ad
Deshabhimani

പാചകവാതക പ്രതിസന്ധി: സുരേഷ് ഗോപിയുടേത് ബാലിശമായ മറുപടിയെന്ന് മന്ത്രി ജി ആർ അനിൽ

GR Anil.jpg
വെബ് ഡെസ്ക്

Published on Mar 22, 2026, 08:01 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ പാചകവാതക ക്ഷാമം പരിഹരിക്കണമെന്ന ആവശ്യത്തോട് കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്വീകരിച്ച നിലപാട് ബാലിശമാണെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജിആർ അനിൽ. കേരളത്തിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് നേരിട്ട് ബോധ്യപ്പെടുത്തിയിട്ടും ഉത്തരവാദിത്തമില്ലാത്ത മറുപടിയാണ് കേന്ദ്രമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.


സംസ്ഥാനത്തിനുള്ള പാചകവാതക അലോട്ട്മെന്റ് വർദ്ധിപ്പിക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണമെന്ന് സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, "കേരളത്തിന് മാത്രമായി പ്രത്യേക പരിഗണന നൽകാൻ കഴിയില്ല" എന്ന മറുപടിയാണ് അദ്ദേഹം നൽകിയതെന്ന് മന്ത്രി ജിആർ അനിൽ പറഞ്ഞു.


ഒരു കേന്ദ്രമന്ത്രി എന്ന നിലയിൽ താൻ പറയാതെ തന്നെ ഇതേക്കുറിച്ച് അറിയേണ്ട ആളാണ് സുരേഷ് ഗോപി. ഇതിൽ കൂടുതൽ അവരിൽ നിന്നും ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ആഗോളതലത്തിൽ ഇന്ധന വിതരണം തടസ്സപ്പെട്ടതോടെയാണ് കേരളത്തിലും പാചകവാതകത്തിന് കടുത്ത ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയത്.


ഗ്യാസ് സിലിണ്ടറുകൾക്കായി മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയാണ് പലയിടങ്ങളിലും. സംസ്ഥാനത്തെ ജനങ്ങൾ നേരിടുന്ന ഈ വലിയ പ്രതിസന്ധി കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിൽ കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ പരാജയപ്പെടുകയാണെന്നും, ജനങ്ങളുടെ ബുദ്ധിമുട്ടുകളെ ഗൗരവമായി കാണുന്നില്ലെന്നും മന്ത്രി പറഞ്ഞു. വരും ദിവസങ്ങളിൽ പാചകവാതക വിതരണം സുഗമമാക്കാൻ സംസ്ഥാന സർക്കാർ കൂടുതൽ ബദൽ മാർഗ്ഗങ്ങൾ ആലോചിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home