print edition പക്ഷികളെത്തേടി മുന്നിൽ പറന്ന് കേരളം

സി എ പ്രേമചന്ദ്രൻ
Published on Mar 02, 2026, 01:21 AM | 1 min read
തൃശൂർ
ലോക പക്ഷി നിരീക്ഷണമായ ‘ഗ്രേറ്റ് ബാക്ക് യാർഡ് ബേർഡ് കൗണ്ടി’ൽ രാജ്യത്ത് കേരളം മുന്നിൽ. നാലുദിവസത്തെ നിരീക്ഷണത്തിൽ 14,474 ചെക്ക് ലിസ്റ്റ് (പ്രത്യേക പ്രദേശത്ത് ഓരോ 15 മിനിറ്റിലും കാണുന്ന പക്ഷികളുടെ വിവരം) സമർപ്പിച്ചാണ് കേരളം മുന്നിലെത്തിയത്.
സർവേയിൽ 349 ഇനം പക്ഷി വർഗങ്ങളെ രേഖപ്പെടുത്തി. സംസ്ഥാനത്ത് കാണപ്പെടുന്ന 63 ശതമാനം പക്ഷികളെയും ചുരുങ്ങിയ സമയത്തിനകം കണ്ടെത്താനായി എന്നതും ശ്രദ്ധേയം.
പക്ഷികളുടെ ലിസ്‌റ്റ് ഇ –ബേർഡ് എന്ന മൊബൈൽ ആപ്ലിക്കേഷനിൽ അപ്‌ലോഡ് ചെയ്‌താണ് സർവേ. ചെക്ക് ലിസ്റ്റുകളുടെ എണ്ണത്തിൽ വെള്ളാനിക്കര ഫോറസ്ട്രി കോളേജ് രണ്ടാംവർഷ വിദ്യാർഥിനി ആർ അഷ്ടമി രാജ്യത്ത് രണ്ടാംസ്ഥാനം നേടി. ഫോറസ്ട്രി കോളേജ് വിദ്യാർഥികളായ എ അസർ മുഹമ്മദ്, എസ് ഹരിനന്ദൻ, സി അഭിനവ്, അർജുൻ സുരേഷ്, കെ ആർ ഗൗതമൻ എന്നിവർ ഇന്ത്യയിലെ ആദ്യ പത്ത് നിരീക്ഷകരുടെ പട്ടികയിൽ ഇടംനേടി. സർവേയിൽ അമേരിക്കയാണ് മുന്നിൽ. രണ്ടാംസ്ഥാനത്താണ് ഇന്ത്യ. രാജ്യത്ത് തമിഴ്‌നാട് രണ്ടാംസ്ഥാനത്തും (11,297 ചെക്ക് ലിസ്‌റ്റ്) മഹാരാഷ്‌ട്ര മൂന്നാംസ്ഥാനത്തുമാണ് ( 6370).
സംസ്ഥാനതല വിജയത്തിൽ മുഖ്യപങ്കാണ് -കേരള കാർഷിക സർവകലാശാല വഹിച്ചത്. സര്‍വകലാശാല കാമ്പസിൽനിന്ന് മാത്രം 147 ഇനം പക്ഷികളെ കണ്ടെത്തി. വംശനാശഭീഷണി നേരിടുന്ന കായൽ പരുന്ത്, ഷാമക്കിളി, കോഴിവേഴാമ്പൽ, കാട്ടുരാച്ചുക്ക്, വരയൻകാട എന്നീ അപൂർവയിനം പക്ഷികളെ കാമ്പസിൽ കണ്ടു. കിന്നരിപ്പരുന്ത്, നീലച്ചുണ്ടൻ ഇത്തിക്കണ്ണിക്കുരുവി, കരിന്തൊപ്പി എന്നീ പക്ഷികളുടെ കൂടുകളും കണ്ടെത്തി. സർവകലാശാലയിലെ ബൊട്ടാണിക്കൽ ഗാർഡൻ, തോട്ടങ്ങൾ എന്നിവ പക്ഷികൾക്ക് മികച്ച ആവാസവ്യവസ്ഥ ഒരുക്കുന്നുവെന്ന് സർവേ തെളിയിക്കുന്നതായി പക്ഷി ശാസ്‌ത്രജ്ഞൻ പി ഒ നമീർ പറഞ്ഞു. കാര്‍ഷിക സര്‍വകലാശാലയിലെ ഡോ. മാലിക് ഫാസിൽ, ഡോ. വിവേക് ചന്ദ്രൻ, ഡോ. ഷാജി, ഡോ. അമൃത, സച്ചിൻ അരവിന്ദ് എന്നിവർ സർവേയ്‌ക്ക് നേതൃത്വം നൽകി.










0 comments