print edition ഡിജിറ്റൽ സർവകലാശാലയിലെ ഇടപെടൽ: സർവകലാശാലകളെ ലക്ഷ്യമിട്ടുള്ള നീക്കം

തിരുവനന്തപുരം: ഡിജിറ്റൽ സർവകലാശാല ബോർഡ് യോഗത്തിന്റെ തീരുമാനങ്ങൾ നടപ്പാക്കുന്നത് തടഞ്ഞ ഗവർണറുടെ നടപടി സർവകലാശാലകളെ ലക്ഷ്യമിട്ടുള്ളത്. എംജി സർവകലാശാലയിൽ സംഘപരിവാർ അധ്യാപകനെ ഏകപക്ഷീയമായി താൽക്കാലിക വിസിയാക്കിയതിൽ പ്രതിഷേധം തുടരവെയാണ് ഡിജിറ്റൽ സർവകലാശാലയിലും അസ്വസ്ഥത സൃഷ്‌ടിക്കുന്നത്.
ബോർഡ് ഓഫ് ഗവേണേഴ്‌സ് ചെയർമാന്റെ കാലാവധി അവസാനിച്ചത് മറച്ചുവച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സർവകലാശാല അറിയിച്ചു. മെയ് 29ലെ ബോർഡ് ഓഫ് ഗവേണേഴ്‌സ് യോഗം ചേർന്നത് ചാൻസലറായ ഗവർണറുടെ അനുമതിയാണ്. യോഗത്തിന് നിശ്‌ചിത ക്വാറം ഉണ്ടായിരുന്നില്ലെന്നതും സ്ഥാനക്കയറ്റത്തിൽ തീരുമാനമെടുത്തെന്നതും വസ്‌തുതയല്ല. അനുമതി തേടിയ ഘട്ടത്തിൽത്തന്നെ യോഗശേഷം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടിരുന്നു.
ചെയർമാന് സർവകലാശാല നിയമനത്തിൽ കാലാവധി നിശ്ചയിച്ചിട്ടില്ല. വിവരസാങ്കേതിക മേഖലയിലെ വിഷയവിദഗ്‌ധർക്ക് മൂന്നു വർഷമാണ് കാലാവധി. ചെയർമാനും വിഷയവിദഗ്‌ധനാണെന്നും കാലാവധി ബാധകമാണെന്നുമാണ് വാദം. അങ്ങനെയെങ്കിൽ മൂന്നു വർഷ കാലാവധി അവസാനിച്ചാൽ രണ്ടു വർഷം കൂടി നീട്ടാൻ സർക്കാരിനാകും. ചെയർമാൻ കർണാടക സ്വദേശിയായ പ്രൊഫ. വിജയ് ചന്ദുവിന്റെ കാലാവധി നീട്ടിയില്ലെങ്കിലും വേറെ ആരെയും നിയമിച്ചില്ല. യോഗം ചട്ടവിരുദ്ധമാണെന്ന് ആരോപിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാന്പയിൻ കമ്മിറ്റിയാണ് ഗവർണർക്ക് പരാതി നൽകിയത്.










0 comments