ad
Deshabhimani

'ഒരു മുന്നറിയിപ്പുമില്ലാതെ പറയുകയാണ് ഇനി ജോലിയില്ലെന്ന്; ഞങ്ങളെ സർക്കാർ പിരിച്ചുവിട്ടതെന്തിന്?'

Gothrabandhu Mentor Teachers protest

ഗോത്രബന്ധു അധ്യാപകരെ പിരിച്ചുവിട്ടതിൽ പ്രതിക്ഷേധിച്ച് വയനാട് കലക്‌ടറേറ്റിനു മുന്നിൽ നടത്തിയ ധർണ

വെബ് ഡെസ്ക്

Published on Jun 05, 2026, 01:49 PM | 2 min read

കൽപ്പറ്റം: ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും പഠന പിന്തുണ നൽകുന്നതിനുമായി എൽഡിഎഫ് സർക്കാർ നിയമിച്ച മെന്റർ അധ്യാപകരെ പിരിച്ചുവിട്ട നടപടിക്കെതിരെ പ്രതിഷേധം. വയനാട് ജില്ലാ ​ഗോത്രബന്ധു അധ്യാപകർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. മെന്റർ‌ അധ്യാപകരെ തിരിച്ചെടുക്കണമെന്നും, സർക്കാർ തീരുമാനം പുന:പരിശോധിച്ചില്ലെങ്കിൽ രാപകൽ നിരാഹാര സമരത്തിലേക്ക് നീങ്ങുമെന്നും പ്രതിഷേധക്കാർ പറഞ്ഞു.


ഒരു മുന്നറിയിപ്പുമില്ലാതെയാണ് സർക്കാർ പിരിച്ചുവിട്ടതെന്ന് മെന്റർ അധ്യാപകർ പറഞ്ഞു. കഴിഞ്ഞ ഒൻപത് വർഷമായി ജോലി ചെയ്തുവരികയായിരുന്നു. ​ഗോത്രവിഭാ​ഗത്തിലെ കുട്ടികളെ അവരുടെ വീടുകളിൽ ചെന്ന് സ്കൂളുകളിലേക്ക് എത്തിക്കുകയും, അവിടെനിന്ന് കുട്ടികൾക്ക് വേണ്ട എല്ലാ വിധ പിന്തുണയും നൽകുന്നത് മെന്റർമാരാണ്. വേതനം ലഭിക്കാത്ത ശനി, ഞായർ ദിവസങ്ങളിലും ഏപ്രിൽ, മെയ് മാസങ്ങളിലും സേവനം ചെയ്തുവന്നിരുന്നു. കുട്ടികൾ വിദ്യാലയത്തിലേക്ക് എത്താത്ത അവസ്ഥയെ നല്ലനിലയിൽ കുറച്ചുകൊണ്ടുവരാൻ ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ടെന്നും, ഇത്തവണത്തെ എസ്എസ്എൽസി ഫലത്തിൽ പോലും ഈ പരിശ്രമം വിജയിച്ചതായി കാണാമെന്നും ഇവർ പറഞ്ഞു.


കഴിഞ്ഞ ഒൻപത് വർഷമായി തസ്തിക കൃത്യമായി പുതുക്കിയിരുന്നു. ഈ വർഷം ജൂണിൽ അധ്യയന വർഷം ആരംഭിക്കുമ്പോഴാണ് മുന്നറിയിപ്പൊന്നുമില്ലാതെ ഇനി ജോലിയില്ലെന്ന് പറയുന്നത്. എന്തിനാണ് ഞങ്ങളെ പിരിച്ചുവിട്ടതെന്ന് സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും മെന്റർ അധ്യാപകർ പറഞ്ഞു.


എൽഡിഎഫ്‌ സർക്കാരിന്റെ ഏറ്റവും മനുഷ്യത്വപരമായ ഇടപെടലായിരുന്നു ആദിവാസി വിദ്യാർഥികളുടെ പഠനത്തിനായുള്ള മെന്റർ അധ്യാപക നിയമനം. വിദ്യാർഥികൾക്ക് അവരുടെ ഭാഷയിൽ പഠിക്കാൻ സാധിച്ചു. വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് ഗണ്യമായി കുറച്ചു. ഉന്നതികളിൽനിന്ന്‌ കുട്ടികളെ സ്‌കൂളുകളിലേക്ക്‌ എത്തിച്ചു. വരാത്ത വിദ്യാർഥികളെ തേടി അധ്യാപകർ കോളനികളിലേക്ക്‌ എത്തി. പഠനഭയം മാറ്റി മിടുക്കരാക്കി. കുട്ടികൾക്ക്‌ വിദ്യാഭ്യാസ പിന്തുണയ്‌ക്കൊപ്പം ആദിവാസി ഉദ്യോർഗാർഥികൾക്ക്‌ തൊഴിൽ നൽകി കുടുംബങ്ങളെ സാമ്പത്തികമായും സാമൂഹ്യമായും ഉയർത്തി.


2017 അധ്യയന വർഷം ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ്‌ ഗോത്രബന്ധു പദ്ധതി പ്രകാരം മെന്റർ അധ്യാപകരെ നിയമിച്ചത്‌. പട്ടികവർഗ വകുപ്പിന്‌ ക‍ീഴിൽ പ്രത്യേകം പദ്ധതി തയ്യാറാക്കി 750 രൂപ ദിവസ വേതനത്തിലായിരുന്നു നിയമനം. രണ്ടാം പിണറായി സക്കാർ ഇത്‌ പ്രതിമാസം 21,900 രൂപയാക്കി. ശനി, ഞായർ ഉൾപ്പെടെയുള്ള അവധി ദിനങ്ങളിൽക്കൂടി വേതനം നൽകി. ഒന്പതുവർഷമായി ഒരുതടസ്സവുമില്ലാതെ ഇവർ ജോലി ചെയ്‌തു.


മാർച്ചിൽ ജോലി കഴിഞ്ഞാൽ ജൂൺ ഒന്നുവച്ച് നിയമന ഉത്തരവ് വീണ്ടും നൽകുകയാണ് ചെയ്തിരുന്നത്. ഇത്തവണ സ്കൂളിൽ എത്തിയപ്പോഴാണ് പിരിച്ചുവിട്ടത് അറിയുന്നത്. ഒഴിവുകൾ നികത്താനായി കഴിഞ്ഞ വർഷവും അപേക്ഷ ക്ഷണിച്ച് അഭിമുഖം നടത്തി തയ്യാറാക്കിയ റാങ്ക് പട്ടികയും നിലവിലുണ്ട്. പട്ടികവർഗ, വിദ്യാഭ്യാസ വകുപ്പുകൾ യോജിച്ചായിരുന്നു ഇവരുടെ വിന്യാസവും നിയന്ത്രണവും. സർക്കാർ, എയ്‌ഡഡ്‌ വിദ്യാലയങ്ങളിൽ ഒന്നുമുതൽ നാലുവരെ ക്ലാസുകളിലായിരുന്നു നിയമനം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home