചുമതലയേറ്റ് മൂന്നാം ദിവസം തന്നെ സർക്കാരിന് നേരിടേണ്ടി വന്ന രാഷ്ട്രീയ പ്രതിസന്ധിയായി ഇത് മാറി.


തനിക്ക് 'ബെംഗളൂരു വികസന' വകുപ്പ് നൽകാമെന്ന് നേതൃത്വം രണ്ടുതവണ ഉറപ്പുനൽകിയിരുന്നതായി രാമലിംഗ റെഡ്ഡി വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ, ഈ വകുപ്പ് കൃഷ്ണ ബൈരെ ഗൗഡയ്ക്കാണ് അനുവദിച്ചത്. റെഡ്ഡിക്ക് 'വലിയ-ഇടത്തരം ജലസേചന' വകുപ്പ് മാത്രം. ബെംഗളൂരു നഗരവുമായി ബന്ധപ്പെട്ട വകുപ്പ് പ്രതീക്ഷിച്ച് നടത്തിയി ചരടുവലികൾ വെറുതെയായി.


"എന്റെ മനസ്സാക്ഷിക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ എനിക്ക് കഴിയില്ല, അതുകൊണ്ടാണ് ഞാൻ രാജിവെക്കുന്നത്. ഈ അപമാനം ഇനിയും എത്രകാലം ഞാൻ സഹിക്കണം? എന്ന് മാധ്യമങ്ങൾക്ക് മുൻപാകെ വികാരാധീനനാവുകയും ചെയ്തു.


അതേസമയം, പാർട്ടി വിടാൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന് റെഡ്ഡി വ്യക്തമാക്കി. കോൺഗ്രസ് എംഎൽഎയായി തുടർന്നും പ്രവർത്തിക്കും. ഹൈക്കമാൻഡിനോടോ സിദ്ധരാമയ്യ, ഡി.കെ. ശിവകുമാർ, മല്ലികാർജുൻ ഖാർഗെ എന്നിവരോടോ വ്യക്തിപരമായ യാതൊരു വിദ്വേഷവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജി കത്ത് നേരിട്ട് നൽകാതെ ഇടനിലക്കാർ മുഖേന സർക്കാരിലേക്ക് അയക്കുമെന്നാണ് പ്രഖ്യാപനം. മാത്രമല്ല രാജിക്കത്ത് മാധ്യമ സമ്മേളനത്തിൽ പ്രദര്‍ശിപ്പിച്ചു. വിലപേശലിനുള്ള അവസരം തുറന്നിട്ടാണ് നീക്കങ്ങൾ.


വാർത്താസമ്മേളനം നടക്കുന്നതിനിടയിൽ പോലും കോൺഗ്രസ് നേതൃത്വം റെഡ്ഡിയെ ബന്ധപ്പെടാനും അനുനയിപ്പിക്കാനും ശ്രമിച്ചിരുന്നതായാണ് വിവരം. അവസാനവട്ട ശ്രമങ്ങൾ നടത്തിയെങ്കിലും അദ്ദേഹം തന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. തീരുമാനം പുനഃപരിശോധിക്കില്ലെന്നും വ്യക്തമാക്കി.


രാമലിംഗ റെഡ്ഡി തന്റെ അടുത്ത സുഹൃത്താണെന്നും ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കുമെന്നുമാണ് ഡി കെ ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞത്. ഗ്രാമ പ്രദേശങ്ങളിൽ പോയി ഭാരിച്ച ജോലികൾ ചെയ്യാനുള്ള ബുദ്ധിമുട്ട് കൊണ്ടായിരിക്കാം അദ്ദേഹം ഈ വകുപ്പ് വേണ്ടെന്ന് വെക്കുന്നതെന്നും ശിവകുമാർ പറഞ്ഞു.





എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ രാജ്യസഭാ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനായി ബെംഗളൂരുവിൽ ഉള്ള ദിവസം തന്നെയാണ് ഈ രാജി പ്രഖ്യാപനം. കൂടാതെ, രാമലിംഗ റെഡ്ഡിക്ക് ശക്തമായ സ്വാധീനമുള്ള ബെംഗളൂരു മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഈ വിലപേശൽ തള്ളാനും കൊള്ളാനും കഴിയാത്ത നിലയിലാണ് പുതിയ കോൺഗ്രസ് ഭരണ നേതൃത്വം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home