സർക്കാർ ആശുപത്രികളിൽ ചികിത്സാസൗകര്യങ്ങൾ വർധിപ്പിച്ചു; എല്ലാവർക്കും ചികിത്സ ഉറപ്പാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: കഴിഞ്ഞ ഒമ്പതുവർഷം സർക്കാർ ആശുപത്രികളിൽ ചികിത്സാസൗകര്യങ്ങളും സംവിധാനങ്ങളും വർധിപ്പിച്ചെന്ന് മന്ത്രി വീണാ ജോർജ്. അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെട്ടതോടെ എത്തുന്ന രോഗികളിലും ഗണ്യമായ വർധനയുണ്ടായി. ഇവരെ എല്ലാവരെയും ഉൾക്കൊള്ളുന്നതിനാണ് ശ്രമിക്കുന്നത്. ആരെയും ചികിത്സ നിഷേധിച്ച് പറഞ്ഞുവിടില്ല.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഈ സർക്കാരിന്റെ കാലത്ത് 100 കിടക്കകളുള്ള ഐസിയു ക്രമീകരിച്ചെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികളിൽ ഐസിയുവിനും വെന്റിലേറ്ററിനും ലക്ഷക്കണക്കിന് രൂപ ബിൽ വരുന്നുണ്ട്. ഇത് കാരണം സ്വകാര്യ ആശുപത്രികളിൽനിന്ന് ഉൾപ്പെടെ മെഡിക്കൽ കോളേജ് ഐസിയുവിലേക്ക് നിരവധിയാളുകളാണ് എത്തുന്നത്.
അപ്പോൾ ക്രമീകരിച്ചതിലും കൂടുതൽ ഐസിയു കിടക്കകൾ വേണ്ടിവരുമെന്നത് സ്വാഭാവികമായ കാര്യമാണ്. രോഗികളെ കൊണ്ടുവന്നിട്ട് ഉപേക്ഷിക്കുന്ന സംഭവങ്ങളുമുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 77 രോഗികളാണ് ആരും ഏറ്റെടുക്കാതെയുള്ളത്. ആറുമാസമായി വാർഡിൽ കഴിയുന്ന ഒരാളുമുണ്ട്. ഇൗ സാഹചര്യത്തിൽ സാമൂഹ്യനീതിവകുപ്പിനെ അറിയിച്ച് കുറച്ചാളുകളെ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റുന്നുണ്ട്. ഇതിനായി സീനിയർ നഴ്സിങ് ഓഫീസർക്ക് ചുമതല നൽകി.
മെഡിക്കൽ കോളേജുകളിലെ തിരക്ക് പരിഗണിച്ച്, കഴിഞ്ഞദിവസം റഫറൽ പ്രോട്ടോകോൾ പുറത്തിറക്കിയിരുന്നു. പെരിഫറൽ ആശുപത്രികളിൽ പരമാവധി രോഗികളെ ഉൾക്കൊള്ളണം. അല്ലാതെ എല്ലാവരെയും മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യരുത്. 2016നുശേഷമാണ് ജില്ലാ ആശുപത്രികളിൽ കാത്ത് ലാബുകൾ സ്ഥാപിച്ചതെന്നും യുഡിഎഫ് കാലത്ത് ജനങ്ങൾക്ക് സ്വകാര്യ ആശുപത്രികളെ കൂടുതലായി ആശ്രയിക്കേണ്ടിവന്നെന്നും മന്ത്രി വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.









0 comments