ജനദ്രോഹ നടപടികളുമായി യുഡിഎഫ് സർക്കാർ; ഗോത്രവിദ്യാർത്ഥികൾക്കായുള്ള മെന്റർ ടീച്ചർമാരുടെ സേവനം നിർത്തലാക്കി

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികൾ ഓരോന്നായി വെട്ടിച്ചുരുക്കിയും നിർത്തലാക്കിയും യുഡിഎഫ് സർക്കാരിന്റെ പ്രതികാര രാഷ്ട്രീയം.
ലൈഫ് ഭവന പദ്ധതി ഉൾപ്പെടെയുള്ള ജനകീയ പദ്ധതികൾ അട്ടിമറിക്കാൻ നീക്കം നടത്തുന്നതിന് പിന്നാലെ, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് തുണയായിരുന്ന മെന്റർ ടീച്ചർമാരുടെ സേവനവും യുഡിഎഫ് സർക്കാർ നിർത്തലാക്കി.
ഇതോടെ ഗോത്രവിഭാഗം കുട്ടികളുടെ 'ഉന്നതി' ക്ലാസുകൾ പൂർണ്ണമായും നിലച്ചു. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി മൂന്നാഴ്ച തികയും മുൻപാണ് ഈ ജനദ്രോഹ ഉത്തരവ് പുറത്തിറങ്ങിയത്. മെന്റർ ടീച്ചർമാരുടെ സേവനം ജൂൺ ഒന്ന് മുതൽ തുടരേണ്ടതില്ലെന്ന് പട്ടികവർഗ്ഗ വകുപ്പ് ഐടിഡിപി മുഖേന അറിയിക്കുകയായിരുന്നു.
സർക്കാരിന്റെ ഈ ഏകപക്ഷീയമായ തീരുമാനത്തോടെ അട്ടപ്പാടിയിലെ മാത്രം 23 മെന്റർ ടീച്ചർമാരാണ് ഒറ്റയടിക്ക് തൊഴിൽരഹിതരായത്. 2017-ൽ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അന്നത്തെ പട്ടികവർഗ്ഗ ക്ഷേമവകുപ്പ് മന്ത്രി എകെ ബാലനാണ് ഗോത്രവിഭാഗം കുട്ടികളുടെ പഠന നിലവാരം ഉയർത്തുകയെന്ന ലക്ഷ്യത്തോടെ മെന്റർ ടീച്ചർമാരെ നിയമിച്ചത്.
സ്വന്തം ഗോത്രഭാഷകൾ മാത്രം കേട്ടും പറഞ്ഞും ശീലിച്ച 'ഉന്നതി'യിലെ കുട്ടികൾക്ക് സ്കൂളിലെത്തുമ്പോൾ മലയാളം ഉൾപ്പെടെയുള്ള ഭാഷകൾ വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരുന്നത്. ഭാഷാപരമായ ഈ പ്രയാസം മൂലം കുട്ടികൾ പഠനം ഉപേക്ഷിക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് എൽഡിഎഫ് സർക്കാർ മെന്റർ ടീച്ചർമാരെ നിയോഗിച്ചത്.
ഗോത്രഭാഷ അറിയാത്ത അധ്യാപകർക്കും കുട്ടികൾക്കും ഇടയിലെ സുപ്രധാന കണ്ണിയായാണ് ഇവർ പ്രവർത്തിച്ചിരുന്നത്. ടിടിസി യോഗ്യത നേടിയ ആദിവാസി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് മികച്ചൊരു തൊഴിലവസരം കൂടിയായിരുന്നു എൽഡിഎഫ് സർക്കാർ ഇതിലൂടെ ഒരുക്കിയിരുന്നത്.
എന്നാൽ യുഡിഎഫ് സർക്കാരിന്റെ ഈ പുതിയ നടപടി കാരണം ഗോത്രമേഖലയിലെ സ്കൂളുകളിൽ നിന്ന് കുട്ടികളുടെ കൊഴിഞ്ഞുപോക്ക് വീണ്ടും വർദ്ധിക്കാനും പഠനനിലവാരം കുത്തനെ ഇടിയാനും വഴിവെക്കുമെന്ന ആശങ്കയിലാണ് രക്ഷിതാക്കളും സാമൂഹിക പ്രവർത്തകരും.










0 comments