അയാൾ കൊടുംക്രിമിനൽ

സി എ പ്രേമചന്ദ്രൻ
Published on Jul 26, 2025, 01:37 AM | 1 min read
തൃശൂർ
റിട്ട. എസ്ഐ കെ എ മുഹമ്മദ് അഷറഫിന്റെ മനസ്സിൽ ഇന്നുമുണ്ട് ഗോവിന്ദച്ചാമിയുടെ ക്രൂരമുഖം. ഷൊർണൂരിലെ പെൺകുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചുകൊന്ന കേസിൽ തെളിവുകളും രേഖകളും ഹാജരാക്കാൻ പ്രോസിക്യൂഷനെ സഹായിച്ച അഷ്‌റഫിന്റെ ഭാഷയിൽ ഗോവിന്ദച്ചാമി ‘കൊടുംക്രിമിനൽ’.
2011 ഫെബ്രുവരി ഒന്നിന് എറണാകുളം– ഷൊർണൂർ പാസഞ്ചർ ട്രെയിനിൽയാത്രചെയ്ത ഷൊർണൂർ സ്വദേശിയായ പെൺകുട്ടിയെയാണ് ഗോവിന്ദച്ചാമി ആക്രമിച്ചത്. ‘ ട്രെയിനിൽനിന്ന് തള്ളിയിട്ട് പെൺകുട്ടിയെ പാളത്തിലിട്ട് പീഡിപ്പിച്ചശേഷം പ്രതി രക്ഷപ്പെട്ടു. പൊലീസ് തെരച്ചിൽ നടത്തുന്നതിനിടെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ഡിവൈഎസ്പി സുനിൽകുമാർ പ്രതിയെ പിടികൂടി. എസ്പി പി ദിനേശന്റെ നിർദേശപ്രകാരം അന്നത്തെ ഡിവൈഎസ്പി പി രാധാകൃഷ്ണൻ, ചേലക്കര സിഐ കെ ശശിധരൻ എന്നിവർക്കൊപ്പം പാലക്കാട്ടെത്തി ഗോവിന്ദച്ചാമിയെ കണ്ടരംഗം ഇന്നും മറക്കാനാവില്ല’–- അന്വേഷകസംഘത്തിലുണ്ടായിരുന്ന അഷ്റഫ് പറഞ്ഞു.
‘‘കൊടുംക്രിമിനലാണ്. സ്ത്രീകളെ കണ്ടാൽ ഭ്രാന്താണ്. ചോദ്യം ചെയ്യലിനിടെ ‘പാൽപ്പായസം കണ്ടാൽ കഴിക്കാതിരിക്കുമോ’ എന്നായിരുന്നു ചോദ്യം. സാക്ഷി പറയാനെത്തിയ വനിത ഡോക്ടർ, പ്രതിയുടെ നോട്ടം കണ്ട് ഭീതിയിലായി. വിവിധ സംസ്ഥാനങ്ങളിൽ കേസുകളുണ്ട്. പലയിടത്തും പേരുകൾ മാറ്റിയാണ് നൽകിയത്. വിരലടയാള വിദഗ്ധരുടെ പരിശോധനയിലാണ് പെൺകുട്ടിയെ പീഡിപ്പിച്ചുകൊന്ന കേസിൽ പ്രതിയാണെന്ന് സ്ഥിരീകരിച്ചത്’–അഷ്‌റഫ് വിശദീകരിച്ചു.
സാക്ഷികളെയും ശാസ്ത്രീയ തെളിവുകളും കോടതിയിൽ കൃത്യമായി നിരത്തി. പരിശോധനയിൽ ലൈംഗിക പീഡനവും തെളിഞ്ഞു. ഇയാൾ പെൺകുട്ടിയുടെ ഫോൺ കവർന്നെടുത്ത് വിറ്റതും കണ്ടെത്തി. കേസ് രേഖകൾ തയ്യാറാക്കുന്നതിലും സുപ്രീംകോടതിവരെ ഹാജരാക്കി പ്രോസിക്യൂഷനെ സഹായിക്കുന്നതിലും പ്രധാനപങ്കുവഹിച്ചിരുന്നു അഷ്‌റഫ്.
കേസിൽ തൃശൂർ അതിവേഗ കോടതി പ്രതിക്ക് വധശിക്ഷയും വിധിച്ചു.
ഹൈക്കോടതി വധശിക്ഷ ശരിവച്ചെങ്കിലും സുപ്രീംകോടതി ജീവപര്യന്തമാക്കി.








0 comments