print edition ഗവേഷക വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാരിന്റെ പുതുവത്സര സമ്മാനം; സിഎം റിസർച്ചർ സ്കോളർഷിപ് ആദ്യഗഡു വിതരണം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഗവേഷക വിദ്യാർഥികൾക്ക് സംസ്ഥാന സർക്കാരിന്റെ പുതുവത്സര സമ്മാനമായി സി എം റിസർച്ചർ സ്കോളർഷിപ്. ഒരു ഗവേഷക വിദ്യാർഥിക്ക് പ്രതിവർഷം 1,20,000 രൂപ വീതമാണ് പദ്ധതിയിലൂടെ നൽകുന്നത്.
മാസം 10,000 രൂപ വീതം മൂന്നുവർഷത്തേക്കായി 3,60,000 രൂപയാണ് സ്കോളര്‍ഷിപ്പ് പദ്ധതിയില്‍ നല്‍കുന്നതെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. 2025 ജനുവരിയിൽ പ്രവേശനം നേടിയ 143 ഗവേഷക വിദ്യാർഥികള്‍ക്ക് സ്കോളര്‍ഷിപ്പിന്റെ ആദ്യഗഡു വിതരണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സർവകലാശാലകളിലോ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലോ രജിസ്റ്റർ ചെയ്തിട്ടുള്ള റെഗുലർ/ഫുൾ ടൈം ഗവേഷകരാണ് സ്കോളർഷിപ്പിന്റെ ഗുണഭോക്താക്കള്‍.
ഒരു വർഷത്തേക്കുള്ള സ്കോളർഷിപ് തുക രണ്ട് ഗഡുക്കളായാണ് നൽകുക. ഒരു വർഷം പ്രവേശനം നേടുന്ന വിദ്യാർഥികളെ ജനുവരിയിൽ പ്രവേശനം നേടിയ ബാച്ചും ജൂലൈയിൽ പ്രവേശനം നേടിയ ബാച്ചും എന്നിങ്ങനെ രണ്ട് ബാച്ചായാണ് പരിഗണിക്കുക. നിലവില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ബാച്ച് വിദ്യാര്‍ഥികളുടെ ആദ്യഗഡുവായ 60,000 രൂപ വീതമുള്ള സ്‌കോളർഷിപ് ബുധനാഴ്ച നൽകുമെന്ന്- മന്ത്രി അറിയിച്ചു.
വഴുതക്കാട് സർക്കാർ വനിതാ കോളേജ് ഓഡിറ്റോറിയത്തിൽ വൈകിട്ട് മൂന്നിന് നടക്കുന്ന ചടങ്ങിൽ സ്കോളർഷിപ്പിന്റെ ആദ്യ ഗഡു മന്ത്രി ആര്‍ ബിന്ദു വിതരണം ചെയ്യും. കേന്ദ്ര-സംസ്ഥാന സർവകലാശാലകളുടെ സ്‌കോളർഷിപ്പുകളോ മറ്റു ഫെലോഷിപ്പുകളോ ലഭിക്കാത്തവരെയാണ് സി എം റിസര്‍ച്ചര്‍ സ്കോളര്‍ഷിപ്പിന് പരിഗണിക്കുന്നത്.










0 comments