"സുവർണാവസരം' കാത്തവർക്ക്‌ നിരാശ

govinda chami
avatar
വിനോദ്‌ പായം

Published on Jul 26, 2025, 02:58 AM | 1 min read


കണ്ണൂർ

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിൽ ‘സുവർണാവസരം’ കൊതിച്ച യുഡിഎഫ്‌, ബിജെപി നേതാക്കൾ കടുത്ത നിരാശയിൽ. ജയിൽചാടി കൃത്യം ആറര മണിക്കൂറിനകം പൊലീസും നാട്ടുകാരുംചേർന്ന്‌ ഗോവിന്ദച്ചാമിയെ പിടികൂടിയതിൽ കേരളമാകെ ആശ്വാസംകൊള്ളുമ്പോഴാണിത്‌.


വാർത്ത പുറത്തറിഞ്ഞ നിമിഷംമുതൽ സർക്കാരിനെയും അഭ്യന്തരവകുപ്പിനെയും രൂക്ഷമായി വിമർശിച്ചും കളിയാക്കിയും ഒരേ കേന്ദ്രത്തിൽനിന്നുള്ള പോസ്‌റ്റുകളായിരുന്നു സമൂഹമാധ്യമങ്ങളിൽ നിറയെ. ‘പെൺകുട്ടികൾക്ക്‌ രക്ഷയില്ലാത്ത കേരളം, സ്‌ത്രീകൾ പുറത്തിറങ്ങരുത്‌, ഗോവിന്ദച്ചാമിയുടെ അതിക്രമം ഏതുസമയത്തുമുണ്ടാകും, അയാൾ കേരളംവിട്ടു, കൊല്ലപ്പെട്ട യുവതിയുടെ വീട്ടിൽ ഗോവിന്ദച്ചാമി എത്തും, സ്‌ത്രീകൾ പെപ്പർ സ്‌പ്രേ കരുതുക...’ എന്നിങ്ങനെ കേരളത്തിനെതിരെ വിദ്വേഷംപടർത്തുന്ന പോസ്‌റ്റുകളാണ്‌ കൂട്ടത്തോടെ പുറത്തിറങ്ങിയത്‌.


കണ്ണൂർ തളാപ്പിൽ ഡിസിസി ഓഫീസിന്‌ എതിർവശത്തെ മതിൽചാടിയാണ്‌ ഗോവിന്ദച്ചാമി പ്രധാന റോഡിൽനിന്ന്‌ രക്ഷപ്പെട്ടത്‌. ഈ സമയം, തദ്ദേശ തിരഞ്ഞെടുപ്പ്‌ വാർഡുവിഭജനത്തിനെതിരെ തലേന്നാൾ പ്രഖ്യാപിച്ച വാർത്താസമ്മേളനത്തിനായി കെപിസിസി പ്രസിഡന്റ്‌ സണ്ണി ജോസഫും സംഘവും ഡിസിസി ഓഫീസിലുണ്ടായിരുന്നു. ഗോവിന്ദച്ചാമിക്ക്‌ കണ്ണൂരിലെ സിപിഐ എം ഒത്താശചെയ്‌തു എന്ന രീതിയിലായി പിന്നീട്‌ ഇവരുടെ വാർത്താസമ്മേളനം. ഈ സമയത്തെല്ലാം പൊലീസിന്റെ നേതൃത്വത്തിൽ നാട്ടുകാരാകെ പുറത്ത്‌ തിരച്ചിലിലായിരുന്നു. തിരച്ചിലിൽ സഹകരിക്കാത്ത കോൺഗ്രസുകാരെല്ലം ഗോവിന്ദച്ചാമിയെ പിടിച്ചതറിഞ്ഞപ്പോൾ ഓടിയെത്തി ദൃശ്യമാധ്യമങ്ങൾക്കുമുന്നിൽ നിരന്ന്‌ അഭിമുഖംനൽകി. യൂത്ത്‌കോൺഗ്രസ്‌ നേതാവ്‌ റിജിൽ മാക്കുറ്റിയടക്കമുള്ളവർ, സിപിഐ എം അറിയാതെ ഇയാൾ ജയിൽചാടില്ലെന്ന്‌ ആവർത്തിച്ചു. പൊലീസ്‌ മികവിൽ തനിക്ക്‌ വിശ്വാസമുണ്ടെന്നും അയാൾ രക്ഷപ്പെടില്ലെന്നും കൊല്ലപ്പെട്ട യുവതിയുടെ അമ്മയുടെ അഭിമുഖവും ഇതേസമയം ദൃശ്യമാധ്യമങ്ങളിൽ വന്നു.


‘സുവർണാവസരം’ നഷ്ടപ്പെട്ടത്‌ തിരിച്ചറിഞ്ഞ ഡിസിസി ഓഫീസിലെ സംഘം സെൻട്രൽ ജയിലിലേക്ക്‌ മാർച്ച്‌ നടത്തി ആശ്വാസംകൊണ്ടു. സംഗതി പൊലിപ്പിക്കാൻ ചില ദൃശ്യമാധ്യമങ്ങളും ഒപ്പംകൂടി. വി ഡി സതീശനും ബിജെപി നേതാക്കളും പതിവുപോലെ കണ്ണൂരിലെ സിപിഐ എം നേതാക്കൾക്കെതിരെ വ്യാജപ്രസ്‌താവനയും തുടർന്നു.



deshabhimani section

Related News

View More
0 comments
Sort by

Home